ന്നര നൂറ്റാണ്ട് പഴക്കമുള്ള ബ്രൈമൂര്‍ പാലം സംരക്ഷണമില്ലാതെ നാശത്തില്‍

ഒകെ മുഹമ്മദ് റാഫി

പാലോട്: ആവശ്യത്തിന് സംരക്ഷണവും നവീകരണവുമില്ലാത്തതിനാല്‍ ഒന്നര നൂറ്റാണ്ട് പഴക്കമാര്‍ന്ന ബ്രൈമൂര്‍പാലം നശിക്കുന്നു. പാലത്തിന്റെ കൈവരികള്‍ പാടെ തകര്‍ന്നു. കാടുമൂടി പാലം പുറത്തുകാണാനാവുന്നില്ല. അടിസ്ഥാനത്തിന്റെ കല്ലുകെട്ടുകള്‍ പൊട്ടിപ്പൊളിഞ്ഞു. സൗകര്യ പ്രഥമായി യാത്രചെയ്യേണ്ട പാലത്തിന്റെ ഇരുവശങ്ങളും കാടുമൂടിക്കിടക്കുന്നതിനാല്‍ പാലം എവിടെയെന്നറിയാതെ പൊതുജനം നട്ടം തിരിയുന്നു. പാലോട് ബ്രൈമൂര്‍ റോഡിലെ ഏറ്റവും പ്രധാനപ്പെട്ട പാലമാണ് ബ്രൈമൂര്‍ പാലം. രണ്ട് സമാന്തര പാതകളെ കൂട്ടിയോജിപ്പിക്കുന്ന പാലത്തിനെ സംരക്ഷിക്കാന്‍ പൊതുമരാമത്തിന്റെ റോഡ് വിഭാഗത്തിനും താല്‍പ്പര്യമില്ല. ടൂറിസം വകുപ്പ് വേണമെങ്കില്‍ ചെയ്യട്ടേ എന്ന നിലപാടാണ് പൊതുമരാമത്തിന്. പുതുതായി സര്‍ക്കാര്‍ അനുവധിച്ച െ്രെബമൂര്‍ റോഡ് പാക്കേജിലാണ് ഇനി നാട്ടുകാരുടെ ഏക പ്രതീക്ഷ. ബ്രൈമൂറില്‍ തേയിലക്കാടുകള്‍ വെട്ടിപ്പിടിക്കാനെത്തിയ ജഫേഴ്‌സന്‍ സായിപ്പാണ് 1902ല്‍ ബ്രൈമൂര്‍പാലം പണികഴിപ്പിച്ചതെന്ന് കണക്കുകള്‍ കാണിക്കുന്നു. ഒറ്റയടിപാതയായിരുന്ന ബ്രൈമൂറില്‍ കൊട്ടാരം പണിയാനെത്തിയ ജഫേഴ്‌സന്‍ സായിപ്പിന് പാലം അനിവാര്യമായിരുന്നു. കുതുരപ്പാത്തിയില്‍ നിന്നും കാളവണ്ടിക്ക് ലോഡുമായി പോകുന്നതിനു നിര്‍മിച്ച പാലമാണ് പിന്നീട് ബ്രൈമൂര്‍ പാലമായി മാറിയത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി പാലത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അധികൃതര്‍ ഒന്നും ചെയ്തിട്ടില്ല. മങ്കയത്ത് ചെക്കു പോസ്റ്റിട്ട് ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുന്നതിനിടെ ഒരിക്കല്‍ പോലും പാലത്തിന്റെ  നവീകരണത്തെപ്പറ്റി അധികൃതര്‍ ചിന്തിച്ചില്ല. പാലത്തിന്റെ തകര്‍ച്ച തോട്ടം മേഖലയായ ബ്രൈമൂറും പെരിങ്ങമ്മലയും തമ്മിലുള്ള ഗതാഗതം തടസപ്പെടുത്തും. 23 വര്‍ഷം മുമ്പ് വെള്ളപ്പൊക്കത്തില്‍ മങ്കയത്ത് ഉരുള്‍പൊട്ടി 24 ലധികം വീട് ഒലിച്ചുപോയപ്പോഴും ബ്രൈമൂര്‍ പാലം തകര്‍ച്ചകളെ അതിജീവിച്ചു. ഇരുഭാഗങ്ങളിലേയും മണ്ണ് ഒലിച്ചുപോയെങ്കിലും പാലം പാലമായി അവിടെത്തന്നെ നിന്നു. നൂറ്റാണ്ട് പഴക്കമുള്ള പാലം അടിയന്തിരമായി പുതുക്കി പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

RELATED STORIES

Share it
Top