ന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ലെന്ന് ഹൈക്കോടതി

മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ലെന്ന് ഹൈക്കോടതി കൊച്ചി: സംസ്ഥാന മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്നും അതിനാല്‍ മുഖ്യമന്ത്രിയെ ചുമതല നിര്‍വഹിക്കുന്നതില്‍ നിന്ന് തടയണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. റവന്യൂ മന്ത്രിയുടെ തീരുമാനത്തിന് എതിരേ തോമസ് ചാണ്ടി സമര്‍പ്പിച്ച ഹരജിയില്‍ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന് ഹൈക്കോടതി കണ്ടെത്തിയെന്നും മന്ത്രിസഭാ യോഗത്തില്‍ നിന്ന് നാല് സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നതിനാല്‍ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്നും ചൂണ്ടിക്കാട്ടിയുള്ള ഹരജിയാണ് ആക്റ്റിങ് ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തള്ളിയത്. കേരള, കൊച്ചി സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍ എസ് ശശികുമാറാണ് ഹരജി സമര്‍പ്പിച്ചത്. മാര്‍ത്താണ്ഡം കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട ആലപ്പുഴ ജില്ലാ കലക്ടറുടെ റിപോര്‍ട്ടിനെതിരേ തോമസ് ചാണ്ടി സമര്‍പ്പിച്ച ഹരജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ലെന്ന് 36 പേജുള്ള ഉത്തരവ് നിരീക്ഷിക്കുന്നു. തോമസ് ചാണ്ടി സമര്‍പ്പിച്ച ഹരജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി തള്ളുക മാത്രമാണുണ്ടായതെന്നും കോടതി വ്യക്തമാക്കി. നവംബര്‍ 15ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടു നിന്നത് കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനമായി കാണാനാവില്ല. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നിയമസഭയോടാണ്. ഈ കൂട്ടുത്തരവാദിത്തം ഒരു മന്ത്രിയെ മന്ത്രിസഭാ തീരുമാനങ്ങളെ പരസ്യമായി വിമര്‍ശിക്കുന്നതില്‍ നിന്നും തള്ളിപ്പറയുന്നതില്‍ നിന്നും വിലക്കുന്നു. ചിലപ്പോള്‍ ഒരു മന്ത്രിയുടെ തീരുമാനത്തെയുമാവാം. സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നെങ്കിലും അവരില്ലാതിരുന്ന യോഗം എടുത്ത തീരുമാനങ്ങളെ പരസ്യമായി വിമര്‍ശിക്കുകയോ തള്ളിപ്പറയുകയോ ചെയ്തതായി ഹരജിക്കാരന്‍ പോലും പറയുന്നില്ല. മാറിനിന്ന മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്ത മന്ത്രിമാരുടെ നിലപാട് തന്നെയാണ് വിഷയങ്ങളില്‍ സ്വീകരിച്ചത്. മന്ത്രിസഭാ യോഗത്തില്‍ നിന്നു മാറി നിന്നു എന്നതിനെ കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനമായി കാണാനാവില്ല. ഒരു മന്ത്രിസഭ ഒറ്റക്കെട്ടായി നിലനില്‍ക്കുകയോ നശിക്കുകയോ ആണ് ചെയ്യുകയെന്നും കോടതി വ്യക്തമാക്കി. ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ മന്ത്രിസഭ, നിയമസഭ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ കോടതി വിധികള്‍ കൂടി പരിശോധിച്ചാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കൂട്ടുകക്ഷി ഭരണം ഇന്ത്യയടക്കം പല രാജ്യങ്ങളിലും നിലവിലുണ്ടെന്ന് കോടതി നിരീക്ഷിച്ചു. വ്യത്യസ്ത അഭിപ്രായമുള്ള പാര്‍ട്ടികള്‍ വിമര്‍ശനങ്ങ ള്‍ മാറ്റിവച്ച് പൊതു പ്ലാറ്റ്‌ഫോമില്‍ വന്ന് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് സര്‍ക്കാരുണ്ടാക്കുന്നു. ഇങ്ങനെ സര്‍ക്കാരുള്ളിടത്തും കൂട്ടുത്തരവാദിത്തമുണ്ട്. നിര്‍ണായക വിഷയങ്ങളി ല്‍ യോജിപ്പുള്ളതിനാല്‍ എതിരഭിപ്രായമുള്ള അംഗങ്ങളെ മന്ത്രിസഭയില്‍ നിലനിര്‍ത്തേണ്ട സാഹചര്യം ഉണ്ടായേക്കാം. അതിനാല്‍ അവിശ്വാസപ്രമേയത്തിലൂടെ മാത്രമേ കൂട്ടുത്തരവാദിത്തം ഉറപ്പാക്കാനാവൂ. മന്ത്രിക്കെതിരെയല്ല, മന്ത്രിസഭയ്ക്ക് എതിരെയാണ് അവിശ്വാസപ്രമേയം കൊണ്ടുവരാനാവൂ എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top