നോമ്പ്: ഫത്‌വകളെ സൂക്ഷിക്കുക

ഡോ. മുഹമ്മദ് അയ്യാശ് കുബൈസി
റമദാനെ സമീപിക്കുമ്പോ ള്‍ പതിവുപോലെ ചോദ്യങ്ങളും വിശദീകരണം തേടലുകളും ചര്‍ച്ചകളും ഉയര്‍ന്നുവരും. ചിലത് നോമ്പ് എന്ന ആരാധനയെപ്പറ്റി തന്നെയാവും. ആരാധനയുടെ വൃത്തത്തില്‍ നിന്നു പുറത്തു കടന്ന് വൈദ്യം, ഗോളശാസ്ത്രം തുടങ്ങിയ ശാസ്ത്രങ്ങളുമായി ഏറ്റുമുട്ടുന്നതായിരിക്കും മറ്റുചിലത്. അപ്പോള്‍ മതപണ്ഡിതന്‍ ഗോളശാസ്ത്രപരവും വൈദ്യശാസ്ത്രപരവുമായ വിഷയങ്ങളെക്കുറിച്ചു സംസാരിക്കുന്നത് കേള്‍ക്കാം. അതുപോലെ തന്നെ ഭിഷഗ്വരന്മാരും ഗോളശാസ്ത്രജ്ഞരും മുഫ്തിയുടെ ഭാഷയില്‍ സംസാരിക്കുന്നതും കേള്‍ക്കാം.
ഒരു സംഭവം ഞാനിവിടെ ഓര്‍ക്കുകയാണ്. മസ്ജിദുകളിലെ ഇമാമുമാരും പ്രഭാഷകരുമായ ചില സ്‌നേഹിതന്മാരുമായി ഗോളശാസ്ത്രത്തിന്റെ കൃത്യതയെ കുറിച്ചു ഞാന്‍ സംസാരിക്കുകയായിരുന്നു. സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവുമൊക്കെ എത്ര കൃത്യമായാണ് അവര്‍ പ്രവചിക്കുന്നത്. അങ്ങനെ കഴിഞ്ഞവര്‍ഷം ശഅ്ബാന്‍ മാസമായപ്പോള്‍ നമ്മുടെ നാട്ടിലെ ഗോള നിരീക്ഷണ കേന്ദ്രങ്ങള്‍ വ്യത്യസ്തങ്ങളായ അറിയിപ്പുകള്‍ ഇറക്കുകയായി. അതോടെ, ഗോളശാസ്ത്രത്തിന്റെ കൃത്യതയെക്കുറിച്ചുള്ള എന്റെ വിശ്വാസത്തെ ചോദ്യം ചെയ്തുകൊണ്ട് നേരത്തേ പറഞ്ഞ സ്‌നേഹിതന്മാര്‍ എനിക്കെതിരേ തിരിഞ്ഞു. ഈ ഗോളശാസ്ത്രജ്ഞന്മാരെ ഭിന്നിപ്പിച്ചത് നിരീക്ഷണാലയങ്ങളല്ല. അവരുടെ മതപരവും മദ്ഹബ്പരവുമായ ആഭിമുഖ്യങ്ങളായിരുന്നുവെന്ന് അറിയാതെയായിരുന്നു ഈ ആക്ഷേപം.
നാളെ റമദാനാണെന്നോ അല്ലെന്നോ ഉറപ്പിച്ചുപറഞ്ഞ ഗോളശാസ്ത്രകാരന്‍ സംസാരിച്ചത് ഒരു മതനിയമജ്ഞന്റെ അല്ലെങ്കില്‍ താന്‍ പിന്തുടരുന്ന ഗുരുവിന്റെ അഭിപ്രായത്തിലായിരുന്നു. ഞാന്‍ എന്റെ സ്‌നേഹിതന്മാരോട് പറഞ്ഞു: ഈ ഗോളശാസ്ത്രകാരന്മാരുടെ പ്രസ്താവനകള്‍ നിങ്ങള്‍ സൂക്ഷ്മതയോടെ വായിച്ചുനോക്കൂ. അവര്‍ ഗോളശാസ്ത്രാടിസ്ഥാനത്തിലുള്ള ചാന്ദ്രസ്ഥാനത്തിന്റെ നിമിഷത്തെക്കുറിച്ച് മിണ്ടുന്നേയില്ല. അതിലവര്‍ക്ക് അഭിപ്രായവ്യത്യാസവുമില്ല. കണ്ണ് കൊണ്ടു കാണുന്നതിനെക്കുറിച്ചാണ് അവര്‍ സംസാരിക്കുന്നത്. ഇത് ഫിഖ്ഹീ ചര്‍ച്ചകളാണ്. ഗോളശാസ്ത്ര ചര്‍ച്ചകളല്ല. ഏറ്റവും വിചിത്രമായ സംഗതി, ചക്രവാളത്തില്‍ ചന്ദ്രനില്ലെന്നു ഗോളശാസ്ത്രകാരന്‍മാര്‍ ഖണ്ഡിതമായി പറഞ്ഞിട്ടും ഒരു മതാധികാര കേന്ദ്രം ചന്ദ്രനെ നഗ്നദൃഷ്ടിയാല്‍ കണ്ടെന്നു പറഞ്ഞു റമദാന്‍ ആരംഭം പ്രഖ്യാപിച്ചതാണ്. അവരിലൊരാളോടു ഞാനിതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ ഒരു ശാസ്ത്ര വിദഗ്ധനെ സമീപിക്കാനാണ് അദ്ദേഹം പറഞ്ഞത്. ആ ശാസ്ത്രകാരനെ എനിക്കറിയാമായിരുന്നു. അയാളുടെ അറിവിന്റെ കൃത്യതയും എനിക്ക് ബോധ്യമുള്ളതാണ്.
അതേസമയം, അയാളുടെ മതബോധത്തിന്റെ തീവ്രതയും അതിന്റെ വൈകാരികതയും അറിയാം. ഇതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ അയാളുടെ പ്രതികരണം ഇതായിരുന്നു: ഗോളശാസ്ത്ര വീക്ഷണത്തില്‍ ഇന്ന് ചന്ദ്രോദയമുണ്ടാവുകയില്ല എന്നത് ശരിയാണ്. എന്നാല്‍, ഒരു മുസ്‌ലിം പിറ കണ്ട സ്ഥിതിക്ക് എനിക്കത് നിഷേധിക്കാന്‍ സാധ്യമല്ല. അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണല്ലോ. അതൊരുപക്ഷേ, ഒരു ദിവ്യാദ്ഭുതമാവാം. “അതെ, മതനിഷ്ഠ പുലര്‍ത്തുന്ന ഇത്തരം ശാസ്ത്രകാരന്മാരും ഭിഷഗ്വരന്മാരുമൊന്നും പരീക്ഷണാധിഷ്ഠിതമായ ശാസ്ത്ര ചര്‍ച്ചകളെ മതപരമായ സ്വന്തം ആഭിമുഖ്യങ്ങളില്‍ നിന്നു വേര്‍പെടുത്താന്‍ ശീലിക്കാത്തവരാണ്. അതിനാല്‍, ഇത്തരം വിഷയങ്ങളിലുള്ള അവരുടെ എഴുത്തുകളിലും അഭിപ്രായപ്രകടനങ്ങളിലും ജാഗ്രത പുലര്‍ത്തേണ്ടതാവശ്യമാണ്.
മതബോധമുള്ളവരുടെ മാത്രം പ്രശ്‌നമല്ല ഇത്. നാസ്തികതയിലും യുക്തിവാദത്തിലും മേനി നടിക്കുന്നവരും “നോമ്പിന്റെ ദോഷഫലങ്ങളെ’ കുറിച്ചു പേജുകള്‍ എഴുതിക്കൂട്ടിയതായി കാണാം. അതിന്റെ ശാസ്ത്രീയ തെളിവുകളാവശ്യപ്പെട്ടാല്‍ യാതൊരു വൈജ്ഞാനികാടിത്തറയുമില്ലാത്ത ഏതെങ്കിലും ആനുകാലികങ്ങളിലെ ലേഖനമായിരിക്കും അവര്‍ നിങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുക. ചിലപ്പോള്‍ അയാളെപ്പോലൊരാള്‍ തന്നെയായിരിക്കും അതെഴുതിയത്. സാധൂകരണത്തിന് ഉപായങ്ങളൊന്നും കിട്ടാതെ വരുമ്പോള്‍ ദിവസത്തില്‍ 20 മണിക്കൂര്‍ നീളുന്ന പകലുള്ള വടക്കന്‍ യൂറോപ്പിലെ അപൂര്‍വമായ അവസ്ഥകളെയായിരിക്കും ഇക്കൂട്ടര്‍ പിടികൂടാന്‍ ശ്രമിക്കുക.
അപ്പോള്‍ മതനിഷ്ഠയുള്ള ഭിഷഗ്വരന്‍ ആ പ്രദേശങ്ങളിലെ നോമ്പിന് എണ്ണമറ്റ ആരോഗ്യ ഫലങ്ങളുണ്ടെന്ന മറുപടിയുമായി മുന്നോട്ടുവരുന്നത് കാണാം. എന്നാല്‍, മതനിഷ്ഠയുള്ള ഈ ഭിഷഗ്വരനും മതനിഷേധിയായ ഭിഷഗ്വരനും രണ്ടുപേരും സംസാരിക്കുന്നത് കേവല വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലല്ല എന്നതാണ് യാഥാര്‍ഥ്യം. വൈജ്ഞാനിക സത്യസന്ധതയാണ് ഇവിടെ കളഞ്ഞുകുളിക്കപ്പെടുന്നത്. വിജ്ഞാനം അന്ധവിശ്വാസവും ഇച്ഛാനുസൃത അഭിപ്രായങ്ങളുമായി കലരുന്ന അവസ്ഥ. വിഭ്രാന്തരാവുന്ന പൊതുജനമാണ് ഇതിന്റെ ഇരകള്‍; ഫലം തികഞ്ഞ അരാജകത്വവും. വഴിതെറ്റിക്കുന്ന വിവരങ്ങള്‍ കൊണ്ടു സ്വന്തം മതാത്മകതയെയും ചിന്താഗതിയെയും സഹായിക്കാന്‍ ശ്രമിക്കുന്ന ഭിഷഗ്വരന്‍ സ്വന്തം മതത്തെയും വൈജ്ഞാനിക സത്യസന്ധതയെയും തന്നെയാണു വഞ്ചിക്കുന്നത്. അതുവഴി അയാള്‍ സമൂഹത്തെ ദ്രോഹിക്കുകയാണ്.

RELATED STORIES

Share it
Top