നോട്ട്ക്ഷാമം രൂക്ഷം; ഒരാഴ്ച വരെ തുടരുമെന്ന് ബാങ്കിങ് സെക്രട്ടറി

സിദ്ദീഖ് കാപ്പന്‍
ന്യൂഡല്‍ഹി: രാജ്യത്തെ പല സംസ്ഥാനങ്ങളിലും നോട്ട്ക്ഷാമം രൂക്ഷം. രാജ്യതലസ്ഥാനത്തെ മിക്കവാറും എടിഎമ്മുകള്‍ കാലിയായി കിടക്കുകയാണ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടക, ബിജെപി ഭരണത്തിലുള്ള രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍ എന്നിവയ്ക്കു പുറമെ ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലുമാണ് നോട്ട്ക്ഷാമം അതിരൂക്ഷമായിരിക്കുന്നത്. ഹൈദരാബാദ്, വാരണാസി നഗരങ്ങളില്‍ ഒരാഴ്ചയായി എടിഎമ്മുകള്‍ കാലിയാണെന്നാണ് റിപോര്‍ട്ടുകള്‍.
അതിനിടെ, കറന്‍സിക്ഷാമം അവലോകനം ചെയ്തുവെന്നും ആവശ്യത്തിലധികം വിനിമയം നടത്താനുള്ള കറന്‍സി രാജ്യത്തുണ്ടെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. അസാധാരണവും പെട്ടെന്നുണ്ടായതുമായ ഉപയോഗത്തിലെ വര്‍ധനയാണ് താല്‍ക്കാലികമായ നോട്ട്ക്ഷാമത്തിന് ഇടയാക്കിയത്. ഇത് ഉടന്‍ പരിഹരിക്കപ്പെടും - മന്ത്രി പറഞ്ഞു.
ഈ സാഹചര്യം നേരിടാന്‍ 500 രൂപാ നോട്ടിന്റെ അച്ചടി അഞ്ചിരട്ടി വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര കാര്‍ഗ് പറഞ്ഞു. സര്‍ക്കാരിന്റെ കൈവശം ആവശ്യമായ നോട്ടുകളുണ്ടെന്നും ഇന്ത്യന്‍ ബാങ്കുകള്‍ സാമ്പത്തിക ഭദ്രതയുള്ളതും സുരക്ഷിതവുമാണെന്നും കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി അവകാശപ്പെട്ടു. കഴിഞ്ഞ മൂന്നുമാസമായി രാജ്യത്ത് കറന്‍സിയുടെ ആവശ്യം അസാധാരണമായ തോതില്‍ വര്‍ധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2000 രൂപാ നോട്ടുകളുടെ അച്ചടി ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്നും 6.7 ലക്ഷം കോടി മൂല്യത്തിനുള്ള 2000 രൂപാ നോട്ടുകള്‍ നിലവില്‍ കമ്പോളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിലവിലെ നോട്ട്ക്ഷാമം അഞ്ചു മുതല്‍ ഏഴു ദിവസം വരെ തുടരുമെന്ന് കേന്ദ്ര ധനകാര്യ ബാങ്കിങ് സെക്രട്ടറി രാജീവ് കുമാര്‍ വ്യക്തമാക്കി. 85 ശതമാനത്തിലധികം എടിഎമ്മുകളും പ്രവര്‍ത്തനയോഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top