നോട്ടീസ് വിതരണത്തെച്ചൊല്ലി സെക്രേട്ടറിയറ്റില്‍ സംഘര്‍ഷം

തിരുവനന്തപുരം: നോട്ടീസ് വിതരണത്തെ ചൊല്ലി സെക്രട്ടേറിയറ്റിലെ ഭരണ-പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ തമ്മിലുണ്ടായ തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു. ഏറ്റുമുട്ടലില്‍ പരിക്കേറ്റ നിയമവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എം എസ് മോഹനചന്ദ്രനെയും അണ്ടര്‍ സെക്രട്ടറി ജി ഗിരീഷ്‌കുമാറിനെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിയമവകുപ്പിലെ നോഡല്‍ സെക്ഷനില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. പ്രതിപക്ഷ അനുകൂല സംഘടനയായ ലോ സെക്രട്ടേറിയറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം എസ് മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ നോട്ടീസ് വിതരണം നടത്തിയത്. നിയമവകുപ്പിലെ ക്രമപ്രകാരമല്ലാതുള്ള ട്രാന്‍സ്ഫറിനും പ്രമോഷനുമെതിരായും വ്യാജ നിയമബിരുദമുള്ള വ്യക്തി ജോലിയില്‍ തുടരുന്നത് പരാമര്‍ശിച്ചുമുള്ള നോട്ടീസാണ് വിതരണം ചെയ്തത്.
എന്നാല്‍, നോട്ടീസില്‍ തന്നെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശമുണ്ടെന്നു പറഞ്ഞ് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ നിയമവിഭാഗത്തിലെ കണ്‍വീനര്‍ ജി ഗിരീഷ്‌കുമാര്‍ നോട്ടീസ് വിതരണത്തെ എതിര്‍ത്തു. ഇരുവരും വാക്കേറ്റമായതോടെ എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് പി ഹണിയുടെ നേതൃത്വത്തില്‍ സംഘടനയിലെ കുറച്ച് അംഗങ്ങളും സ്ഥലത്തെത്തി. ഇതിനിടയില്‍ ഇരുവിഭാഗവും തമ്മില്‍ ഉന്തും തള്ളുമുണ്ടാവുകയും തുടര്‍ന്ന് സംഘട്ടനത്തിലേക്കു നീങ്ങുകയുമായിരുന്നു.
സാരമായി പരിക്കേറ്റ മോഹനചന്ദ്രനെയും ഗിരീഷ്‌കുമാറിനെയും ജില്ലാ ആശുപത്രി രണ്ടാം വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കന്റോണ്‍മെന്റ് പോലിസില്‍ രണ്ടുകൂട്ടരും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. സംഭവത്തെ തുടര്‍ന്ന് ലോ സെക്രട്ടേറിയറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി.

RELATED STORIES

Share it
Top