നോക്കുകൂലി നിര്‍മാര്‍ജനത്തിന് തൊഴിലാളി സംഘടനകള്‍ സഹകരിക്കും

കോഴിക്കോട്: മെയ് ഒന്ന് മുതല്‍ നോക്കുകൂലി പൂര്‍ണമായി ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ജില്ലയിലെ തൊഴിലാളി സംഘടനകളുടെ പൂര്‍ണ പിന്തുണ. ജില്ലാ കലക്ടര്‍ യു വി ജോസ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തൊഴിലാളി സംഘടനാ പ്രതിനിധികള്‍ പിന്തുണ അറിയിച്ചത്. ജില്ലയില്‍ നോക്കുകൂലി സംബന്ധമായി വലിയ പ്രശ്‌നങ്ങളില്ലെന്ന് യോഗം വിലയിരുത്തി.
തൊഴില്‍ വകുപ്പ്, പോലിസ് പ്രതിനിധി എന്നിവരുടെ സാന്നിധ്യത്തിലാണ് കലക്ടര്‍ അവലോകന യോഗം വിളിച്ചത്.നോക്കുകൂലി നിര്‍മാര്‍ജനം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിര്‍ദേശം നടപ്പാക്കാന്‍ തൊഴിലാളി യൂനിയന്‍ നേതാക്കളുടെ പൂര്‍ണ സഹകരണം കലക്ടര്‍ അഭ്യര്‍ഥിച്ചു. ഇത് സംബന്ധിച്ച നിയമം ദുരുപയോഗപ്പെടുത്തുന്നത് തടയണമെന്ന് സംഘടനകളുടെ ആവശ്യം സര്‍ക്കാരിനെ അറിയിക്കാമെന്ന് കലക്ടര്‍ ഉറപ്പു നല്‍കി.
യന്ത്രവല്‍ക്കരണത്തിന്റെ ഭാഗമായി ജോലി നഷ്ടമുണ്ടാവുന്ന സാഹചര്യത്തില്‍ നഷ്ടപരിഹാര വ്യവസ്ഥ വേണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാ ലേബര്‍ ഓഫിസര്‍ ബാബു കാനപ്പള്ളി, ക്രൈംസ് റിക്കാര്‍ഡ് ബ്യൂറോ ഡിവൈഎസ്പി സുബൈര്‍ തുടങ്ങിയവരും പങ്കെടുത്തു.

RELATED STORIES

Share it
Top