നോക്കുകൂലി ആവശ്യപ്പെട്ടു നിര്‍ത്തിവച്ച വാട്ടര്‍ടാങ്ക് നിര്‍മാണം ആരംഭിച്ചു

ബാലരാമപുരം: നോക്കുകുലി ആവശ്യപ്പെട്ട് നിര്‍ത്തിവച്ചിരുന്ന ഗ്രാമപ്പഞ്ചായത്തിലെ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന വാട്ടര്‍ടാങ്ക് നിര്‍മാണം പുനരാരംഭിച്ചു. ഗ്രാമപ്പഞ്ചായത്തിലെ 20 വാര്‍ഡുകളിലും കുടിവെള്ളം എത്തിക്കുന്നതിന്റെ ഭാഗമായി ഗ്രാമപ്പഞ്ചായത്തിലെ ഉയരംകൂടിയ പ്രദേശമായ വാണിഗര്‍ തെരുവില്‍ പഞ്ചായത്ത് വക എട്ട് സെന്റ് സ്ഥലത്താണ് രണ്ടരകോടി രൂപ മുടക്കി പടുകൂറ്റന്‍ ടാങ്ക് നിര്‍മിക്കുന്നത്.
കഴിഞ്ഞ ഒരു വര്‍ഷമായി നിര്‍മാണ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന ടാങ്കിന്റെ അവസാനഘട്ട പ്രവര്‍ത്തനത്തിലാണുള്ളത്. തുടക്കഘട്ടം മുതല്‍ തന്നെ അസംസ്‌കൃത സാമഗ്രികള്‍ക്ക് കയറ്റിറക്ക് കൂലിക്ക് പുറമെ ഇടക്കിടെ എത്തി പണം ആവശ്യപ്പെട്ട് എത്തുന്നതിനെതിരെയാണ് സബ് കോണ്‍ട്രാക്ടര്‍ ബാലരാമപുരം പോലിസിന് പരാതിനല്‍കിയിരുന്നത്. പ്രദേശത്തെ സിഐടിയു നേതാവാണ് ഇടക്കിടെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായി പറയുന്നത്. എന്നാല്‍ രാഷ്ട്രീയ ഇടപെടല്‍ മൂലം പോലിസ് പരാതി ലഭിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് എതിര്‍കക്ഷിക്കാരനെ വിളിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ച നടത്തിയത്.
എതിര്‍ കക്ഷിക്കാരന്റെ കൈയില്‍ നിന്ന്് ഇനി ആവര്‍ത്തിക്കില്ലെന്ന് എഴുതി വാങ്ങിയതിനെതുടര്‍ന്ന് ഇന്നലെ വീണ്ടും നിര്‍മാണം ആരംഭിച്ചു. ഒരാഴ്ചയായി നിര്‍ത്തിവച്ചിരുന്ന നിര്‍മാണമാണ് ഇന്നലെ പുനരാരംഭിച്ചത്. വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ പേരില്‍ പലരും എത്തി കരാറുകാരനില്‍ നിന്നു തുക കൈപ്പറ്റുന്നുവെന്ന് പരാതി നിലനില്‍ക്കുന്നതിനിടെയാണ് പുതിയ സംഭവം. പോലിസ് പൂര്‍ണസംരക്ഷണം നല്‍കുമെന്ന ഉറപ്പിലാണ് കഴിഞ്ഞദിവസം പണി പുനരാരംഭിച്ചത്.

RELATED STORIES

Share it
Top