നേര്യമംഗലം വനമേഖലയില്‍ നിന്ന് കടത്തിയത് ലക്ഷങ്ങളുടെ മരം

അടിമാലി: വനമേഖലയില്‍ നിന്ന് തടി വെട്ടിക്കടത്തിയ സംഭവത്തില്‍ എഴുപേര്‍ക്കെതിരെ വനംവകുപ്പ് കേസ് എടുത്തു. നേര്യമംഗലം വനമേഖലയില്‍ നിന്ന് വെട്ടിക്കടത്തിയത് ലക്ഷങ്ങളുടെ മരമാണ്. പഴംപിള്ളിച്ചാല്‍ സ്വദേശികളായ പാലത്തുങ്കല്‍ തോമസ്, ഓംബ്രയില്‍ ഫ്രാന്‍സിസ്, അമ്പാട്ട് പറമ്പില്‍ രാജു, വെളളനമറ്റത്തില്‍ ജയിംസ്, ഇറമ്പികുടി മത്തായി, മുതുവാന്‍ചിറയില്‍ ഏലിയാസ്, പാലത്തുങ്കല്‍ ജോയി എന്നിവര്‍ക്കെതിരെയാണ് നേര്യമംഗലം റേഞ്ച് ഓഫീസര്‍ അരുണ്‍ കെ. നായര്‍, വാളറ ഡെപ്യുട്ടി റേഞ്ച് ഓഫീസര്‍ ദിലീപ് ഖാന്‍ എന്നിവരുടെ നേത്യത്വത്തിലുളള വനപാലക സംഘം കേസ് എടുത്തത്. മരം വെട്ടാന്‍ ഉപയോഗിച്ച മെഷിന്‍ വാളുകള്‍, കോടാലി, വാക്കത്തി മുതലായ പണിയായുധങ്ങളും പിടിച്ചെടുത്തു. കഴിഞ്ഞ രണ്ട് ദിവസമായി പഴംപിള്ളിച്ചാല്‍ മേഖലയില്‍ നടന്ന പരിശോധനയില്‍ 40 മരങ്ങള്‍ വെട്ടിക്കടത്തിയതായി കണ്ടെത്തി. തുടര്‍ന്ന് ഭൂ ഉടമകളും തൊഴിലാൡകളും ഉള്‍പ്പെടെയുളളവര്‍ക്കെതിരെ കേസ് എടുത്തു. ഇവിടെ നിന്നു വെട്ടിയെടുത്ത ആഞ്ഞിലി, പ്ലാവ് മുതലായ മരങ്ങള്‍ ഇരുമ്പുപാലത്തിന് സമീപം റോഡുവക്കില്‍ ഇറക്കി. പിന്നീട് വാളറ സ്വദേശിയുടെ കൈവശമുളള പട്ടയവസ്തുവിലെ കട്ടിംഗ് പാസ് ഉപയോഗിച്ച് തടി കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കോതമംഗലം ഫ്‌ലയിങ് സ്‌ക്വാഡ് ഡിഎഫ്ഒ സാബി വര്‍ഗീസിന്റെ നേത്യത്വത്തിലുളള സംഘം തടിശേഖരം പിടികൂടിയത്. സംശയകരമായ സാഹചര്യത്തില്‍ 10 ലോഡ് തടി തലക്കോട് ചെക്ക് പോസ്റ്റുവഴി കടന്നുപോയത് സംബന്ധിച്ച അന്വേഷണമാണ് വന്‍ സംഘങ്ങള്‍ ഉള്‍പ്പെട്ട വനംകൊളള സംഘത്തെ കണ്ടെത്താന്‍ ഇടയാക്കിയത്. ഇതിനിടെ മെഴുകുംചാല്‍ റോഡുവക്കില്‍ കണ്ടെത്തിയ തടി സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനോ കേസ് എടുക്കുന്നതിനോ വനംവകുപ്പ് ജീവനക്കാര്‍ തയ്യാറായിട്ടില്ല. അടിമാലി റേഞ്ചിന്റെ ഭാഗമായ പ്രദേശത്താണ് ഈ തടികള്‍ കിടക്കുന്നതെന്ന ന്യായമാണ് നേര്യമംഗലം റേഞ്ച് അധികൃതര്‍ ഇതുസംബന്ധിച്ച് നല്‍കുന്ന വിശദീകരണം. വിഷയത്തില്‍ ഇടപ്പെട്ട ഫഌയിങ് സ്‌ക്വാഡ് ഡിഎഫ്ഒ ചൊവ്വാഴ്ച ഇവിടെ എത്തി തടി കസ്റ്റഡിയില്‍ എടുക്കാന്‍ കീഴ്ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ വനഭൂമിയില്‍ പരിശോധന നടത്താതെ കൈവശഭൂമിയില്‍ മാത്രം പരിശോധന നടത്തി കേസ് അട്ടിമറിക്കാന്‍ വാളറ സ്‌റ്റേഷന്‍ അധികൃതര്‍ ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്. മരങ്ങള്‍ കടത്താന്‍ ഉപയോഗിച്ച വാഹനങ്ങള്‍, വന്‍തോതില്‍ വാങ്ങിയ തടി സംഘത്തിലെ പ്രധാനികള്‍ എന്നിവരെ കണ്ടെത്താന്‍ റേഞ്ച് ഓഫിസറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ അടുത്ത ദിവസം നിയമിക്കും.

RELATED STORIES

Share it
Top