നേമത്ത് റെയില്‍വേ കോച്ച് ടെര്‍മിനലിന് 76 കോടി

ന്യൂഡല്‍ഹി: തിരുവനന്തപുരം നേമത്ത് റെയില്‍വേയുടെ കോച്ച് ടെര്‍മിനല്‍ സ്ഥാപിക്കുന്നതിന് 76 കോടി അനുവദിച്ചതായി എ സമ്പത്ത് എംപി അറിയിച്ചു. 26 ബോഗികള്‍ക്കുള്ള അഞ്ച് സ്റ്റേബ്ലിങ് ലൈനുകള്‍, 26 ബോഗികള്‍ക്കുള്ള ഷണ്ടിങ് നെക്ക്, 26 ബോഗി കാവിറ്റിയിലേക്ക് നിലവിലുള്ള പ്ലാറ്റ്‌ഫോം നീളം കൂട്ടല്‍, മെയിന്‍ പ്ലാറ്റ്‌ഫോമിനെ ഐലന്‍ഡ് പ്ലാറ്റ്‌ഫോമായി ഉയര്‍ത്തല്‍, എല്ലാ പ്ലാറ്റ്‌ഫോമുകളും സ്റ്റേഷന്‍ കെട്ടിടവും ബന്ധിപ്പിച്ച് ഫൂട്ട് ഓവര്‍ബ്രിഡ്ജ് എന്നിവയാണ് അനുവദിച്ചത്.
നേമത്ത് സ്റ്റേബ്ലിങ് ലൈനുകള്‍ വരുന്നതോടെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ രണ്ടു സ്റ്റേബ്ലിങ് ലൈനുകള്‍ക്ക് പകരമായി ഒരു പിറ്റ്‌ലൈന്‍ നിര്‍മിക്കും. സ്റ്റേഷന് പുറത്ത് വണ്ടികള്‍ കാത്തുകിടക്കേണ്ട സാഹചര്യം ഇല്ലാതാവും. ഭാവിയില്‍ നേമത്തു നിന്ന് സര്‍വീസ് തുടങ്ങാന്‍ കഴിയുമെന്നും സമ്പത്ത് പറഞ്ഞു. കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, കണിയാപുരം സ്റ്റേഷനുകള്‍ നവീകരിക്കാന്‍ അനുമതിയായിട്ടുണ്ട്. 2019 മാര്‍ച്ചോടെ ഇതു പൂര്‍ത്തിയാവും. വര്‍ക്കല സ്റ്റേഷനില്‍ ആറു പുതിയ പ്ലാറ്റ്‌ഫോം ഷെല്‍ട്ടറുകള്‍ (120 ലക്ഷം), ഫൂട്ട് ഓവര്‍ബ്രിഡ്ജ് (215 ലക്ഷം), പ്ലാറ്റ്‌ഫോം ഉയരം കൂട്ടല്‍ (144 ലക്ഷം) എന്നിവ അനുവദിച്ചു. കടക്കാവൂരില്‍ പ്ലാറ്റ്‌ഫോം ഉയര്‍ത്താനും ഷെല്‍ട്ടറുകള്‍ക്കുമായി 151 ലക്ഷവും അനുവദിച്ചു.
മുരുക്കുംപുഴയില്‍ രണ്ട് പ്ലാറ്റ്‌ഫോമുകളുടെ നീളവും പൊക്കവും കൂട്ടാന്‍ 98 ലക്ഷം അനുവദിച്ചു, ഫൂട്ട് ഓവര്‍ബ്രിഡ്ജിന് 142 ലക്ഷം അനുവദിക്കും. കണിയാപുരത്ത് പ്ലാറ്റ്‌ഫോം ഉയര്‍ത്താനും സൗകര്യം കൂട്ടാനും 80 ലക്ഷം അനുവദിച്ചതായും സമ്പത്ത് പറഞ്ഞു.

RELATED STORIES

Share it
Top