നേപ്പാള്‍ പ്രധാനമന്ത്രി രാജിവച്ചു ; ഷേര്‍ ബഹാദൂര്‍ ദ്യൂബ പുതിയ പ്രധാനമന്ത്രിയാവുംകാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ പ്രചണ്ഡ രാജിവച്ചു. നേപ്പാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഷേര്‍ ബഹാദൂര്‍ ദ്യൂബയുമായി തിരഞ്ഞെടുപ്പിന് മുമ്പുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് രാജി.ദ്യൂബയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായാല്‍ രാജിവയ്ക്കാമെന്ന് അധികാരമേല്‍ക്കുമ്പോള്‍തന്നെ പ്രചണ്ഡ ഉറപ്പ് നല്‍കിയിരുന്നു. ടെലിവിഷനിലൂടെയാണ് പ്രചണ്ഡ രാജി പ്രഖ്യാപിച്ചത്. ഉടന്‍ തന്നെ പ്രസിഡന്റ് ബിന്ധ്യാദേവി ബന്ദാരിക്ക് ഔദ്യോഗികമായി രാജിക്കത്ത് കൈമാറി. ദുബെ സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ പ്രചണ്ഡ കാവല്‍സര്‍ക്കാരിന്റെ തലവനായി തുടരും. നേപ്പാളിലെ പ്രധാന പ്രതിപക്ഷ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സഭ തുടര്‍ച്ചയായി തടസ്സപ്പെടുത്തുന്നതിനാലാണ് രാജി ടെലിവിഷനിലൂടെ രാജ്യത്തെ അറിയിച്ചതെന്ന് പ്രചണ്ഡ പറഞ്ഞു. തന്റെ ഒരു വര്‍ഷത്തില്‍ താഴെ മാത്രം നീണ്ട ഭരണകാലയളവില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയതായും 20 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഒരു പ്രാദേശിക, മതേതര സംവിധാനത്തെ രാജ്യത്ത് പുനസ്ഥാപിക്കാനായതായും പ്രചണ്ഡ പറഞ്ഞു. സ്ത്രീകളെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും  മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് നടപടികള്‍ സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top