നേപ്പാള്‍: ഔദ്യോഗിക പദവികളില്‍ ദലിത് പ്രാതിനിധ്യം നാമമാത്രം

കാഠ്മണ്ഡു: ഭരണഘടന 13 ശതമാനം സംവരണം ഉറപ്പുവരുത്തുന്നുണ്ടെങ്കിലും നേപ്പാളിലെ ഔദ്യോഗിക പദവികളില്‍ ദലിത് പ്രാതിനിധ്യം നാമമാത്രമാണെന്നു റിപോര്‍ട്ട്. വളരെ കുറഞ്ഞ ദലിത് രാഷ്ട്രീയ നേതാക്കള്‍ മാത്രമേ മുഖ്യ പദവികളില്‍ എത്തുന്നുള്ളൂ.പ്രാദേശിക തലങ്ങളില്‍ 751 സീറ്റുകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ആറു മേയര്‍മാരും നാലു മുനിസിപ്പാലിറ്റി മേധാവികളുമടക്കം 10 ദലിതുകള്‍ മാത്രമാണ് ഉന്നത പദവികളില്‍ എത്തിയതെന്നും ജാഗരണ്‍ മീഡിയാ സെന്റര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. 11 ദലിതര്‍ ഡെപ്യൂട്ടി മേയര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വൈസ് ചെയര്‍പേഴ്‌സണ്‍മാരായി 14 പേരും വാര്‍ഡ് ചീഫുമാരായി 194 പേരും വാര്‍ഡ് മെംബര്‍മാരായി 797 പേരുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ദലിതുകള്‍ക്കായി സംവരണം ചെയ്യപ്പെട്ട 6742 വാര്‍ഡ് സീറ്റുകളില്‍ 200 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. ദലിതുകളെ മല്‍സരിപ്പിക്കാന്‍ പാര്‍ട്ടികള്‍ വേണ്ടത്ര താല്‍പ്പര്യം കാണിക്കുന്നില്ലെന്നും ജെഎംസി ചെയര്‍പേഴ്‌സണ്‍ റീം ബിഷ്വകര്‍മ അഭിപ്രായപ്പെട്ടു.പ്രവിശ്യാ അസംബ്ലി തിരഞ്ഞെടുപ്പില്‍ നേപ്പാളി കോണ്‍ഗ്രസ് ഒരു സ്ഥാനാര്‍ഥിയെ മാത്രമാണ് മല്‍സരിപ്പിച്ചത്. പാര്‍ട്ടി കേന്ദ്ര വര്‍ക്കിങ് കമ്മിറ്റി അംഗമായിരുന്ന ജിപന്‍ പ്രിയറായിരുന്നു മല്‍സരിച്ചതെങ്കിലും അദ്ദേഹം പരാജയപ്പെട്ടു. ഇടതുപക്ഷ സഖ്യം മല്‍സരിപ്പിച്ച ഏഴു സ്ഥാനാര്‍ഥികളും വിജയിച്ചതായി റിപോര്‍ട്ടില്‍ പറയുന്നു. ആവശ്യത്തിനു സാമ്പത്തികമില്ലാത്തതും സാമൂഹിക സാഹചര്യങ്ങളുമാണ് ദലിതരുടെ പിന്നാക്കാവസ്ഥയ്ക്കു കാരണമെന്നു ദലിത് ആക്റ്റിവിസ്റ്റുകള്‍ പറഞ്ഞു. നേപ്പാളിലെ എല്ലാ പാര്‍ട്ടികളും ആര്യ വിഭാഗത്തില്‍പ്പെട്ട ഉന്നത ജാതിക്കാരുടെ നിയന്ത്രണത്തിലാണ്. ദലിത് നേതാക്കള്‍ക്ക് ഒരിക്കലും അവര്‍ക്ക് താല്‍പ്പര്യപ്പെടുന്ന മണ്ഡലങ്ങള്‍ ലഭിക്കാറില്ലെന്നും ഇവര്‍ പറയുന്നു.

RELATED STORIES

Share it
Top