നേപ്പാളില്‍ വിമാനം തകര്‍ന്ന് 50ലധികം മരണം

കാഠ്മണ്ഡു: ബംഗ്ലാദേശിലെ ധക്കയില്‍ നിന്ന് നേപ്പാളിലേക്കു പോയ യുഎസ്-ബംഗ്ലാ എയര്‍ലൈന്‍സ് വിമാനം തകര്‍ന്ന് 50ലധികം പേര്‍ കൊല്ലപ്പെട്ടു. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു യുജിബി 211 എന്ന വിമാനം അപകടത്തില്‍പ്പെട്ടത്. 67 യാത്രികരും 4 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. പ്രാദേശികസമയം ഉച്ചതിരിഞ്ഞ് 2.30ഓടെയായിരുന്നു അപകടം. എന്നാല്‍, 17 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്താനായെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ത്രിഭുവന്‍ വിമാനത്താവളത്തില്‍ ഇറങ്ങാനുള്ള ശ്രമത്തിനിടെ വിമാനം റണ്‍വേയില്‍ നിന്നു തെന്നിമാറി സമീപത്തെ ഫുട്‌ബോള്‍ മൈതാനത്ത് ഇടിച്ചിറങ്ങിയാണ് അപകടമുണ്ടായതെന്ന് വിമാനത്താവള വക്താവ് അറിയിച്ചു. ബംഗ്ലാദേശില്‍നിന്നുള്ള 32 പേരും നേപ്പാള്‍ സ്വദേശികളായ 33 പേരും ചൈന, മാലദ്വീപ് എന്നിവിടങ്ങളിലെ ഒരാള്‍ വീതവുമാണ് യാത്രികരായി ഉണ്ടായിരുന്നതെന്ന് യുഎസ്-ബംഗ്ലാ എയര്‍ലൈന്‍സ് അധികൃതരും പ്രതികരിച്ചു.
അതേസമയം, അപകടത്തില്‍പ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ പൂര്‍ണമായി ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ രക്ഷാപ്രവര്‍ത്തനത്തിനാണ് മുന്‍ഗണന. സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 28 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി കാഠ്മണ്ഡു പോലിസ് പ്രതികരിച്ചു. അപകടത്തെ തുടര്‍ന്ന് ത്രിഭുവന്‍ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്.

RELATED STORIES

Share it
Top