നേത്ര ചികിത്സയിലെ നെല്ലിക്കാട്ട് പാരമ്പര്യം

പിഎഎം ഹനീഫ്‌

നെല്ലിക്കാട്ട് മന നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ ആയുര്‍വ്വേദ ചികിത്സാരംഗത്ത് പ്രഗല്‍ഭരായിരുന്നു. ആയുര്‍വ്വേദ നേത്ര ചികിത്സ എന്നത് പ്രചുര പ്രചാരത്തിലായത് നെല്ലിക്കാട്ട് മനയിലെ ദീര്‍ഘദൃഷ്ടിയുള്ള വൈദ്യന്മാരുടെ ചികിത്സാ നൈപുണ്യം ഒന്നുകൊണ്ടു മാത്രമാണ്.
പറഞ്ഞു കേട്ടതില്‍ മുഖ്യം; ഒരു നേന്ത്രവാഴകൃഷിക്കാരനായ മുഹമ്മദ് എന്ന മൂവാറ്റുപുഴക്കാരനെക്കുറിച്ചാണ്. കണ്ണില്‍ അസഹ്യമായ നീരൊലിപ്പും പുകച്ചിലും. അക്കാലം കണ്ണാശുപത്രികളോ നേത്രരോഗ വിദഗ്ധരോ നാട്ടിലുണ്ടായിരുന്നില്ല. ഒരു വിളഞ്ഞ കായ്ക്കുലയുമായി മുഹമ്മദ് നെല്ലിക്കാട്ട് മനയിലെത്തി. പൂമുഖത്തിരുന്ന നമ്പൂതിരിവൈദ്യന്‍ നേന്ത്രക്കുലയും തോളിലേറ്റി വരുന്ന മനുഷ്യനോട് വിളിച്ചുപറഞ്ഞുവത്രെ :
'അവിടെ നില്‍ക്കുക. ഇല്ലത്തേക്ക് കടക്കണ വഴിയില്‍ നന്ത്യാര്‍വട്ടം പൂത്തുനില്‍ക്കുന്നു; നിലത്തുവീഴാതെ കുറച്ചു പറിച്ചെടുത്തോളൂ....


നേന്ത്രക്കുല താഴെവെച്ച് മുഹമ്മദ് പൂവ് ശേഖരിച്ചു. നമ്പൂതിരിയ്ക്കടുത്തെത്തി. അദ്ദേഹം ആ പൂക്കളും, ഇതളുകള്‍ വിടര്‍ത്തി മുഹമ്മദിന്റെ കണ്ണുകളിലുരസി എന്നാണ് ഐതിഹ്യം. അദ്ഭുതമായി രോഗിക്ക്. നന്ത്യാര്‍വട്ടം കൊണ്ട് ഉഴിഞ്ഞാല്‍ കണ്ണ് ദീനം മാറുമോ?
'ഇല്ല, നെല്ലിക്കാട്ട് മനയിലെ ധന്വന്തരിയുടെ ഗന്ധവും വേണം.
നേന്ത്രക്കുല സന്നിധിയില്‍ സമര്‍പ്പിച്ച് മുഹമ്മദ് മടങ്ങി. ജീവിതകാലത്തൊരിക്കലും അയാള്‍ക്ക് പിന്നെ കണ്ണ് ദീനം ഉണ്ടായിട്ടില്ല.
ഏറെക്കാലം പ്രൊഫഷണല്‍ നാടക വേദിയുമായി ജീവിച്ചിരുന്ന ഇതെഴുതുന്നയാള്‍ക്ക് കഠിന വെളിച്ചത്തില്‍ നാടക അരങ്ങില്‍ നില്‍ക്ക മൂലം കണ്ണില്‍ വല്ലാതെ പീള അടഞ്ഞു തുടങ്ങി. കൂത്താട്ടുകുളം ഭാഗത്ത് നാടകം ഉള്ള ദിവസം എന്‍പിപി നമ്പൂതിരിയെ കണ്ടു.  കണ്ണുകള്‍ വിടര്‍ത്തി നോക്കിയ അദ്ദേഹം എന്തോ മന്ത്രിക്കുന്നതു പോലെ തോന്നി. സഹായിയെ വിളിച്ച് എന്തോ മരുന്ന് കൊണ്ടുവരാന്‍ നിര്‍ദേശിച്ചു. നാല്‍പത്തഞ്ച് വര്‍ഷമായി എഴുത്തും വായനയും ശീലമാക്കിയ എനിക്ക് കണ്ണടയില്ലാതെയും എഴുതാം; വായിക്കാം.. നമ്പൂതിരിയുടെ കൈപ്പുണ്യമാണ് എന്നെ അനുഗൃഹിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു..
ആയുര്‍വ്വേദ നേത്ര ചികിത്സാ വിഭാഗത്തില്‍ 'ശാലാക്യതന്ത്ര'മെന്നാണ് പഴമക്കാരുടെയും വ്യുല്‍പത്തി ഉള്ളവരുടെയും ചൊല്ലിയാട്ടം. ശിരസും പിടയിലുമുള്‍പ്പെടെ ശാലാക്യതന്ത്രത്തില്‍ ചികിത്സ വിധിച്ചാല്‍ നേത്രരോഗം പമ്പകടക്കും. കാലത്തിന്റെ കുത്തൊഴുക്കില്‍ നെല്ലിക്കാട്ട് മന കണ്ണ് ചികിത്സ പരിഷ്‌കരിച്ചു. നേത്ര രോഗത്തിനുള്ള മരുന്നുകള്‍ ഇന്നും നെല്ലിക്കാട്ട് മനയ്ക്കു മാത്രം ഹൃദിസ്ഥം.
ആദ്യകാലത്ത് കണ്ണു ദീനവുമായി വരുന്നവരില്‍ നിന്ന് മനയിലുള്ളവര്‍ പ്രതിഫലം സ്വീകരിച്ചിരുന്നില്ല. മനയിലെ പ്രതിഷ്ഠയ്ക്ക് എന്തെങ്കിലും വഴിപാടാക്കുക.
കാലം പോയി. ശ്രീധരിയം എന്ന പേരില്‍ നാനാദിക്കില്‍ ബ്രാഞ്ചുകളും ആ വഴി ചികിത്സകരുടെ എണ്ണവും പെരുകി.
മധുര കണ്ണാശുപത്രിയ്ക്ക് പോലും കണ്ടുപിടിയ്ക്കാനാവാത്ത നേത്ര ദീനം നെല്ലിക്കാട്ടു മനയിലെ ആസ്ഥാന ദേവകളുടെ അനുഗൃഹ ഫലമായി ശ്രീധരീയം നമ്പൂതിരിമാര്‍ ചികിത്സിച്ചു ഭേദമാക്കിയതായി അനുഭവസ്ഥര്‍ പറയുന്നു.
എന്‍പിവി നമ്പൂതിരി വിട പറഞ്ഞു. പക്ഷെ; കാലം ശ്രീധരിയം എന്ന പേരില്‍ ഈ നേത്ര ചികിത്സാപാടവത്തെ പുകഴ്ത്തും. കാരണം; അത്രയേറെ നേത്ര രോഗികള്‍ക്ക് ശ്രീധരിയം നല്ല കാഴ്ചമാത്രം നല്‍കിയിരിക്കുന്നു.

RELATED STORIES

Share it
Top