നേതൃമാറ്റത്തിന്റെ പ്രതീകമായി ഖിബ്‌ല മാറ്റം

നൂഹ് നബിക്കു ശേഷം സാര്‍വലൗകിക പ്രവാചകത്വം ആദ്യമായി ഏല്‍പിക്കപ്പെട്ടത് ഇബ്‌റാഹീം നബിയിലായിരുന്നു. ഈ ദൗത്യനിര്‍വഹണത്തിന്റെ ഭാഗമായി മുഴുവന്‍ ജനങ്ങള്‍ക്കും നേതാവായി അല്ലാഹു ഇബ്‌റാഹീം നബിയെ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു. അദ്ദേഹത്തിനു ശേഷം അദ്ദേഹത്തിന്റെ പിന്‍മുറക്കാരില്‍ സച്ചരിതരായവര്‍ക്കും ഇതേ സ്ഥാനം നല്‍കപ്പെടുമെന്നും വാഗ്ദത്തം ചെയ്യപ്പെട്ടു.
ഇബ്‌റാഹീം നബിക്ക് ശേഷം ഈ ഉത്തരവാദിത്വം അര്‍പ്പിതമായത് പുത്രന്‍ ഇസ്ഹാഖിലും ശേഷം അദ്ദേഹത്തിന്റെ മകന്‍ യഅ്ഖൂബിലും അദ്ദേഹത്തിന്റെ സന്താന പരമ്പരയില്‍ അതായത്് ബനൂ ഇസ്‌റാഈല്യരിലുമായിരുന്നു. സുലൈമാന്‍ നബിയുടെ കാലത്ത് ബനൂ ഇസ്‌റായീല്യര്‍ക്ക് അല്ലാഹു അവരില്‍ അര്‍പ്പിതമായ ലോകനേതൃത്വത്തിന്റെ പ്രതീകമെന്നോണം ബൈത്തുല്‍ മുഖദ്ദിസിനെ അവരുടെ ഖിബലയായും കേന്ദ്രമായും നിശ്ചയിച്ചു കൊടുത്തു.
തദ്്ഫലമായി  ജൂതന്‍മാര്‍ തങ്ങള്‍ അല്ലാഹുവിന്റെ അടുത്ത ആളുകളാണെന്നും അവന്‍ ലോകനേതൃത്വം ഏല്‍പിച്ചിരിക്കുന്നത്് തങ്ങളെയാണെന്നും വീമ്പിളക്കികൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ഇബറാഹീം നബിയിലൂടെയും പുത്രന്‍ ഇസ്ഹാഖ് നബിയിലൂടെയും അവര്‍ക്കു കൈവന്ന ലോകനേതൃത്വത്തിനോ തങ്ങളുടെ പ്രവാചകന്‍മാര്‍ക്കവതീര്‍ണമായ വേദഗ്രന്ഥങ്ങള്‍ക്കോ അനുസൃതമായിരുന്നില്ല അവരുടെ ജീവിതം.

സാധാരണക്കാര്‍ മുതല്‍ പുരോഹിതന്‍മാര്‍ വരെ കടുത്ത ദൈവധിക്കാരമാണ് അനുവര്‍ത്തിച്ചിരുന്നത്.അതിനാല്‍ തന്നെ അല്ലാഹു ഏല്‍പിച്ച ലോകജനതക്കു സന്മാര്‍ഗ ദര്‍ശനം നല്‍കുക എന്ന ഉത്തരവാദിത്വത്തിനും സ്ഥാനത്തിനും തികച്ചും അയോഗ്യരായിത്തീര്‍ന്ന അവരില്‍ നിന്നും നേതൃത്വം ഇബറാഹീം നബിയുടെ തന്നെ പുത്രനായ ഇസ്മാഈല്‍  നബിയുടെ സന്താന പരമ്പരയില്‍ പെട്ട മുഹമ്മദ് നബിയേയും അദ്ദേഹത്തിനു കീഴില്‍ പുതുതായി രൂപീകൃതമായ മുസ്‌ലിം സമുദായത്തേയും ഏല്‍പിക്കുകയെന്നത്  ദൈവിക നീതിയുടെ താല്‍പര്യമായിരുന്നു. അതിന്റെ ഭാഗമായി ഇസ്‌റായീലീ ഖിബലയായിരുന്ന മസ്ജിദുല്‍ അഖ്‌സയില്‍ നിന്നും ഖിബ്‌ല ഇബറാഹീം നബിയും ഇസ്മാഈല്‍ നബിയും പടുത്തുയര്‍ത്തിയ, ലോകത്തിന്റെ മധ്യ ഭാഗത്തു സ്ഥ്തി് ചെയ്യുന്ന,ആദിമ ഖിബ്‌ലയായ കഅ്ബാലയം ഉള്‍കൊളളുന്ന മസ്ജിദുല്‍ ഹറാം ആയി നിശ്ചയിക്കപ്പെടുയെന്നത് സമയത്തിന്റെ മാത്രം പ്രശ്‌നമായിരുന്നു.

പ്രവാചകന് നുബൂവത്ത് ലഭിച്ച് അധികം വൈകാതെ തന്നെ  നമസ്‌കാരം അനുഷ്ഠിക്കാനുളള കല്പനയും ലഭിച്ചിരുന്നു.(അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ നിശ്ചയിക്കപ്പെട്ടത് പ്രവാചകന്റെ ആകാശ യാത്രയിലാണ്). മക്കയിലായിരിക്കെ അല്ലാഹുവിന്റെ കല്പന പ്രകാരം മസ്ജിദുല്‍ അഖ്‌സയിലേക്കു തിരിഞ്ഞാണു പ്രവാചകന്‍ നമസ്‌കരിച്ചിരുന്നത്.എന്നാല്‍ അങ്ങനെ നമസ്‌കരിക്കുമ്പോള്‍ മക്കയിലെ മസ്ജിദുല്‍ ഹറാമും മസ്ജിദുല്‍ അഖ്‌സായും ഒരേ ദിശയില്‍ വന്നിരുന്നു.പക്ഷേ ഹിജ്‌റക്കു ശേഷം മദീനയില്‍ വെച്ച് മസ്ജിദുല്‍ അഖ്‌സായിലേക്കു തിരിഞ്ഞു നമസ്‌കരിക്കുമ്പോള്‍ മസ്ജിദുല്‍ ഹറം( കഅ്ബ ഉള്‍ക്കൊളളുന്ന പളളി) എതിര്‍ ദിശയിലാണു വന്നിരുന്നത്. തനിക്ക് ഏറെ പ്രിയപ്പെട്ടതും ആദം നബിയും ഇബ്‌റാഹീം നബിയും ഉള്‍പ്പടെയുളളവര്‍ അഭിമുഖീരിച്ചിരുന്നതുമായ ഖിബലയിലേക്കു മുഖം തിരിക്കാന്‍ പ്രവാചകന്‍ അതിയായി ആഗ്രഹിച്ചിരുന്നു. അതിനായി അദ്ദേഹം അല്ലാഹുവിനോട് ആവര്‍ത്തിച്ചു പ്രാര്‍ത്ഥിച്ചു കൊണ്ടുമിരുന്നു.

പ്രവാചകന്‍ മദീനയിലെത്തിയിട്ട്  ഒന്നര വര്‍ഷം പിന്നിട്ട സമയം. ശഅ്ബാന്‍ മാസം 15 നു പ്രവാചകന്‍ മദീനയുടെ വടക്കു പടിഞ്ഞാറു ഭാഗത്തുളള ബനൂ സലമ ഗോത്രക്കാരിയായ ഉമ്മുബിശ്ര്‍ എന്ന സഹാബി വനിതയുടെ ഭവനത്തിലേക്ക് ഏതാനും അനുചരന്‍മാരോടൊപ്പം പുറപ്പെട്ടു. അവിടെയെത്തിയ പ്രവാചകന്‍ ഹുളര്‍ നമസ്‌കാര സമയമായപ്പോള്‍ ബനൂസലമ ഗോത്രത്തിന്റെ പളളിയില്‍ വെച്ച് നമസ്‌കാരത്തിനു നേതൃത്വം നല്‍കി. നമസ്‌കാരം രണ്ടു റക്അത്തു കഴിഞ്ഞപ്പോള്‍ ജിബരീല്‍ സമീപിച്ചു കൊണ്ട് മസ്ജിദുല്‍ ഹറാമിലേക്കു തിരിഞ്ഞു നമസ്‌കരിക്കാന്‍ അല്ലാഹുവിന്റെ കല്പനയുണ്ടെന്നറിയിച്ചു കൊണ്ടു  താഴെ പറയുന്ന ഖുര്‍ആന്‍ വാക്യങ്ങള്‍ ഓതികേള്‍പ്പിച്ചു. :

അല്ലയോ പ്രവാചകരേ, താങ്കളുടെ മുഖം ആകാശത്തേക്ക് ആവര്‍ത്തിച്ചുയരുന്നത് നാം കാണുന്നുണ്ട്.അതിനാല്‍ നാം താങ്കളെ താങ്കളിഷ്ടപ്പെടുന്ന ഖിബ്‌ലയുടെ ദിക്കിലേക്ക് തിരിക്കുകയാണ്. അതിനാല്‍ മസ്ജിദുല്‍ ഹറാമിന്റെ വശത്തേക്കു മുഖം തിരിക്കുക. ഇനി നിങ്ങള്‍ എവിടെ ആയിരുന്നാലും അതിന്റെ ഭാഗത്തേക്കു മുഖം തിരിഞ്ഞു നമസ്‌കരിക്കുക.

(വിശുദ്ധ ഖുര്‍ആന്‍ അധ്യായം 2 സൂറ:അല്‍ ബഖറ സൂക്തം 144)

ഖിബല മാറാനുളള കല്‍പന ലഭിച്ചപ്പോള്‍ തന്റെ ദീര്‍ഘ നാളത്തെ ആഗ്രഹവും പ്രാര്‍ത്ഥനയും സഫലമായ സന്തോഷത്തോടെ മസ്ജിദുല്‍ അഖ്‌സായിലേക്കു തിരിഞ്ഞു നമസ്‌കരിച്ചിരുന്ന പ്രവാചകന്‍ നമസ്‌കാരത്തില്‍ തന്നെ വടക്കു ഭാഗത്തു നിന്നു മസ്ജിദുല്‍ ഹറം സ്ഥിതി ചെയ്യുന്ന തെക്കു ഭാഗത്തേക്കു നടന്നു. ഖിബല മാറാനുളള കല്‍പന ലഭിച്ചിരിക്കുന്നു എന്നു മനസ്സിലാക്കിയ സഹാബികളും ഒരു നിമിഷം പോലും സംശയിച്ചു നില്‍ക്കാതെ  റസൂലിനൊപ്പം തിരിഞ്ഞു നടന്നു.

സ്ത്രീകള്‍ പുരുഷന്‍മാരുടെ ഭാഗത്തേക്കും പുരുഷന്‍മാര്‍ സ്ത്രീകളുടെ ഭാഗത്തേക്കും മാറി നടക്കേണ്ടി വന്നു. അങ്ങനെ മസ്ജിദുല്‍ ഹറാമിലേക്ക് തിരിഞ്ഞു കൊണ്ട് പ്രവാചകനും അനുയായികളും നമസ്‌കാരം പൂര്‍ത്തീകരിച്ചു. (ഒരേ നമസ്‌കാരത്തില്‍ രണ്ടു ഖിബലകളെ അഭിമുഖീകരിച്ച പളളി എന്ന അര്‍ത്ഥത്തില്‍ മസ്ജിദു ബനീസലമ പില്‍ക്കാലത്ത് മസ്ജിദു ഖിബലത്തൈന്‍ എന്നറിയപ്പെടാന്‍ തുടങ്ങി. മദീനയില്‍ മസ്ജിദുന്നബവിയില്‍ നിന്ന് ഏകദേശം അഞ്ചു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ പളളി ഇന്നും ധാരാളം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.)

ഖിബ്‌ല മാറ്റം ബഹുദൈവ വിശ്വാസികളും കപട വിശ്വാസികളും വന്‍ വിവാദമാക്കി. മുഹമ്മദ് ഒരു ദിവസം ഒരു ഖിബലയെ അഭിമുഖീകരിക്കുന്നു. അടുത്ത ദിവസം മറ്റൊരു ഖിബലയിലേക്കു തിരിയുന്നു. ഇക്കൂട്ടരുടെ അല്ലാഹു എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?അവര്‍ വിശ്വാസികളില്‍ ആശയകുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.
പ്രാദേശികതയുടെയും വംശീയതയുടെയും വക്താക്കള്‍ക്ക് അല്ലാഹു മറുപടി നല്‍കി.
മൂഢ ജനം തീര്‍ച്ചയായും പറയും:നമസ്‌കാരത്തില്‍ മുമ്പഭിമുഖീകരിച്ച ഖിബലയില്‍ നിന്ന് അവരെ പെട്ടെന്ന് തെറ്റിച്ചുകളഞ്ഞതെന്ത്? നബിയേ,അവരോടു പറയുക: കിഴക്കും പടിഞ്ഞാറുമെല്ലാം അല്ലാഹുവിന്റേതാകുന്നു. അല്ലാഹു ഇച്ഛിക്കുന്നവരെ അവന്‍ നേരായ മാര്‍ഗത്തിലേക്ക് നയിക്കുന്നു. ഇവ്വിധം നാം നിങ്ങളെ (മുസലിംകളെ) ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ലോകജനങ്ങള്‍ക്കു സാക്ഷികളാവുന്നതിനു വേണ്ടി:ദൈവദൂതന്‍ നിങ്ങള്‍ക്കു സാക്ഷിയാവാന്‍ വേണ്ടിയും.
മുമ്പ് നിങ്ങള്‍ തിരിഞ്ഞ ദിക്കിനെ നാം ഖിബലയാക്കി നിശ്ചയിച്ചത് ദൈവദൂതനെ പിന്തുടരുന്നവരേയും പിന്തിരിഞ്ഞു പോകുന്നവരെയും വേര്‍തിരിച്ചു കാണാന്‍ വേണ്ടി മാത്രമായിരുന്നു. അല്ലാഹു നേര്‍വഴിയിലാക്കിയവരൊഴിച്ച് മറ്റെല്ലാവര്‍ക്കും അത് (ഖിബ്‌ല മാറ്റം) വലിയൊരു പ്രയാസം തന്നെ ആയിത്തീര്‍ന്നിരിക്കുന്നു. അല്ലാഹു ഒരിക്കലും നിങ്ങളുടെ വിശ്വാസത്തെ പാഴാക്കിക്കളയുകയില്ല. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് അത്യധികം ദയയുളളവനുംകരുണാനിധിയുമാകുന്നു.
( അല്‍ ബഖറ സൂക്തം 142143)

ഖിബല മാറ്റം യഥാര്‍ത്ഥത്തില്‍ ചൊടിപ്പിച്ചത് ജൂതന്‍മാരെയായിരുന്നു. അവരുടെ ഇസ്രായേലീ അഹംബോധത്തിനേറ്റ ഒരടിയായിരുന്നു ഖിബല മാറ്റം. എന്നാല്‍ തങ്ങളുടെ വാദഗതികള്‍ക്ക് ഒരടിസ്ഥാനവുമില്ലെന്ന കാര്യം അവര്‍ക്കു തന്നെ നന്നായി അറിയാമായിരുന്നു. തങ്ങളുടെ ഖിബലയായ ബൈതുല്‍ മുഖദ്ദസ് സുലൈമാന്‍ നബി പണി കഴിക്കുന്നതിനും ആയിരത്തി മുന്നൂറു വര്‍ഷം മുമ്പ് പടുത്തുയര്‍ത്തപ്പെട്ടതും ആദ്യ ദിനം മുതല്‍ ഖിബലയായിരുന്നതും കഅ്ബാലയമായിരുന്നുവെന്നത് അവരിലെ കൊച്ചു കുട്ടികള്‍ക്കു പോലും അറിയാമായിരുന്നു.

അവരുടെ നിലപാടിനെ നിശിതമായി വിമര്‍ശിച്ചു ഖുര്‍ആന്‍ :
(ഖിബ്‌ല മാറ്റം സംബന്ധിച്ച ഈ വിധി) തങ്ങളുടെ റബ്ബിങ്കല്‍ നിന്നുളള സത്യമാണെന്ന് വേദം നല്‍കപ്പെട്ടിട്ടുളള ഈ ജനങ്ങള്‍ക്ക് നന്നായറിയാം. അവരീ ചെയ്തു കൊണ്ടിരിക്കുന്നതെന്താണോ, അതേക്കുറിച്ച് അല്ലാഹു അശ്രദ്ധനല്ല തന്നെ. താങ്കള്‍ ഈ വേദക്കാരുടെ മുമ്പില്‍ എന്തു ദൃഷ്ടാന്തം ഹാജരാക്കിയാലും അവര്‍ താങ്കളുടെ ഖിബലയെ പിന്‍പറ്റുകയെന്നതും സംഭവ്യമല്ല. അവരില്‍ ഒരു വിഭാഗം മറ്റുളളവരുടെ ഖിബല പിന്‍പറ്റാനും സന്നദ്ധരല്ല. ഈ വിവരം ലഭിച്ചതിനു ശേഷം അവരുടെ ഇച്ഛകളെ അനുധാവനം ചെയ്യുകയാണെങ്കില്‍, താങ്കള്‍ അധര്‍മ്മികളുടെ ഗണത്തില്‍ പെട്ടു പോയതു തന്നെ. നാം വേദം നല്‍കിയ ജനം (ഖിബലയായി നിശ്ചയിക്കപ്പെട്ട) ഈ സ്ഥാനം സ്വസന്താനങ്ങളെ അറിയുന്നതു പോലെ അറിയുന്നു. പക്ഷേ അവരിലൊരു വിഭാഗം അറിഞ്ഞു കൊണ്ടു തന്നെ സത്യം മറച്ചു വെക്കുകയാണ്.
(അല്‍ ബഖറ സൂക്തം 144146)
കൂട്ടത്തില്‍ അല്ലാഹുവിന്റെ കല്‍പന യഥാവിധി പാലിക്കുവാന്‍ പ്രവാചകനെയും അനുയായികളെയും ഉണര്‍ത്തുകയും ചെയ്യുന്നു:
ഇത് താങ്കളുടെ നാഥങ്കല്‍ നിന്നുളള ഖണ്ഡിതമായ ഒരു സത്യമാകുന്നു. അതിനാല്‍ അതേപ്പറ്റി താങ്കള്‍ ഒരിക്കലും സന്ദേഹിക്കാതിരിക്കുക.
ഓരോരുത്തര്‍ക്കും ഒരോ ദിശയുണ്ട്. അവര്‍ അതിലേക്കു തിരിയുന്നു. നിങ്ങള്‍ നന്മയുടെ ദിശയിലേക്കു മുന്നേറുവിന്‍. നിങ്ങള്‍ എവിടെയായിരുന്നാലും അല്ലാഹു നിങ്ങളെയെല്ലാം പ്രാപിക്കുന്നതാകുന്നു.അവന്റെ കഴിവിന്നതീതമായി യാതൊന്നുമില്ല. താങ്കള്‍ ഏതു വഴിക്കു സഞ്ചരിച്ചാലും (അവിടെ നിന്നു നമസ്‌കാരസമയത്ത്) മസ്ജിദുല്‍ഹറാമിനെ അഭിമുഖീകരിക്കുക. എന്തുകൊണ്ടെന്നാല്‍ അത് താങ്കളുടെ രക്ഷിതാവിന്റെ തികച്ചും ന്യായമായ തീരുമാനമാകുന്നു. അല്ലാഹു നിങ്ങളുടെ കര്‍മങ്ങളെക്കുറിച്ച് അശ്രദ്ധനല്ല. താങ്കള്‍ എവിടെ സഞ്ചരിച്ചാലും താങ്കളുടെ മുഖം  മസ്ജിദുല്‍ ഹറാമിന്റെ ദിക്കിലേക്കു തന്നെ തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും അതിന്റെ ദിക്കിലേക്കു തിരിഞ്ഞു നമസ്‌കരിക്കുക. അങ്ങനെ നിങ്ങള്‍ക്കെതിരില്‍ ജനത്തിന് ഒരു ന്യായവും ലഭിക്കാതിരിക്കട്ടെ. എന്നാല്‍ അവരിലെ അധര്‍മ കാരികള്‍  ഒരിക്കലും നാവടക്കുകയില്ല. അവരെ നിങ്ങള്‍ ഭയപ്പെടരുത്. എന്നെ ഭയപ്പെടുവിന്‍. ഇത് എന്റെ അനുഗ്രഹം നിങ്ങളില്‍ പൂര്‍ത്തീകരിക്കേണ്ടതിനാകുന്നു.എന്റെ ഈ വിധി പിന്തുടരുക വഴി നിങ്ങള്‍ക്കു സന്മാര്‍ഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യാം.

(അല്‍ ബഖറ സൂക്തം 147150)

RELATED STORIES

Share it
Top