നേതാജി: വ്യക്തമായ വിവരം എന്‍എഐ നല്‍കണം

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസ് മരിച്ചോ അതോ ജീവിച്ചിരിപ്പുണ്ടോ എന്ന് കൃത്യമായ മറുപടി നല്‍കാന്‍ കേന്ദ്ര വിവരാവകാശ കമ്മീഷ ന്‍ നാഷനല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യ(എന്‍എഐ)ക്ക് നിര്‍ദേശം നല്‍കി. നേതാജിയെ സംബന്ധിച്ച വ്യക്തമായ വിവരം നല്‍കണമെന്നാവശ്യപ്പെട്ട് അവധേഷ് കുമാര്‍ ചതുര്‍വേദിയാണ് പ്രധാനമന്ത്രിയുടെ ഓഫിസിന് വിവരാവകാശ ഹരജി സമര്‍പ്പിച്ചത്. ബോസിന്റെ ജന്മവാര്‍ഷികത്തിന് 2015 ലും 2016ലും പ്രധാനമന്ത്രി ഉപചാരമര്‍പ്പിച്ചത് എന്തുകൊണ്ടായിരുന്നുവെന്നും ഹരജിക്കാരന്‍ ചോദിച്ചിരുന്നു.
അപേക്ഷയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ചതുര്‍വേദി കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിച്ചത്. ബോസിന്റെ മരണവുമായി ബന്ധപ്പെട്ട് ആധികാരിക വിവരം തനിക്കു ലഭിച്ചില്ലെന്ന് അദ്ദേഹം കമ്മീഷനെ അറിയിച്ചു.
വിവരാവകാശ അപേക്ഷയില്‍ ഉന്നയിച്ച വിഷയം സാംസ്‌കാരികമന്ത്രാലയവുമായി ബന്ധപ്പെട്ടതാണെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചത്. നേതാജിയുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തുവിട്ടതാണെന്നും അവ സ്ഥിരമായി ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യക്ക് അയച്ചുവെന്നും പ്രധാനമന്ത്രിയുടെ ഓഫിസിലെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ചതുര്‍വേദിയെ അറിയിച്ചു.
ചതുര്‍വേദി സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ആര്‍ കെ മാത്തൂര്‍ 15 ദിവസത്തിനകം അപേക്ഷകന് കൃത്യമായ മറുപടി നല്‍കണമെന്ന് എന്‍എഐയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top