നേതാക്കള്‍ ജനാധിപത്യത്തില്‍ വിശ്വാസം നഷ്ടപ്പെടുത്തരുത്: ഉമ്മന്‍ചാണ്ടി

കോഴിക്കോട്: ജനാധിപത്യത്തില്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്ന പ്രവൃത്തികള്‍ രാഷ്ട്രീയ നേതാക്കളില്‍ നിന്നുണ്ടാവരുതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഗുജറാത്തി ഹാളില്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് സംഘടിപ്പിച്ച ഇ അഹമ്മദ് അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത നിലപാടിന് എതിരായ നേതാക്കളുടെ പ്രവൃത്തികള്‍ ജനാധിപത്യത്തിന്റെ ശക്തി ചോര്‍ത്തിക്കളയും. ബീഹാറില്‍ ഹിന്ദുത്വ ഫാഷിസത്തിനെതിരെ മതേതര വോട്ടുകള്‍ വാങ്ങി വിജയിച്ച നീതീഷ്‌കുമാറിന്റെ എന്‍ഡിഎയിലേക്കുള്ള ചുവടുമാറ്റം ജനാധിപത്യവിശ്വാസികളുടെ മനസുകളില്‍ വേദനയുണ്ടാക്കിയിട്ടുണ്ട്. ഇ അഹമ്മദിനെപ്പോലുള്ള നേതാക്കളുടെ രാഷ്ട്രീയ ജീവിതം തന്നെ മതേതര ജനാധിപത്യ സംരക്ഷണത്തിനായിരുന്നു.
കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്നപ്പോള്‍ അഹമ്മദ് രാജ്യത്തിനായി നടത്തിയ സേവനങ്ങള്‍ നിസ്തുലമാണ്. വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ ജനങ്ങളുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെ നിയമിക്കുന്നതില്‍ അഹമ്മദ് പ്രത്യേക താല്‍പര്യം കാണിച്ചിരുന്നുവെന്നും ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ച അനുസ്മരണ യോഗം മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ മതേതരത്വത്തിന്റെ കാവലാളായിരുന്നു അഹമ്മദ് എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരള നിയമസഭയില്‍ എംഎല്‍എ യും മന്ത്രിയുമെല്ലാമായിരുന്നപ്പോള്‍ അഹമ്മദുമായി അടുത്തിടപഴകാന്‍ അവസരം ലഭിച്ചിട്ടുണ്ടെന്നും നല്ലൊരു പാര്‍ലിമെന്റെറിയനായിരുന്നു അദ്ദേഹമെന്നും തുടര്‍ന്ന് സംസാരിച്ച കേരള കോണ്‍ഗ്രസ്(എം) നേതാവ് കെ എം മാണി അനുസ്മരിച്ചു.
അവസാന ശ്വാസംവരെ കര്‍മ്മനിരതനായിരുന്ന ഇ അഹമ്മദ് രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് മാതൃകയാക്കാവുന്ന നേതാവാണെന്നും ഡി ദേവരാജന്‍ പറഞ്ഞു. എംപി മാരായ എം കെ രാഘവന്‍, ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വബാബ്, എംഎല്‍എ മാരായ എം കെ മുനീര്‍, പി കെ ബഷീര്‍, കെ പി എ മജീദ്, സാദിഖലി ശിഹാബ് തങ്ങള്‍, റഈസ് അഹമ്മദ് സംസാരിച്ചു.

RELATED STORIES

Share it
Top