നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ്

തിരുവനന്തപുരം: പ്രവര്‍ത്തനരംഗത്ത് സജീവമല്ലാത്ത പാര്‍ട്ടി നേതാക്കള്‍ക്കെതിരേ കടുത്ത നടപടിയുണ്ടാവുമെന്ന മുന്നറിയിപ്പുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
പാര്‍ട്ടിക്ക് ഇനിമുതല്‍ അധികാര ദല്ലാളുകള്‍ ആവശ്യമില്ലെന്നും പ്രവര്‍ത്തിക്കാത്തവര്‍ പുറത്തുപോവേണ്ടിവരുമെന്നും മുല്ലപ്പള്ളി തിരുവനന്തപുരം ഡിസിസി യോഗത്തില്‍ തുറന്നടിച്ചു. ഇന്ധനവിലവര്‍ധനയില്‍ പ്രതിഷേധിച്ചു പാര്‍ട്ടി നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കാത്ത യുവ എംഎല്‍എമാര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസും നല്‍കി. എഐസിസി നിര്‍ദേശപ്രകാരമാണ് നടപടി.
നോട്ടീസ് ലഭിച്ച ശബരീനാഥ് എംഎല്‍എയെ വേദിയിലിരുത്തിയായിരുന്നു മുല്ലപ്പള്ളിയുടെ മുന്നറിയിപ്പുകള്‍. രണ്ടു പതിറ്റാണ്ടായി വിജയിച്ചുവരുന്ന നാവായിക്കുളം പഞ്ചായത്ത് വാര്‍ഡ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മുന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതില്‍ ഡിസിസി പ്രസിഡന്റിനോട് വിശദീകരണം തേടി. നിരവധി ജില്ലാ ഭാരവാഹികളുണ്ടെങ്കിലും അവരെല്ലാം മറ്റെവിടെയോ നിശ്ശബ്ദ സേവനത്തിലാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

RELATED STORIES

Share it
Top