നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ കേരളത്തില്‍ പ്രവേശിക്കാനുള്ള വിലക്ക് തുടരും

ന്യൂഡല്‍ഹി: കേരളത്തില്‍ പ്രവേശിക്കാന്‍ അനുമതി തേടി നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. ഷഹീര്‍ ഷൗക്കത്തലി കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയാണ് കൃഷ്ണദാസ് ഹരജി നല്‍കിയിരുന്നത്.
എന്നാല്‍, ഇത്തരം ആവശ്യങ്ങള്‍ അംഗീകരിക്കണമെങ്കില്‍ കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കേണ്ടിവരുമെന്നു ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ എന്‍ വി രമണ, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. സമാനമായ അപേക്ഷ നേരത്തേ നല്‍കിയപ്പോള്‍ കൃഷ്ണദാസിനെതിരേ കോടതിയലക്ഷ്യ നടപടി എടുക്കാതെ ഒഴിവാക്കിയതാണെന്നും കോടതി ഓര്‍മിപ്പിച്ചു. സുപ്രിംകോടതി ഉത്തരവുപ്രകാരം കൃഷ്ണദാസിന് കേരളത്തില്‍ പ്രവേശിക്കാന്‍ അനുമതിയില്ല. ജാമ്യത്തില്‍ തുടരുന്ന സമയത്ത് കോയമ്പത്തൂരിന് പുറത്തുപോവാന്‍ പാടില്ലെന്നാണ് കോടതിയുടെ ഉത്തരവ്. ഷഹീര്‍ ഷൗക്കത്തലി കേസില്‍ അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ കൃഷ്ണദാസിനോട് കോയമ്പത്തൂരില്‍ തുടരാന്‍ കഴിഞ്ഞ ആഗസ്തിലാണ് കോടതി നിര്‍ദേശിച്ചത്. പിന്നീട്, 2017 നവംബറിലും ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി കൃഷ്ണദാസ് കോടതിയെ സമീപിച്ചിരുന്നു. അന്ന് രൂക്ഷമായ വിമര്‍ശനം നടത്തിയ ജസ്റ്റിസ് രമണ, ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കാന്‍ വിസമ്മതിച്ചിരുന്നു. കൃഷ്ണദാസിനെ കോടതി കാട്ടിലേക്കല്ല കേരളത്തിന്റെ അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടിലേക്കാണ് അയച്ചതെന്നായിരുന്നു കോടതി അന്ന് പറഞ്ഞത്.

RELATED STORIES

Share it
Top