നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമഭേദഗതി ബില്ല് സഭ പാസാക്കി; കീറിയെറിഞ്ഞ് പ്രതിപക്ഷംതിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തിനിടെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമസഭേദഗതി ബില്ല് നിയമസഭ പാസാക്കി. സ്വകാര്യ ഭൂഉടമകളെ സംരക്ഷിക്കാനുള്ള നിയമമാണെന്ന് ആരോപിച്ച് ബില്ല് കീറിയെറിഞ്ഞ് പ്രതിപക്ഷം സഭയില്‍നിന്നും ഇറങ്ങിപ്പോയി. നെല്‍വയല്‍ തണ്ണീര്‍ത്തട സംഹാര നിയമമാണ് പാസാക്കുന്നതെന്നും സഭയുടെ ചരിത്രത്തിലെ കറുത്തദിനമാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.
മൂല നിയമത്തിന്റെ സത്തചോര്‍ന്നു, സ്വകാര്യ ഗ്രൂപ്പുകള്‍ക്കുവേണ്ടിയാണ് ഭേദഗതി കൊണ്ടുവരുന്നത്.  തുടങ്ങിയവയായിരുന്നു പ്രതിപക്ഷം ഉയര്‍ത്തിയ പ്രധാന ആരോപണങ്ങള്‍. മൂലനിയമത്തിന്റ അന്തസത്ത ചോര്‍ത്തിക്കളയുന്ന നിയമഭേദഗതി ആയതുകൊണ്ടാണ് വി എസ് അച്യുതാനന്ദന്‍ സഭയില്‍വരാത്തതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തുടര്‍ന്ന് ബില്ല് കീറിയെറിഞ്ഞുകൊണ്ടാണ് പ്രതിപക്ഷം സഭയില്‍നിന്നും ഇറങ്ങിപ്പോയത്. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് ബില്ല് പാസായത്. പ്രതിപക്ഷത്തിന്റെ നിലപാടിനോട് സഹാതാപമാണ് തോന്നുന്നതെന്നും സ്വയം പാപ്പരത്തം കാണിക്കുകയാണ് അവരെന്നും മുഖ്യമന്ത്രി. പ്രതിപക്ഷത്തിന്റെ അഭാവത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രതിപക്ഷം ഏതോ മോഹവലയത്തില്‍പെട്ടുകിടക്കുകയാണ്. സിപിഐ സിപിഎമ്മിന്റെ കെണിയില്‍വീണുവെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ സിപിഐ ഒരു കെണിയിലും വീണിട്ടില്ല. ഞങ്ങളെല്ലാം വീണത് ഒരേ കെണിയിലാണ്. അത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. ബില്ല് സ്വകാര്യ വ്യക്തികളെ സഹായിക്കാനല്ല. വികസനകാര്യങ്ങള്‍ക്കായാണ് പ്രധാനമായും ഭേദഗതി കൊണ്ടുവരുന്നത്. വികസനകാര്യങ്ങളില്‍ വെള്ളംചേര്‍ക്കുന്ന തങ്ങളുടെ അനുഭവം ഞങ്ങളില്‍ പ്രതീക്ഷിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബില്ല് പരിഗണിച്ചപ്പോള്‍ മുതല്‍ സഭയില്‍ ഭരണപ്രതിപക്ഷ തര്‍ക്കമായിരുന്നു. ബില്ലിന്റെ മൂന്നാംവായനയ്ക്കിടെയായിരുന്നു പ്രതിഷേധം കനത്തത്. കോടതി തള്ളിക്കളഞ്ഞ വ്യവസ്ഥകള്‍ ബില്ലിലുള്ളതിനാല്‍ നിയമമാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും വി ടി ബല്‍റാമും സ്പീക്കര്‍ക്ക് കത്തുനല്‍കി. 2008ന് മുമ്പുള്ള നികത്തലിന് ന്യായവിലയുടെ 50% പിഴ ഈടാക്കി ക്രമപ്പെടുത്തുന്ന ബില്ലിലെ 27 എ 3 വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് വി ഡി സതീശന്‍ തടസ്സവാദം ഉന്നയിച്ചു. കോടതിയിലെ കേസുകള്‍കൂടി പരിഗണിച്ചുവേണം ഭേദഗതിയെന്ന് വി ടി ബല്‍റാം ക്രമപ്രശ്‌നവും ഉന്നയിച്ചു. എന്നാല്‍ രണ്ടുവാദങ്ങളും നിലനില്‍ക്കില്ലെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ സഭയെ അറിയിച്ചു. ന്യായവിലയുടെ 50 ശതമാനം പിഴയായിട്ടല്ല, ഫീസായിട്ടാണ് ഈടാക്കുന്നതെന്നും ഇത് ഭരണഘടനാ വിരുദ്ധമല്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് റൂളിങ്ങിലൂടെ സ്പീക്കര്‍ തടസ്സവാദം തള്ളി. 1967ലെ ഭൂവിനിയോഗ നിയമം വരുന്നതിന് മുമ്പ് നികത്തിയ പാടങ്ങള്‍ ക്രമപ്പെടുത്താന്‍ നെല്‍വയല്‍ - തണ്ണീര്‍ത്തട നിയമം ഭേദഗതി വരുത്താനാണ് സര്‍ക്കാര്‍ നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചത്. 2018ലെ നെല്‍വയല്‍ - തണ്ണീര്‍ത്തട ഭേദഗതി നിയമത്തിലാണ് ഈ മാറ്റം ഉള്‍പ്പെടുത്തുക. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് 2008ലെ നിയമം ഭേദഗതി ചെയ്യുന്നത്. 1967ന് മുമ്പ് നികത്തിയതാണെന്ന് തെളിയിക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുതിയ നിയമത്തിലുണ്ടാവും. 2008ന് ശേഷം നികത്തിയതാണോ എന്ന് കണ്ടുപിടിക്കാന്‍ 2008ലെ ഉപഗ്രഹ ഭൂപടത്തെയാണ് ആശ്രയിച്ചിരുന്നത്. 1967ന് മുമ്പ് ഈ സൗകര്യം ഇല്ലാതിരുന്നതിനാല്‍ മരങ്ങളുടെ പ്രായം കണക്കാക്കി ഭൂമി നികത്തിയത് എന്നാണെന്ന് കണ്ടുപിടിക്കാനാണ് സാധ്യത. സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.

RELATED STORIES

Share it
Top