നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ഭേദഗതി ബില്ല് പിന്‍വലിക്കണം

തിരുവനന്തപുരം: നിയമസഭയില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച് സബ്ജക്റ്റ് കമ്മിറ്റിക്ക് അയച്ചിട്ടുള്ള നെല്‍വയല്‍ തണ്ണീര്‍ത്തട ഭേദഗതി ബില്ല് അടിയന്തരമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്തുനല്‍കി. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും ഭൂമാഫിയ്ക്കും കുത്തക മുതലാളിമാര്‍ക്കും യഥേഷ്ടം നികത്തിയെടുക്കുന്നതിന് അനുവാദം നല്‍കുന്നതിനുള്ള ഈ ഭേദഗതി കേരളത്തില്‍ അവശേഷിക്കുന്ന നെല്‍വയലുകളെ നശിപ്പിക്കുമെന്നും ഇതു സംസ്ഥാനം ഇന്നോളം കാണാത്ത വന്‍ അഴിമതി—ക്ക് വഴിയൊരുക്കുന്നതാണ് ബില്ലെന്നും രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി. 30 വകുപ്പുകളുള്ള മൂലനിയമത്തിലെ പ്രധാനപ്പെട്ട 11 വകുപ്പുകളും ഭേദഗതി ചെയ്യുകയാണ്. 2008ലെ മൂലനിയമത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ പാടെ അട്ടിമറിക്കുന്നതാണു ഭേദഗതികള്‍. നെല്‍വയല്‍ നികത്തുന്നതിന് പ്രാദേശികതല നിരീക്ഷണ സമിതിയുടെ അനുമതി ആവശ്യമായിരുന്നതുപോലും ഭേദഗതിയിലൂടെ എടുത്തുകളയുകയാണ്. പൊതു ആവശ്യങ്ങള്‍ക്ക് എന്ന പേരില്‍ സര്‍ക്കാരിന് മാത്രമല്ല സ്വകാര്യ ഗ്രൂപ്പുകള്‍ക്കും വയല്‍ നികത്താന്‍ അനുമതി നല്‍കുന്ന ഈ ഭേദഗതി ബില്ല് കേരളത്തിന്റെ പച്ചപ്പിനെ തന്നെ ഇല്ലാതാക്കുമെന്ന് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടുന്നു.  കേരളത്തിലെ വയലുകളും തണ്ണീര്‍ത്തടങ്ങളും കുത്തക മുതലാളിമാര്‍ക്ക് തീറെഴുതി വന്‍ അഴിമതിക്ക് കുടപിടിക്കുന്ന ഈ ബില്ല് എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top