നെല്‍വയല്‍- തണ്ണീര്‍ത്തട നിയമം അട്ടിമറിക്കരുത്: എഐടിയുസി

കോഴിക്കോട്: 2008ല്‍ കേരള നിയമസഭ പാസാക്കിയ നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം അട്ടിമറിക്കരുതെന്ന് കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ (എഐടിയുസി) സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നിയമത്തിന്റെ അന്തസ്സത്തയെ ഇല്ലാതാക്കുന്നതും വലിയ ആശങ്കകള്‍ ഉളവാക്കുന്നതുമാണ് ഇപ്പോഴത്തെ ഭേദഗതികള്‍. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പൊതു ആവശ്യങ്ങള്‍ക്കു നികത്താമെന്നത്. ഇത് അംഗീകരിച്ചാല്‍ ഏതെങ്കിലും വ്യക്തികള്‍ക്കും മറ്റും ആശുപത്രികളുടെയോ കോളജിന്റെയോ ഒക്കെ പേരില്‍ നിലംനികത്താനുള്ള സാഹചര്യം ഉണ്ടാവും. അതുകൊണ്ടുതന്നെ ഇത് സര്‍ക്കാര്‍ പൊതു ആവശ്യങ്ങള്‍ക്ക് എന്ന് ഭേദഗതി ചെയ്യണം. ഭൂരഹിതരായവര്‍ നിയമാനുസരണം അഞ്ച് സെന്റ് നികത്തുന്നതിന് അപേക്ഷ സമര്‍പ്പിച്ചാല്‍ അന്വേഷിച്ച് തീര്‍പ്പുകല്‍പ്പിക്കുന്നതിന് നിലവില്‍ പ്രാദേശികതലത്തില്‍ കൃഷി ഓഫിസര്‍ കണ്‍വീനറായി കമ്മിറ്റികള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇത്തരം കമ്മിറ്റികളെ ദുര്‍ബലപ്പെടുത്തി തീരുമാനം സംസ്ഥാനതലത്തിലുള്ള കമ്മിറ്റിക്കാക്കിയത് വലിയ സംശയം ജനിപ്പിക്കുന്നതാണ്. ഈ സാഹചര്യത്തില്‍ പ്രദേശികതലത്തില്‍ കര്‍ഷക-കര്‍ഷകത്തൊഴിലാളി സംഘടനാ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി കമ്മിറ്റി പുനസ്ഥാപിച്ചു നിലനിര്‍ത്തണം. 60 വയസ്സ് തികഞ്ഞ മുഴുവന്‍ കര്‍ഷകത്തൊഴിലാളികള്‍ക്കും യാതൊരുവിധ ഉപാധികളുമില്ലാതെ 3000 രൂപ പെന്‍ഷന്‍ നല്‍കണമെന്നും കുടിശ്ശികയായ ക്ഷേമനിധി ആനുകൂല്യങ്ങള്‍ ഉടന്‍ കൊടുത്തുതീര്‍ക്കണമെന്നും സമ്മേളനം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് വി എം ശിവരാമന്‍, ടി രമേശന്‍, എന്‍ കെ ഉദയകുമാര്‍, എ കെ സജിലാല്‍, ആനന്ദന്‍, പി ജി വിജയന്‍, കെ എം മത്തായി, പി കെ ചെല്ലക്കുട്ടി, പി കെ ദാമോദരന്‍, കുട്ടന്‍ അമ്മാത്ത് വളപ്പില്‍ കൃഷ്ണകുമാര്‍, കെ ഇന്ദുലാല്‍, സി വി വിജയരാജ് ചര്‍ച്ചയില്‍ പങ്കെടുത്തു. ബികെഎംയു ദേശീയ ജനറല്‍ സെക്രട്ടറി നാഗേന്ദ്രനാഥ് ഓജ, ദേശീയ പ്രസിഡന്റ് കെ ഇ ഇസ്മായില്‍, എ കെ ചന്ദ്രന്‍, പി കെ കൃഷ്ണന്‍, കെ ഇ ഹനീഫ, എം നാരായണന്‍, എന്‍ രാജന്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി എ കെ ചന്ദ്രന്‍ (പ്രസിഡന്റ്), പി കെ കൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top