നെല്‍വയലുകള്‍ക്ക് മരണമണി

രമേശ്  ചെന്നിത്തല - പ്രതിപക്ഷ  നേതാവ്
ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരിന് കേരളത്തെ അര്‍ഹമാക്കുന്നത് പച്ചപ്പും ജലസൗഭാഗ്യവുമാണ്. ഭൂഗര്‍ഭജലനിരപ്പ് കേരളത്തില്‍ വന്‍തോതില്‍ കുറയുന്നു എന്ന വാര്‍ത്ത ചങ്കിടിപ്പോടെയാണ് നാം കേട്ടത്. ഭൂഗര്‍ഭജലം സംരക്ഷിക്കുന്ന രണ്ടു പ്രധാന സംഭരണികളാണ് നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും. ഇവയുടെ മരണമണിയാണ് തണ്ണീര്‍ത്തട സംരക്ഷണ നിയമ ഭേദഗതിയിലൂടെ നിയമസഭയില്‍ ഉയര്‍ന്നത്.
1970ല്‍ കേരളത്തില്‍ ഉണ്ടായിരുന്ന 8.75 ലക്ഷം ഹെക്ടര്‍ നെല്‍പ്പാടങ്ങളില്‍ മുക്കാല്‍ ഭാഗത്തിലധികവും നികത്തിക്കഴിഞ്ഞ സാഹചര്യത്തിലാണ്  2008ല്‍ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം കൊണ്ടുവന്നത്. സംസ്ഥാനത്തിന്റെ ഭൂവിസ്തൃതിയില്‍ പാടശേഖരങ്ങളും തണ്ണീര്‍ത്തടങ്ങളും അഞ്ചു ശതമാനമായി അവശേഷിക്കുന്ന കാലത്താണ് പിണറായി സര്‍ക്കാര്‍ ശവപ്പെട്ടിയില്‍ അവസാന ആണിയും അടിച്ചുകൊണ്ട് ഭേദഗതികള്‍ പാസാക്കിയെടുത്തത്. ഭൂസ്വാമിമാര്‍ക്കു വേണ്ടി കേരളത്തിന്റെ പച്ചപ്പ് വിറ്റുതുലയ്ക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്.
നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും വ്യാപകമായി പരിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന രീതിയിലേക്ക് നിയമത്തിന്റെ അലകും പിടിയും മാറ്റിപ്പണിയുകയാണ് സര്‍ക്കാര്‍ ചെയ്തത്. പ്രകൃതിയില്‍ നാം ഏല്‍പിക്കുന്ന പരിക്കുകള്‍ പതിന്മടങ്ങ് ശക്തിയോടെ തിരിച്ചുകിട്ടിക്കൊണ്ടിരിക്കുന്ന കാലത്താണ് വന്‍ പാരിസ്ഥിതിക ദുരന്തത്തിനു കളമൊരുക്കിയിരിക്കുന്നത്. നെല്‍വയല്‍ നികത്തുമ്പോള്‍ അരിയുല്‍പാദനം ഇടിയുക മാത്രമല്ല, ജലസുരക്ഷയും തൊഴില്‍സുരക്ഷയും ഇല്ലാതാക്കുകയുമാണ് ചെയ്യുന്നത്.
2008ലെ നിയമത്തില്‍ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും കൃത്യമായി നിര്‍വചിക്കുകയും അവയെ പരിവര്‍ത്തനം ചെയ്യുന്നത് തടയാനുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഭേദഗതിയില്‍ 'വിജ്ഞാപനം ചെയ്യാത്ത ഭൂമി' എന്നൊരു പുതിയ വര്‍ഗീകരണം നിര്‍മിക്കുകവഴി വളഞ്ഞ വഴിയിലൂടെ നെല്‍പ്പാടങ്ങള്‍ നികത്തിയെടുക്കാനുള്ള ഒത്താശ ചെയ്തുനല്‍കുകയാണ് സര്‍ക്കാര്‍.
'വിജ്ഞാപനം ചെയ്യാത്ത' എന്ന പ്രശ്‌നം ഒഴിവാക്കാനുള്ള ലളിതമായ പോംവഴി വിജ്ഞാപനം ചെയ്യുക എന്നതു മാത്രമാണ്. അധികാരത്തിലെത്തി ആറു മാസത്തിനുള്ളില്‍ ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിച്ച് പ്രശ്‌നം പരിഹരിക്കുമെന്നാണ് ഇടതു മുന്നണി ഉറപ്പുനല്‍കിയിരുന്നത്. പ്രകടനപത്രികയില്‍ അത് പ്രഖ്യാപിക്കുകയും ചെയ്തു. ഡാറ്റ പ്രസിദ്ധീകരണത്തിനു ഭൂരിപക്ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും തയ്യാറായെന്ന് സര്‍ക്കാര്‍ അറിയിക്കുമ്പോള്‍ തന്നെ നിരവധി തെറ്റുകള്‍ സംഭവിച്ചതിനെക്കുറിച്ച് മൗനം പാലിക്കുകയാണ്.
പൊതു ആവശ്യത്തിനു പരിവര്‍ത്തനം ചെയ്യാന്‍ അനുവദിക്കുന്നതു സംബന്ധിച്ച് 2008ലെ നിയമത്തില്‍ നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിലൊന്നായിരുന്നു 'പ്രാദേശിക നിരീക്ഷക സമിതിക്ക് ശുപാര്‍ശ ചെയ്യാനുള്ള അധികാരം.' ഈ അധികാരം കേവലം 'റിപോര്‍ട്ട് ചെയ്യാനുള്ള അധികാരം' മാത്രമായി ഭേദഗതിയിലൂടെ പരിമിതപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. നികത്തിയ ഭൂമി ക്രമപ്പെടുത്തുന്നതിനുള്ള പ്രാദേശിക ഭരണകൂടത്തിന്റെ അധികാരം എടുത്തുകളയുന്നത് ഭൂമാഫിയക്ക് കടന്നുകയറ്റത്തിനുള്ള ലൈസന്‍സ് നല്‍കലാണ്.
'പരിവര്‍ത്തനം ചെയ്യുമ്പോള്‍ സംഭവിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഗണിക്കണ'മെന്ന വ്യവസ്ഥയും ഒഴിവാക്കി. തണ്ണീര്‍ത്തടങ്ങള്‍ പാടേ നികത്തി പണിതുയര്‍ത്തിയ ചെന്നൈ നഗരത്തില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ മറന്നുപോകരുത്. ഈ വ്യവസ്ഥകളെ ലഘൂകരിച്ചതോടെ നിയമത്തിന്റെ പല്ലും നഖവും തല്ലിക്കൊഴിച്ചു. പൊതു ആവശ്യം എന്തെന്നു വ്യക്തമാക്കാതിരിക്കുന്നതുവഴി പാടം നികത്തിയെടുക്കാന്‍  ഭൂമാഫിയക്ക് വാതില്‍ തുറന്നിടുകയാണ് ചെയ്യുന്നത്. 'പൊതു ആവശ്യം' എന്നതിനു പകരം 'സര്‍ക്കാര്‍ പദ്ധതികള്‍ക്കായി നികത്താം' എന്ന ഭേദഗതി സിപിഐ അംഗങ്ങള്‍ കൊണ്ടുവന്നപ്പോള്‍ കേരളം ഏറെ പ്രതീക്ഷിച്ചു. എന്നാല്‍, ഈ ആശ്വാസത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. വോട്ടെടുപ്പ് നടത്തിയപ്പോള്‍ കാലുമാറി അവര്‍ കേരളത്തെ വഞ്ചിച്ചു.
കുറ്റകൃത്യത്തില്‍ പങ്കില്ലെങ്കില്‍ പോലും അതിനെക്കുറിച്ച് അറിവുണ്ടായിരുന്നിട്ടും വിവരം അധികൃതരില്‍ നിന്നു മറച്ചുവയ്ക്കുന്നവര്‍ക്കെതിരേ പോലും നിയമ നടപടി എടുക്കാവുന്ന രാജ്യമാണ് നമ്മുടേത്. എന്നാല്‍, വയല്‍ നികത്തുന്നത് കണ്ടുനില്‍ക്കാന്‍ മാത്രമേ ഇനി പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും കഴിയൂ. തിരുവനന്തപുരത്ത് താമസിക്കുന്ന കവയിത്രി സുഗതകുമാരിയും എറണാകുളം ജില്ലയില്‍ താമസക്കാരനായ സാമൂഹിക പ്രവര്‍ത്തകന്‍ എം കെ പ്രസാദുമൊക്കെയാണ് സൈലന്റ് വാലിയില്‍ അണക്കെട്ടിനെതിരേ സമരം ചെയ്യാന്‍ എത്തിയത്. 'സങ്കടം അനുഭവിക്കുന്നവര്‍ മാത്രം പരാതിയുമായി വന്നാല്‍ മതി'യെന്ന പുതിയ വ്യവസ്ഥ ലക്ഷണമൊത്ത ഫാഷിസമാണ്.
ഭാവിയില്‍ ഉണ്ടാകാനിടയുള്ള നിയമപോരാട്ടത്തെ കൂടി ഒരുമുഴം മുമ്പേ എറിഞ്ഞ് ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇരയാകുന്നവര്‍ പരാതി നല്‍കണമെങ്കില്‍ പോലും 500 രൂപ കെട്ടിവയ്‌ക്കേണ്ടിവരുന്നു. പത്തു രൂപ അടച്ചാല്‍ വിവരാവകാശ പ്രകാരം അപേക്ഷ നല്‍കാവുന്ന നാട്ടിലാണ് അമ്പതിരട്ടി തുക അടച്ചു പരാതി നല്‍കേണ്ടിവരുന്നത്.
ജലസമ്പന്നമാണ് നമ്മുടെ സംസ്ഥാനമെങ്കിലും കുടിവെള്ളക്ഷാമം മൂലം പലപ്പോഴും വിഷമിക്കാറുണ്ട്. മികച്ച ജലസംഭരണിയായി പ്രവര്‍ത്തിക്കുന്നതാണ് പാടങ്ങളും തണ്ണീര്‍ത്തടങ്ങളും. നെല്‍കൃഷി വര്‍ധിച്ചുവെന്ന് പരസ്യങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും നെല്‍കൃഷി ചെയ്യുന്ന പാടങ്ങളുടെ തോതും ഉല്‍പാദനവും ഉല്‍പാദനക്ഷമതയും കുത്തനെ ഇടിയുന്നുവെന്നാണ് സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നത്. ഇതെല്ലാം അവഗണിച്ച് പരിസ്ഥിതിയെ മാരകമായി പരിക്കേല്‍പിച്ചു ഭേദഗതി വരുത്തുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. പൊതു ആവശ്യമെന്ന പേരില്‍ ഉത്തരവിറക്കി നെല്‍വയലുകള്‍ തലങ്ങും വിലങ്ങും നികത്തിയെടുക്കാന്‍ ഭൂമാഫിയക്ക് സുവര്‍ണാവസരം ഒരുക്കിനല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഹരിതകേരളത്തിന്റെ പേര് പറഞ്ഞ് അധികാരത്തില്‍ എത്തിയ പിണറായി സര്‍ക്കാര്‍ കേരള ജനതയെ വഞ്ചിച്ച ദിനം എന്ന പേരിലായിരിക്കും 2018 ജൂണ്‍ 25 ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുക.
നെല്‍വയല്‍ സംഹാരനിയമത്തിനെതിരേ പ്രതിപക്ഷം അവസാന നിമിഷം വരെ സര്‍വ ശക്തിയും ഉപയോഗിച്ച് എതിര്‍ത്തുനിന്നു. അംഗബലം കൊണ്ട് നിയമസഭയില്‍ ഇടതുപക്ഷം മറികടന്നെങ്കിലും നീതിന്യായ കോടതിയിലേക്കും ജനങ്ങളുടെ കോടതിയിലേക്കും പ്രതിപക്ഷം ഇറങ്ങുകയാണ്.                          ി
(പ്രതിപക്ഷ  നേതാവ്)

RELATED STORIES

Share it
Top