നെല്ല് സംഭരണം - യുഡിഎഫ് അഭിപ്രായം വസ്തുതകള്‍ പഠിക്കാതെ: ബേബി പാറക്കാടന്‍ആലപ്പുഴ:  നെല്ലു സംഭരണകാര്യത്തിലെ യുഡിഎഫ് അഭിപ്രായം വസ്തുതകള്‍ പഠിക്കാതെയെന്ന് കേരള സംസ്ഥാന നെല്‍-നാളികേര കര്‍ഷക ഫെഡറേഷന്‍ പ്രസിഡന്റ് ബേബി പാറക്കാടന്‍. കുട്ടനാട്ടിലെ നെല്ല് സംഭരണം ഇപ്പോഴുള്ള സംവിധാനത്തിലൂടെ മുന്നോട്ട് പോകുന്നതാണ് മെച്ചപ്പെട്ട രീതിയെന്നും നിലവിലുള്ള സംഭരണ രീതി കാര്യക്ഷമവും കുറ്റമറ്റതുമാക്കി ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.ആലപ്പുഴ നരസിംഹപുരം ഓഡിറ്റോറിയത്തില്‍ കൂടിയ കര്‍ഷക ഫെഡറേഷന്‍ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെല്ല് സംഭരണം തുടങ്ങിയപ്പോള്‍ കുട്ടനാട്ടിലെ 17 സഹകരണ സംഘങ്ങള്‍ മുഖേനയാണ് നടപ്പിലാക്കിയത്. അന്ന് കൃഷി-സഹകരണ വകുപ്പുകള്‍ തമ്മിലുള്ള യോജിപ്പു മൂലം സംഭരണം ഭംഗിയായി നടന്നു. എന്നാല്‍ ഒട്ടനവധി പ്രശ്‌നങ്ങള്‍ മൂലം നെല്ല് സംഭരണം പ്രായോഗികമായി വിജയിച്ചില്ല. പിന്നീടാണ് നെല്ല് സംഭരണം സിവില്‍ സപ്ലൈസ് തുടങ്ങിയതും ഇപ്പോഴുള്ളതുപോലെ തുടരുന്നതും.ഇതെല്ലാം ഒഴിവാക്കി ബ്ലോക്ക് പഞ്ചായത്ത്, കൃഷിഭവന്‍ തുടങ്ങിയ മേഖലയിലൂടെ നെല്ല് സംഭരണം തുടങ്ങിയാല്‍ പരാജയപ്പെടുമെന്ന് മാത്രമല്ല സംഭരണ സമ്പ്രദായം തന്നെ ഇല്ലാതാകുമെന്നും പാറക്കാടന്‍ പറഞ്ഞു. കെ പി ദേവസി അദ്ധ്യക്ഷത വഹിച്ചു. ജോഷി പരുത്തിക്കല്‍, ജോര്‍ജ് തോമസ് ഞാറക്കാട്, സിബി കല്ലുപാത്ര, കെ യു സക്കറിയ, ടി എക്‌സ് ജെയിംസ്, എം കെ പരമേശ്വരന്‍, കെ സി ആല്‍ബി, ടി പി രാമചന്ദ്രപണിക്കര്‍, നസീര്‍ കഞ്ഞിപ്പാടം, ജോയി ചക്കുംകരി, പി ജെ ജെയിംസ്, ബൈജു മാന്നാര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top