നെല്ല് സംഭരണം ഇന്ന് പുനരാരംഭിക്കുമെന്നു മന്ത്രി

ആലപ്പുഴ: നെല്ല് പൂര്‍ണമായി സംഭരിക്കുന്നതിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ പറഞ്ഞു.  നെല്ല് സംഭരണവുമായി ബന്ധപ്പെട്ട്  കലക്ടറേറ്റില്‍ കൂടിയ അടിയന്തര യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പൂന്തുരം സൗത്ത്, പൊന്നാകിരി, വെട്ടിക്കരി, ഇളയിടംതുറ എന്നിവിടങ്ങളിലെ തടസ്സപ്പെട്ട  നെല്ലുസംഭരണം ഇന്നുമുതല്‍ പുനരാരംഭിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.
കരിനില മേഖലയില്‍ ഉല്‍പ്പാദിപ്പിച്ച നെല്ല് സംഭരിക്കുന്നതിന് പ്രത്യേക മുന്‍ഗണന നല്‍കും.  ഇത്തവണ ഇതുവരെ നെല്ല് സംഭരണം കാര്യമായ പരാതികളില്ലാതെ നടന്നതായി മന്ത്രി പറഞ്ഞു. കൊയ്ത 80 ലോഡ് നെല്ല്് ആണ് കൊണ്ടുപോകാതെ അവശേഷിക്കുന്നത്. രണ്ടായിരം ലോഡ് ഇനി കൊയ്യാനുണ്ട്.  കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡപ്രകാരം എടുക്കുന്ന നെല്ലിന്  68ശതമാനം അരി മില്ലുടമകള്‍ തിരികെ  ലഭ്യമാക്കേണ്ടതുണ്ട്.  എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ കണ്ടെത്തിയത് 64.5 ശതമാനം മാത്രമേ കേരളത്തില്‍  കിട്ടുന്നുള്ളുവെന്നാണ്. പൊതു വിതരണത്തിനായി ലഭിക്കുന്ന അരി ഗുണമേന്മയുള്ളതായിരിക്കണമെന്ന നിര്‍ബന്ധം സംസ്ഥാന സര്‍ക്കാരിന് ഉണ്ട്.  ഇത്തരം സാഹചര്യങ്ങളില്‍ കൃഷിക്കാര്‍ക്കും മില്ലുകള്‍ക്കും കാര്യമായ നഷ്ടം ഉണ്ടാകാതെ നെല്ലുസംഭരണം പൂര്‍ത്തിയാക്കാനാണ് സപ്ലൈകോ ശ്രമിക്കുന്നത് മന്ത്രി പറഞ്ഞു. കൃഷിക്കാര്‍ക്ക് ഉണ്ടാകുന്ന നഷ്ടം നികത്താന്‍ കൃഷിവകുപ്പ് നടപടിയെടുക്കും.
കൃഷി ഉദ്യോഗസ്ഥര്‍ നേരത്തേതന്നെ പാടശേഖരങ്ങള്‍ സന്ദര്‍ശിച്ച്  നഷ്ടപരിഹാരത്തിനായി കൃഷിവകുപ്പിനെ അറിയിക്കുകയും നടപടികളിലേക്കു നീങ്ങുകയും വേണമെന്ന് മന്ത്രി പറഞ്ഞു.  നെല്ല് സംഭരണത്തിന്റെ കാര്യത്തില്‍ കൃഷിക്കാരും മില്ലുടമകളും സഹകരിച്ച് കൃഷി ഉദ്യോഗസ്ഥരും പാഡി ഓഫീസര്‍മാരും പരസ്പരം ചേര്‍ന്ന് മുന്നോട്ടുപോകണം.  നെല്ല് സംഭരണത്തിന് അലോട്ട് ചെയ്തിട്ട് അത് ചെയ്യാത്ത മില്ലുടമകളെ  തുടര്‍ന്നുള്ള സംഭരണത്തില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.
ഇവര്‍ക്ക് മേലില്‍ സംഭരിക്കാനുള്ള  സൗകര്യം നല്‍കില്ല.  നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് മില്ലുടമകള്‍ സപ്ലൈകോയുമായി കരാറുണ്ട്. ഈ കരാര്‍ ലംഘിച്ചാല്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.  ഇതിന് മില്ലുകളുമായി ചര്‍ച്ചചെയ്ത് തീരുമാനമെടുത്തു.
പാരേക്കാടന്‍, എലവുന്താനം, പോട്ടകളയ്ക്കാട്, നാലുപാടം, കപ്പാംവേലി, മൂക്കയില്‍ വടക്ക് എന്നിവിടങ്ങളിലെ  സംഭരണത്തിന്  കൃഷി വകുപ്പ് ഉദ്യോഗസ്ഥന്‍, പാഡി ഓഫിസര്‍, കൃഷിക്കാരുടെ പ്രതിനിധി, മില്ലുടമകളുടെ പ്രതിനിധി,  പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവര്‍ പാഡി സമിതി കൂടി പരസ്പര വിട്ടുവീഴ്ചയിലൂടെ പ്രശ്‌ന പരിഹാരം കാണാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ ചുമതലയുള്ള സപ്ലൈകോയുടെയും കൃഷി വകുപ്പിന്റെയും ഉദ്യോഗസ്ഥര്‍ പരസ്പരം ചര്‍ച്ച ചെയ്ത് സമവായത്തിലെത്താന്‍ നിര്‍ദ്ദേശം നല്‍കി. കേരളത്തില്‍ ആകെ 30 മില്ലുകള്‍ക്കാണ് നെല്ല് സംഭരണത്തിന് അനുമതി നല്‍കിയിട്ടുള്ളത്. ഇതില്‍ പല മില്ലുകാരും സംഭരണത്തിന് കൃത്യമായി നടപടി എടുക്കുന്നില്ല,  ഈ സാഹചര്യത്തില്‍ ബാക്കി മില്ലുടമകള്‍ക്ക്  പാടം മാറ്റിനല്‍കാന്‍ മന്ത്രി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. പാഡി ഓഫീസറോടൊപ്പം മുതിര്‍ന്ന കൃഷി ഓഫീസറും നെല്ല് സംഭരണ സ്ഥലത്ത് ചെല്ലണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
യോഗത്തില്‍ ജില്ല കലക്ടര്‍ ടിവിഅനുപമ, സപ്ലൈകോ പാഡി മാനേജര്‍ രഘുനാഥ്,  പാഡി ഓഫീസര്‍മാരായ എആര്‍. സുരേഷ്, എവിസുരേഷ് കുമാര്‍, വിവിധ കര്‍ഷക സംഘടന പ്രതിനിധികള്‍, സപ്ലൈകോ-കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top