നെല്ലുസംഭരണം ഇനി സഹകരണ സംഘങ്ങളുടെ കൈകളിലേക്ക്‌

കോട്ടായി: അടുത്ത ഒന്നാംവിളതൊട്ട് ജില്ലയില്‍ നെല്ല് സംഭരണം സഹകരണ സംഘങ്ങളെ ഏല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നു. കഴിഞ്ഞ കാലങ്ങളില്‍ ജില്ലയില്‍ കൊയ്ത്ത് പാതി പിന്നിടുമ്പോള്‍ മാത്രമാണ് നെല്ല് സംഭരണം ആരംഭിക്കുന്നത്.
അരിമില്ലുകാര്‍ പല ആവശ്യങ്ങളും ഉന്നയിച്ച് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ നീട്ടികൊണ്ട് പോവുകയും അവസാനം സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി ആവശ്യങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്ന പതിവ് കാഴ്ച്ചയാണ് ഇതുവരെ കണ്ടത്. ഇങ്ങനെ തീരുമാനം നീട്ടികൊണ്ട് പോകുന്നത് മൂലം പിടിച്ച് നില്‍ക്കാനാവാത്ത കര്‍ഷകര്‍ നെല്ല് ചുരുങ്ങിയ വിലയ്ക്ക് സ്വകാര്യമില്ലുകാര്‍ക്ക് വില്‍ക്കുവാന്‍ നിര്‍ബന്ധിതരാകയായിരുന്നു.
ചുരുക്കത്തില്‍ നെല്ല് സംഭരണം സ്വകാര്യ അരിമില്ലുകാരുടെ കൈകളിലൊതുങ്ങി. കര്‍ഷകരോട് വളരെ അടുത്തബന്ധം പുലര്‍ത്തുന്ന സഹകരണ സംഘങ്ങള്‍ ഈ രംഗത്തേക്ക് വരുന്നതോടുകൂടി ഈ പ്രശ്‌നത്തിന് പരിഹാരമാവും.
മാത്രമല്ല ഓരോ പഞ്ചായത്തിലും സംഭരണ ഏജന്‍സികളും സംഭരണ കേന്ദ്രങ്ങളും വരുന്നതോടെ കാലതാമസമില്ലാതെ കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കാനും അതിന്റെ വില താമസംവിനാ കര്‍ഷകര്‍ക്ക് നല്‍കാനും കഴിയും. ജില്ലയില്‍ ആഗസ്റ്റ് മാസം അവസാനത്തോടെയും സെപ്റ്റംബര്‍ ആദ്യവാരത്തിലുമായി കൊയ്ത്ത് ആരംഭിക്കും. അതിന് മുമ്പായി നെല്ല് സംഭരിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് കര്‍ഷകസംഘടനകളാവശ്യപ്പെട്ടു.
കഴിഞ്ഞ രണ്ട് - മൂന്ന് വര്‍ഷങ്ങളായി കേരളസര്‍ക്കാര്‍ നെല്ലിന്റെ സംഭരണവില വര്‍ദ്ധിപ്പിച്ചിട്ടില്ല. അടുത്തയിടെ കേന്ദ്രസര്‍ക്കാര്‍ നെല്ലിന്റെ സംഭരണവില കിലോഗ്രാമിന് രണ്ട് വര്‍ദ്ധിപ്പിക്കുകയുണ്ടായി. കേന്ദ്രത്തിന്റെ വിലയായ 17.50 കയും കേരളസര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി തുകയായ 7.80 കയും അടക്കം ഇപ്പോള്‍ 25.30 ക നെല്ലിന് ലഭിക്കും.
ഉല്‍പാദന ചിലവ് വര്‍ദ്ധിച്ച സാഹചര്യത്തില്‍ നെല്ലിന്റെ വില കിലോഗ്രാമിന് 30/ രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും കര്‍ഷകസംഘടനകളാവശ്യപ്പെടുന്നുണ്ട്. വേനല്‍മഴയിലും കാലവര്‍ഷക്കെടുതിയിലും കാര്‍ഷികമേഖലയിലെ പ്രതിസന്ധിയിലും കര്‍ഷകര്‍ക്ക് ഉത്തരവ് ആശ്വാസമാവുകയാണ്.

RELATED STORIES

Share it
Top