നെല്ലിയാമ്പതി വിനോദ സഞ്ചാര കേന്ദ്രത്തിലെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുറക്കാന്‍ നടപടികളില്ല

പാലക്കാട്: വിനോദ സഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതിയിലെ ഇന്‍ഫര്‍മേഷന്‍ കേന്ദ്രം അടച്ചുപൂട്ടിയിട്ട് നാളുകളേറെയായി. വേനലവധിയായതോടെ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി ആയിരക്കണക്കിന് ആളുകളാണ് പാവപ്പെട്ടവരുടെ ഊട്ടിയെന്നറിയപ്പെടുന്ന നെല്ലിയാമ്പതിയില്‍ പ്രതിദിനം എത്തുന്നത്.
എന്നാല്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കൈകാട്ടിയില്‍ 2007ല്‍ തുടങ്ങിയ ഇന്‍ഫര്‍മേഷന്‍ ഓഫിസ് പ്രവര്‍ത്തിക്കാത്തത് സഞ്ചാരികളെ ബുദ്ധിമുട്ടിക്കുന്നു. തുടങ്ങിയത് 10വര്‍ഷം മുമ്പാണെങ്കിലും ഒരുവര്‍ഷം മാത്രമേ കാര്യക്ഷമമായി പ്രവര്‍ത്തിച്ചുള്ളു. പിന്നിട് ഷട്ടറിടുകയും ചെയ്തു.
വരുമാനക്കുറവും ജീവനക്കാരുടെ അപര്യാപ്തയുമാണ് അടച്ചിടാന്‍ കാരണം. നെല്ലിയാമ്പതി കാഴ്ചയ്‌ക്കെത്തുന്നവര്‍ക്ക് താമസസൗകര്യം, പ്രധാന വ്യൂ പോയന്റുകള്‍, പ്രകൃതി വിഭവങ്ങള്‍, ഗൈഡന്‍സ് സൗകര്യം എന്നിവയെക്കുറിച്ചുള്ള സേവനം നല്‍കിയിരുന്നു.
ഒപ്പം സഞ്ചാരികളുടെ സുരക്ഷിതത്വവും ഉറപ്പുനല്‍കിയിരുന്നു. ഇക്കോ ടൂറിസവുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംരക്ഷണം, പ്ലാസ്റ്റിക് നിരോധനം, കാട്ടുതീ തടയുക തുടങ്ങിയവയും മുന്നില്‍ക്കണ്ട് ഇന്‍ഫര്‍മേഷന്‍ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, സാക്ഷരതാമിഷന്‍, നെല്ലിയാമ്പതി ഗ്രാമപ്പഞ്ചായത്ത് തുടങ്ങിയവയുടെ നേതൃത്വത്തിലാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.

RELATED STORIES

Share it
Top