നെല്യാട്ടേരി പാലം പുനര്‍നിര്‍മാണം അനിശ്ചിതത്വത്തില്‍

ഇരിട്ടി: സാങ്കേതികത്വത്തില്‍ കുടുങ്ങി ഉളിയില്‍ നെല്യാട്ടേരി പാലം പുനര്‍നിര്‍മാണം അനിശ്ചിത്വത്തില്‍. രണ്ടുവര്‍ഷം മുമ്പ് ഇ പി ജയരാജന്‍ എംഎല്‍എയുടെ ആസ്ഥിവികസന ഫണ്ടില്‍ നിന്നാണ് ഒരുകോടി രൂപ അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പിനായിരുന്നു ആദ്യം നിര്‍മാണ ചുമതല.എന്നാല്‍ മണ്ണുപരിശോധന കഴിഞ്ഞ് എട്ടുമീറ്ററില്‍ താഴെയുള്ള പാലം പ്രവൃത്തി നടത്താന്‍ കഴിയില്ലെന്ന സാങ്കേതികത്വം നിരത്തി ഒഴിഞ്ഞുമാറുകയായിരുന്നു.
എംഎല്‍എയും തില്ലങ്കേരി പഞ്ചായത്ത് അധികൃതരും ഇടപെട്ട് എല്‍എസ്ജിഡി വിഭാഗത്തിനു കൈമാറിയെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും പ്രവൃത്തി നടന്നില്ല. നേരത്തെ 12 മീറ്റര്‍ വീതി കണക്കാക്കിയാണ് മണ്ണുപരിശോധന നടത്തിയത്. നിലവിലുള്ള റോഡിന്റെയും പാലം ഉള്‍പ്പെടുന്ന സ്ഥലത്തിന്റെയും ഘടന അനുസരിച്ച് ആറുമീറ്റര്‍ വീതിയില്‍ മാത്രമാണ് നിര്‍മിക്കാന്‍ കഴിയുക.
വീണ്ടും മണ്ണുപരിശോധന നടത്തേണ്ടി വരും. ഇതിനായി പഞ്ചായത്ത് ഈ വര്‍ഷത്തെ ബജറ്റില്‍ ഒരുകോടി രൂപ നീക്കിവയ്ക്കുകയും പ്രവൃത്തി കരാറുകാനെ എല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. മണ്ണുപരിശോധന കഴിഞ്ഞ് വീണ്ടും പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി പ്രവൃത്തി തുടങ്ങാന്‍ ഇനിയും വൈകുമെന്നാണ് സൂചന. നാട്ടുകാരുടെ ഏറെക്കാലത്തെ മുറവിളികള്‍ക്കൊടുവിലാണ് നടപ്പാലത്തിനു പകരം ഗതാഗതസൗകര്യമുള്ള പാലത്തിനായി ഫണ്ട് അനുവദിച്ചത്. വര്‍ഷങ്ങള്‍ പഴക്കമുള്ള പാലം ഒരുഭാഗം കൈവരി തകര്‍ന്ന് അപകടാവസ്ഥയിലാണ്. കാലവര്‍ഷം കനക്കും മുമ്പെ പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

RELATED STORIES

Share it
Top