നെന്‍മാറ വല്ലങ്ങി വേലയ്ക്കു ശക്തമായ മുന്‍കരുതല്‍; ആലോചനാ യോഗം ചേര്‍ന്നു

നെന്മാറ: നെന്മാറ വല്ലങ്ങി വേലയ്ക്ക് ഇത്തവണ ശക്തമായ മുന്‍കരുതലെടുക്കാന്‍ വിവിധ ഉദ്യോഗസ്ഥരുടെ ആലോചന യോഗം തീരുമാനിച്ചു. മുഴുവന്‍ സമയം ജലവിതരണവും, വൈദ്യുതിയും എത്തിക്കാനും തീരുമാനം. വേലയുടെ ഭാഗമായി സുരക്ഷയൊരുക്കുന്നതിന് വനിതാ പോലിസുള്‍പ്പെടെ 700 പേരുടെ സേവനമാണ് ലഭ്യമാക്കുന്നത്. വിവിധ ബീറ്റുകളായി തിരിച്ച് നെന്മാറയിലും, വല്ലങ്ങിയിലുമായി നിയോഗിക്കും. കൂടാതെ പോലിസ് കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചു. പോക്കറ്റടി, പിടിച്ചുപറി എന്നിവ തടയുന്നതിനായി മഫ്ത്തിയിലും പോലിസിനെ നിയോഗിക്കും. കൂടാതെ തമിഴ്‌നാട്ടില്‍ നിന്നുള്ള പോലിസുകാരുടെ സേവനവും ലഭ്യമാക്കും. വേലദിവസങ്ങളില്‍ തടസ്സമില്ലാത്ത വൈദ്യുതി ലഭ്യമാക്കാന്‍ നടപടിയെടുക്കും. ഇതിനായി കൊല്ലങ്കോട്, ചിറ്റടി, പല്ലശ്ശന സബ് സ്‌റ്റേഷനുകളില്‍ വൈദ്യുതി എത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
ഫയര്‍ഫോഴ്‌സിന്റെ മൂന്നു യൂണിറ്റു മുഴുവന്‍ സമയം പ്രവര്‍ത്തിപ്പിക്കും. എലഫന്റ് സ്‌ക്വാഡിന്റെ യൂണിറ്റും വേലദിവസം ഉണ്ടാകും. കൂടാതെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ അത്യാഹിത വിഭാഗവും തുടങ്ങും. നിലവിലുള്ള ഏഴ് ഡോക്ടര്‍മാരെ കൂടാതെ നാലു ഡോക്ടര്‍മാരുടെ കൂടി സേവനം ലഭ്യമാക്കും. കൂടാതെ പുരുഷ നഴ്‌സുമാരുടെ സേവനവും ഉറപ്പാക്കും.
ആനപാപ്പാന്മാരുടെ തിരിച്ചറിയല്‍ രേഖ ഹാജരാക്കാനും യോഗത്തില്‍ തീരുമാനിച്ചു. വേല ദിവസം മദ്യ നിരോധനം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആലത്തൂര്‍ താലൂക്കിലെ കല്ലങ്കോടുള്ള മദ്യശാലകൂടി അടയ്ക്കാന്‍ നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
നിയന്ത്രണ വിധേയമായിട്ടാണ് വെടിക്കെട്ട് നടത്തുന്നത്. ഈ ഭാഗങ്ങളില്‍ ബാരിക്കേഡ് കെട്ടുവാനും തീരുമാനിച്ചു.
യോഗം കെ ബാബു എംഎല്‍എ ഉദ്ഘാടനം ചെയ്തു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി രാമകൃഷ്ണന്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ പ്രേമന്‍, എസ് പി പ്രതീഷ് കുമാര്‍, എഡിഎം വിജയന്‍, ഡിവൈഎസ്പിമാരായ വിപിന്‍ദാസ്, കെ എം സെയ്തലവി, എസ് ഷംസുദ്ദീന്‍, ചിറ്റൂര്‍ തഹസില്‍ദാര്‍ വി കെ ഉമ, അസി.എക്‌സൈസ് കമ്മീഷണര്‍ എം എസ് വിജയന്‍, ഡോ.ബിജു, സി ഐ ടി എന്‍ ഉണ്ണികൃഷ്ണന്‍, പി ആര്‍ ഉണ്ണികൃഷ്ണന്‍, കേശവദാസ് എന്നിവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top