നെതന്യാഹു മോദിക്കു നല്‍കുന്നത് 71 ലക്ഷത്തിന്റെ സമ്മാനം

ജറുസലം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നരേന്ദ്ര മോദിക്ക് നല്‍കുന്നത് വ്യത്യസ്തമായ സമ്മാനം. കടല്‍വെള്ളം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള ഗാല്‍ മൊബൈല്‍ എന്ന ജീപ്പാണ് മോദിക്കായി നല്‍കുന്ന സമ്മാനം. ജനുവരി 14ന് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുമ്പോഴാണ് നെതന്യാഹുവിന്റെ സമ്മാനം മോദിക്ക് കൈമാറുക.


കഴിഞ്ഞ ജൂലൈയില്‍ മോദി ഇസ്രായേല്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഇരുവരും ചേര്‍ന്ന് ഈ ജീപ്പില്‍ സഞ്ചരിച്ചിരുന്നു. അന്ന് വെള്ളം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള ജീപ്പിനെ മോദി പ്രകീര്‍ത്തിച്ചിരുന്നു. പ്രകൃതി ദുരന്തങ്ങളുണ്ടാവുമ്പോള്‍ ജനങ്ങള്‍ക്ക് ശുദ്ധജലം ഉറപ്പാക്കാന്‍ ഇത്തരം സാങ്കേതികവിദ്യ സഹായമാവുമെന്നായിരുന്നു മോദി പറഞ്ഞത്.  1540 കിലോ ഗ്രാം ഭാരമുള്ള വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 90 കിലോ മീറ്ററാണ്.

ഏകദേശം 71 ലക്ഷം രൂപ വില വരുന്നതാണ് ജലം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള ജീപ്പ്. ഒരു ദിവസം 20,000 ലിറ്റര്‍ കടല്‍ ജലവും 80,000 ലിറ്റര്‍ നദിയിലെ ജലവും ശുദ്ധീകരിക്കാന്‍ വാഹനത്തിനാവും. ലോകാരോഗ്യ സംഘടനയുടെ നിലവാരത്തിലാവും ജീപ്പ് ജലം ശുദ്ധീകരിക്കുക.

RELATED STORIES

Share it
Top