നെതന്യാഹുവിന്റെ വസതിയില്‍ ജപ്പാന്‍ പ്രധാനമന്ത്രിക്ക് ചോക്കലേറ്റ് വിളമ്പിയത് ഷൂവില്‍

ജറുസലേം: ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെ ജപ്പാന്‍ പ്രധാനമന്ത്രിക്ക് നെതന്യാഹുവിന്റെ വീട്ടില്‍ ചോക്കലേറ്റ് വിളമ്പിയത് ഷൂവില്‍. സംഭവം ഇസ്രായേലിലും ജപ്പാനിലും പുതിയ വിവാദമായിരിക്കുകയാണ്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെയും ഭാര്യ അകി അബെയും കഴിഞ്ഞയാഴ്ചയാണ് ഇസ്രായേല്‍ സന്ദര്‍ശനത്തിനെത്തിയത്. മെയ് രണ്ടിന് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉന്നത തല യോഗങ്ങളെല്ലാം കഴിഞ്ഞ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഔദ്യോഗിക വസതിയില്‍ ഒരുക്കിയ വിരുന്നിലാണ് ഷൂവിനുള്ളില്‍ പലഹാരം വിളമ്പിയത്. ഇസ്രായേലിലെ സെലിബ്രിറ്റി ഷെഫ് ആയ സെഗേവ് മോഷെ തയ്യാറാക്കിയ വിഭവങ്ങളാണ് വിരുന്നില്‍ വിളമ്പിയിരുന്നത്.
ഇതു കണ്ട് ജപ്പാന്‍ നയതന്ത്ര പ്രതിനിധികളും ജപ്പാനില്‍ ജോലി ചെയ്തിട്ടുള്ള ഉന്നത ഇസ്രായേലി നയതന്ത്ര ഉദ്യോഗസ്ഥരും ഞെട്ടി. നടപടി തീര്‍ത്തും അവഹേളനപരമായെന്ന് ഒരു ഇസ്രായേല്‍ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. പ്രധാനമന്ത്രിയേയും രാജ്യത്തേയും അവഹേളിച്ചിരിക്കുകയാണ്. ഇതു തമാശയായി കാണാന്‍ കഴിയില്ലെന്നും ജപ്പാന്‍ നയതന്ത്ര പ്രതിനിധി അറിയിച്ചു.

RELATED STORIES

Share it
Top