നെതന്യാഹുവിനെതിരേ കുറ്റം ചുമത്തണമെന്ന് പോലിസ്

ജറുസലേം: അഴിമതിക്കേസില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരേ കുറ്റം ചുമത്താന്‍ പോലിസിന്റെ നിര്‍ദേശം. കൈക്കൂലി, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്താന്‍ കഴിയുന്ന തെളിവുകള്‍ അദ്ദേഹത്തിനെതിരേ ലഭിച്ചെന്നും പോലിസ് വെളിപ്പെടുത്തി. ഇതുസംബന്ധിച്ച നിര്‍ദേശം അറ്റോര്‍ണി ജനറലിന് നല്‍കിയിട്ടുണ്ട്. 14 മാസം നിണ്ട അന്വേഷണത്തിനൊടുവിലാണ് പോലിസ് നെതന്യാഹുവിനെതിരേ റിപോര്‍ട്ട് സമര്‍പ്പിച്ചത്. പോലിസ് റിപോര്‍ട്ട് പുറത്തുവന്നതോടെ നെതന്യാഹു രാജിവയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി. എന്നാല്‍, ആരോപണങ്ങള്‍ നെതന്യാഹു നിഷേധിച്ചു. താന്‍ രാജിവയ്ക്കില്ല. സര്‍ക്കാരും മുന്നണിയും സുസ്ഥിരമാണ്. താനോ മറ്റുള്ളവരോ ഒരു പൊതു തിരഞ്ഞെടുപ്പിന് പദ്ധതിയിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കുടുംബ സുഹൃത്തായ വ്യവസായിയില്‍ നിന്നു സിഗരറ്റ്, വിലകൂടിയ ആഭരണങ്ങള്‍, ഷാംപെയിന്‍ തുടങ്ങിയവ കൈപ്പറ്റിയെന്നാണ് കേസ്. ഏതാണ്ട് മൂന്നുലക്ഷം ഡോളര്‍ വിലമതിക്കുന്ന പാരിതോഷികങ്ങളാണ് നെതന്യാഹു കൈപ്പറ്റിയത്. ഇതിനു പകരമായി നെതന്യാഹു, ഇസ്രായേല്‍ ധനവകുപ്പ് വിലക്ക് ഏര്‍പ്പെടുത്തിയ നികുതിയിളവ് നല്‍കിയെന്നും പോലിസ് കണ്ടെത്തി.
ഇസ്രായേല്‍ ഹയോം എന്ന പത്രത്തിന്റെ സര്‍ക്കുലേഷന്‍ കുറയ്ക്കാനായി മറ്റൊരു യെദ്യൂത് അഹ്‌റുനത് അനുകൂലമായി നിയമനിര്‍മാണം നടത്തിയെന്നാണ് മറ്റൊരു കേസ്. വിശ്വാസവഞ്ചനാ കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ മുന്‍ പ്രധാനമന്ത്രി എഹൂദ് ഒല്‍മെര്‍ട്ടിനെ കോടതി നേരത്തേ ആറു വര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു.

RELATED STORIES

Share it
Top