നെട്ടൂരിലും പരിസര പ്രദേശങ്ങളിലും ഗുണ്ടാ, മാഫിയാ സംഘങ്ങള്‍ വളരുന്നു

മരട്: നഗരസഭാ അതിര്‍ത്തിയില്‍ നെട്ടൂര്‍ പ്രദേശത്ത് ഗുണ്ട, മാഫിയാ സംഘങ്ങള്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും തലപൊക്കുന്നതായി പരാതി. ഇന്നലെ വെളുപ്പിന് 3.30 ന് നെട്ടൂര്‍ ദേശീയപാത അണ്ടര്‍പാസില്‍ വഴിയാത്രക്കാരനെ തടഞ്ഞു നിര്‍ത്തി കയ്യിലുണ്ടായിരുന്ന വള പിടിച്ചുപറിച്ചിരുന്നതായി പരിസരവാസികള്‍ പറയുകയുണ്ടായി.
ഇതിനു മുമ്പും നിരവധി തവണ ഇതേ രീതിയില്‍ ആക്രമണശ്രമങ്ങള്‍ ഉണ്ടായിട്ടുള്ളതാണ്. നെട്ടൂരിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ മയക്കുമരുന്ന് ലോബി പിടിമുറുക്കിക്കഴിഞ്ഞു. അനുദിനം നിരവധി ചെറുപ്പക്കാരാണ് ഇവരുടെ കെണിയില്‍ അകപ്പെട്ട് കേസുകളില്‍ കുടുങ്ങുന്നത്.
കഴിഞ്ഞ ദിവസം ഇതില്‍പ്പെട്ട മയക്കുമരുന്നിനടിമയായ ഒരു വിദ്യാര്‍ഥി അത്മഹത്യ ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ രീതിയിലുള്ള നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ സ്ഥലത്തെ വിവിധ സംഘടനകള്‍ ചേര്‍ന്ന് ജാഗ്രതാ സമിതിയുണ്ടാക്കിയതിനാല്‍ പ്രശ്‌നങ്ങള്‍ കുറഞ്ഞിരുന്നു.
ഇത്തരക്കാര്‍ വീണ്ടും തലപൊക്കാന്‍ തുടങ്ങിയിരിക്കുന്നത് നെട്ടൂരിലെ രക്ഷിതാക്കള്‍ക്ക് തലവേദനയായിരിക്കയാണ്. പോലിസിന്റെ കര്‍ശനമായ പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യവും ജനങ്ങളുടെ ഭാഗത്ത് നിന്നും ഉയരുന്നുണ്ട്.

RELATED STORIES

Share it
Top