നെടുമ്പാശേരി കള്ളനോട്ട് കേസ്: ഒന്നാം പ്രതിക്ക് പത്ത് വര്‍ഷം തടവ്‌

കൊച്ചി: നെടുമ്പാശേരി കള്ളനോട്ടുകേസില്‍ ഒന്നാം പ്രതി മലപ്പുറം സ്വദേശി ആബിദ് ചുള്ളികുളവന് പത്തു വര്‍ഷം കഠിനതടവും 75,000 രൂപ പിഴയും കോടതി വിധിച്ചു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട തൃശ്ശൂര്‍ പെരിഞ്ഞനം മുഹമ്മദ് ഹനീഫ, വണ്ടൂര്‍ അബ്ദുസ്സലാം (പൊടി സലാം), തമിഴ്‌നാട് വാല്‍പ്പാറ സ്വദേശി ആന്റണി ദാസ് എന്നിവരെ വെറുതെ വിട്ടു. അധോലോക കുറ്റവാളി ദാവൂദ് ഇബ്രഹാമിന്റെ കൂട്ടാളി അഫ്താബ് ബട്കി കേസില്‍ ഇതു വരെ അറസ്റ്റിലായിട്ടില്ല. ആറാം പ്രതി കുഞ്ഞുമുഹമ്മദിനെ എന്‍ഐഎ നേരത്തേ മാപ്പുസാക്ഷിയാക്കിയിരുന്നു. 2013 ജനുവരി 26ന് നെടുമ്പാശ്ശേരി വഴി 500 രൂപയുടെ 9.75 ലക്ഷം മൂല്യമുള്ള വിദേശ നിര്‍മിത കള്ളനോട്ടുകളുമായി അബ്ദുസ്സലാം പിടിയിലായതിനു പിന്നാലെയാണ് കേസ് എടുത്തത്.
കേസില്‍ പ്രധാനപങ്കുള്ള പ്രതി ആന്റണി ദാസ് ഇടപാടിനായി നാലു ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചുവെന്നും കുറ്റപത്രത്തിലുണ്ടായിരുന്നു. എന്നാല്‍ രണ്ടു മുതല്‍ നാലു വരെയുള്ള പ്രതികള്‍ക്കെതിരേ കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തി. കേസില്‍ മാപ്പുസാക്ഷിയായ കുഞ്ഞുമുഹമ്മദ് മുംബൈ ജയിലില്‍ കിടക്കുമ്പോഴാണ് സഹതടവുകാരന്‍ വഴി അഫ്താബ് ബട്കിയുടെ ഫോണ്‍ നമ്പര്‍ ലഭിച്ചത്.

RELATED STORIES

Share it
Top