നെടുമങ്ങാട് ഗവ. ജിഎച്ച്എസ്എസ്സിലെ പിടിഎ പിരിച്ചുവിട്ടത് രാഷ്ട്രീയ പ്രേരിതമെന്ന്‌

നെടുമങ്ങാട്: ഗവ. ജിഎച്ച്എസ്എസിലെ പിടിഎ കമ്മിറ്റി പിരിച്ചുവിട്ടതിലൂടെ സ്‌കൂളിലെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയവല്‍കരിക്കാനുള്ള സിപിഎം നീക്കം സ്‌കൂളിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ആനാട് ജയനും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അര്‍ജുനനും ആരോപിച്ചു. നെടുമങ്ങാട് ഗവ. ജിഎച്ച്എസ്എസിനെ സിപിഎമ്മിന്റെ നെടുമങ്ങാട് ഏരിയ കമ്മിറ്റി സെക്രട്ടറിയും മുന്‍സിപ്പല്‍ കൗണ്‍സിലിലെ ചില സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരും മുന്‍ധാരണയോടു കൂടി സിപിഎമ്മിന്റെ വരുതി നില്‍ക്കുന്ന പിടിഎ കമ്മിറ്റി രൂപീകരിക്കുന്നതിനു വേണ്ടി പിടിഎ യോഗത്തില്‍ എത്തിയെങ്കിലും യോഗത്തില്‍ പങ്കെടുത്തവരുടെ പൊതുവികാരം സിപിഎമ്മിനെതിരായിരുന്നു. സിപിഎമ്മിന്റെ ഏരിയ കമ്മിറ്റി ഉദ്ദേശിച്ച ആളുകളെ പിടിഎ ഭാരവാഹികള്‍ ആക്കാന്‍ കഴിയാത്തതു കൊണ്ട് പിടിഎ തിരഞ്ഞെടുപ്പ് അട്ടിമറിക്കുവാന്‍ ശ്രമമുണ്ടായി. എന്നാല്‍ മുന്‍സിപ്പല്‍ ചെയര്‍മാന്റെയും വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്റെയും മറ്റ് അംഗങ്ങളുടെയും സാന്നിധ്യത്തില്‍ നടന്ന പിടിഎ കമ്മിറ്റി തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ വച്ച് അംഗീകരിക്കുകയും ഉദ്ദേശിച്ച ആള്‍ക്കാര്‍ ഭാരവാഹികളാകാത്തതിന്റെ പേരില്‍ നിലവില്‍ തിരഞ്ഞെടുത്ത പിടിഎ കമ്മിറ്റിയ്‌ക്കെതിരേ പരാതി നല്‍കി പിരിച്ചുവിട്ട നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്നും ഇവര്‍ കുറ്റപ്പെടുത്തി. കോടിക്കണക്കിന് വികസന പ്രവര്‍ത്തനം നടന്നുവരുന്ന സ്‌കൂളിന്റെ ഭരണം സിപിഎം സ്വന്തം വരുതിയില്‍ കൊണ്ടുവരുന്നതിന് പിന്നില്‍ നെടുമങ്ങാട് ഏരിയ കമ്മിറ്റിയ്ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള ശ്രമമാണെന്നും ഇവര്‍ ആരോപിച്ചു. നിലവിലുള്ള കമ്മിറ്റിയെ പിരിച്ചുവിട്ട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ കൊണ്ടുവരാനുള്ള ശ്രമം സിപിഎം ഉപേക്ഷിക്കണമെന്നും സ്‌കൂളിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് സിപിഎം തടസം നില്‍ക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top