നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അന്വേഷണ കൗണ്ടറില്ല

നെടുമങ്ങാട്: നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അന്വേഷണ കൗണ്ടര്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ യാത്രക്കാര്‍ വലയുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കു പുറപ്പെടുന്ന ബസ്സുകള്‍ക്ക് പ്രത്യേക ഇടമുണ്ടെങ്കിലും പുതുതായി ഇവിടെ എത്തുന്ന യാത്രക്കാര്‍ വിവരങ്ങള്‍ അന്വേഷിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ഡിപ്പോ ആരംഭിച്ച ആദ്യവര്‍ഷം അന്വേഷണ കൗണ്ടറും യാത്രക്കാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ അനൗണ്‍സ്‌മെന്റ് സംവധാനവും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. ഏതൊക്കെ ബസ്സുകള്‍ സ്റ്റാന്റില്‍ എത്തിച്ചേരുന്നു, അവ എപ്പോള്‍ പുറപ്പെടും എന്നീ വിവരങ്ങളെല്ലാം കൃത്യമായി മനസ്സിലാക്കാന്‍ ഈ സംവിധാനം സഹായിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഇവ പ്രവര്‍ത്തിക്കുന്നില്ല. ഇവിടെ എത്തുന്ന യാത്രക്കാര്‍ ബസ്സുകളുടെ വിവരങ്ങള്‍ അറിയാനാകാതെ വലയുകയാണ്. ആറ് ഷെല്‍ട്ടറുകളുള്ള ഇവിടെ ബസ്സുകള്‍ എവിടെയാണ് വരുന്നതെന്നോ പോകുന്നതെന്നോ യാത്രക്കാര്‍ക്കറിയില്ല. വിവരങ്ങളന്വേഷിക്കാന്‍ യാത്രക്കാര്‍ ആദ്യം ആശ്രയിക്കുന്നത് സ്‌റ്റേഷന്‍മാസ്റ്ററുടെ ഓഫിസിനെയാണ്. എന്നാല്‍ ഇവിടെയിരിക്കുന്ന ജീവനക്കാര്‍ മിക്കപ്പോഴും യാത്രക്കാരുടെ ചോദ്യങ്ങള്‍ കേട്ടതായിപോലും ഭാവിക്കുന്നില്ലന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം പിഎസ്‌സി പരീക്ഷ എഴുതാന്‍ പോവുന്ന നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍ സ്റ്റാന്റിലെത്തിയിരുന്നു. തങ്ങള്‍ക്ക് പോവേണ്ട ബസ് ഏതാണെന്നറിയാതെ ഇവര്‍ കഷ്ടപ്പെടുന്നത് കാണാമായിരുന്നു. മിക്ക പരീക്ഷാദിവസങ്ങളിലും ഇതു തന്നെയാണ് നെടുമങ്ങാട് ബസ് സ്റ്റേഷനിലെ സ്ഥിതി. ടൂറിസ്റ്റ് കേന്ദ്രമായ പൊന്മുടിയിലേക്കു പോവാനെത്തുന്ന വിദേശികള്‍ക്കു പോലും ഇവിടെ നിന്നും കൃത്യമായ വിവിരങ്ങള്‍ ലഭിക്കാറില്ല. തെങ്കാശിപാതയിലെ ഏറ്റവും പ്രധാന ബസ് സ്‌റ്റേഷനാണ് നെടുമങ്ങാട്. ബസ്സുകള്‍ തലങ്ങും വിലങ്ങും ഓടുന്നതല്ലാതെ യാത്രക്കാര്‍ക്ക് വിവരങ്ങളറിയാന്‍ കൃത്യമായ സംവിധാനങ്ങളില്ല. എന്‍ക്വയറി സംവിധാനം അടിയന്തരമായി പ്രവര്‍ത്തനക്ഷമമാക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top