നെടുങ്കണ്ടം പഞ്ചായത്തില്‍ എട്ട് തടയണകള്‍ നിര്‍മിക്കും

നെടുങ്കണ്ടം: ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്താന്‍ ജലനിധി ഒരുകോടി രൂപ ചിലവഴിച്ച് നെടുങ്കണ്ടം പഞ്ചായത്തിലെ വിവിധ മേഖലകളില്‍ എട്ടു തടയണകള്‍ നിര്‍മിക്കും. പഞ്ചായത്തിലെ 17ാം വാര്‍ഡ്, കനകപ്പാറ, ചെമ്പകക്കുഴി, ആനക്കല്ല്, കെഎസ്ഇബി വാര്‍ഡ്, കട്ടക്കയം, പുത്തന്‍പാലം, ടാങ്ക്പാറ എന്നിവിടങ്ങളിലാണു പഞ്ചായത്തും ജലനിധിയും ചേര്‍ന്നു തടയണകള്‍ നിര്‍മിക്കുന്നത്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു ഭൂഗര്‍ഭ ജലവിഭവ വകുപ്പ് അനുമതി നല്‍കി. വരുന്ന സാമ്പത്തിക വര്‍ഷം നിര്‍മാണം ആരംഭിക്കുമെന്നു സ്ഥിരം സമിതി ചെയര്‍മാന്‍ ശ്യാമള വിശ്വനാഥന്‍ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട വാര്‍ഡുകളില്‍ 20 ലക്ഷത്തോളം രൂപ ചെലവഴിച്ചാണു തടയണകളുടെ നിര്‍മാണം. വേനല്‍ കടുത്തതോടെ മേഖലയില്‍ ജലക്ഷാമം രൂക്ഷമാവുകയാണ്.
പഞ്ചായത്ത് വാര്‍ഡുകള്‍ കേന്ദ്രീകരിച്ചു പുറത്തുനിന്നു ജലമെത്തിച്ചാണു ശുദ്ധജല വിതരണം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ പഞ്ചായത്തില്‍ തടയണകള്‍ നിര്‍മിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. തുടര്‍ന്നു ജലനിധിയും പഞ്ചായത്തും ചേര്‍ന്നു നടത്തിയ ഇടപെടലിനെ തുടര്‍ന്നാണു പദ്ധതിക്കു ജലവിതരണ വകുപ്പ് അംഗീകാരം നല്‍കിയത്. മേഖലയിലെ കിണറുകളിലെയും കുളങ്ങളിലെയും തോടുകളിലെയും ജലവിതാനം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വന്‍തോതില്‍ താഴ്ന്നതായാണു ഭൂഗര്‍ഭ ജലവിഭവ വകുപ്പിന്റെ പഠന റിപോര്‍ട്ട്. ഈ സാഹചര്യത്തില്‍ ജലവിതാനം ഉയര്‍ത്താന്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ തടയണകള്‍ നിര്‍മിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.
തടയണ നിര്‍മിക്കുന്നതോടെ പഞ്ചായത്തിലെ ജലക്ഷാമത്തിന് ഒരുപരിധിവരെ പരിഹാരമാകും. തടയണകള്‍ നിര്‍മിക്കുന്ന സ്ഥലങ്ങളില്‍ സ്വാഭാവികമായി ജലം കെട്ടിനില്‍ക്കുന്നതോടെ തോടുകളിലും കുളങ്ങളിലും കിണറുകളിലും ജലവിതാനം ഉയരും.

RELATED STORIES

Share it
Top