നെടുങ്കണ്ടം തൂക്കുപാലം പുതിയ പാലത്തിന് വിള്ളല്‍

നെടുങ്കണ്ടം: തൂക്കുപാലം പുതിയ പാലത്തിന്റെ ഇരു ഭാഗങ്ങളിലുമായി നാലോളം വിള്ളലുകള്‍. വിള്ളലുകള്‍ രൂപപ്പെട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ പൊതുമാരാമത്ത് വകുപ്പ് സ്ഥലത്ത് പരിശോധനയ്‌ക്കെത്തിയിട്ടില്ല. ഒന്നര വര്‍ഷം മുമ്പ് നിര്‍മാണം പൂര്‍ത്തീകരിച്ച പാലത്തിന്റെ സംരക്ഷണ ഭിത്തിയില്‍ വിള്ളലുകള്‍ രൂപപ്പെട്ടതിനെക്കുറിച്ച് പഠനം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. ദിനംപ്രതി ആയിരക്കണക്കിനു വാഹനങ്ങളാണ് തൂക്കുപാലത്തെ പാലത്തിലൂടെ കടന്നുപോകുന്നത്. വിനോദസഞ്ചാര മേഖലയായ രാമക്കല്‍മെട്ടിലേക്ക് സഞ്ചാരികള്‍ എത്തുന്നത് ഈ പാലത്തിലൂടെയാണ്. പുതിയ പാലത്തിലുണ്ടായ വിള്ളല്‍ അപ്രോച്ച് റോഡിലേക്ക് മണ്ണിട്ടത് താഴ്ന്നതിനെ തുടര്‍ന്ന് രൂപപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. വിള്ളല്‍ രൂപപ്പെട്ട സാഹചര്യത്തില്‍ പാലത്തിന്റെ ബലം പരിശോധിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ രംഗത്തെത്തി. ഇതോടെ വിള്ളലുകള്‍ രൂപപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പൊതുമരാമത്ത് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ്. വിള്ളലുകളില്‍ പൊടി നിറഞ്ഞതോടെ രൂപപ്പെട്ട വിള്ളലുകള്‍ അടഞ്ഞിരിക്കുകയാണ്. സംരക്ഷണ ഭിത്തിയോട് ചേര്‍ന്ന് മണ്ണിട്ട ഭാഗങ്ങള്‍ താഴ്ന്നതാണ് നീളത്തില്‍ വിള്ളലുകള്‍ രൂപപ്പെട്ടതിനു കാരണം.

RELATED STORIES

Share it
Top