നെടുംപൊയില്‍-പേര്യ-മാനന്തവാടി റോഡ് പ്രവൃത്തി പാതിവഴിയില്‍

മാനന്തവാടി: ഫണ്ട് ലഭിക്കാത്തതിനാല്‍ പേര്യ-മാനന്തവാടി റോഡിന്റെ നവീകരണ പ്രവൃത്തികള്‍ പാതിവഴിയില്‍ നിര്‍ത്തി. നെടുംപൊയിലില്‍ നിന്നു പേര്യ വഴി മാനന്തവാടിയില്‍ എത്തുന്ന റോഡിന്റെ പ്രവൃത്തിയാണ്  വര്‍ഷങ്ങളായി ഇഴയുന്നത്. ബില്ല് മാറിക്കിട്ടാത്തതിനാല്‍ പ്രവൃത്തി തുടരാന്‍ കഴിയില്ലെന്നാണ് കരാറുകാരന്റെ വിശദീകരണം. 2012ല്‍ പൊതുമരാമത്ത് വകുപ്പ് ടെന്‍ഡര്‍ ചെയ്ത പ്രവൃത്തി മാനന്തവാടിയില്‍ നിന്നു ബോയ്‌സ് ടൗണ്‍ വരെ ഭാഗികമായി പൂര്‍ത്തീകരിച്ച് നിര്‍ത്തിവയ്ക്കുകയായിരുന്നു. 2017ല്‍ വീണ്ടും 13 കോടി രൂപ വകയിരുത്തി കഴിഞ്ഞ ഡിസംബറില്‍ പണി പുനരാരംഭിച്ചു. പത്ത് കിലോമീറ്റര്‍ ദൂരത്തിലാണ് നിലവില്‍  ഭാഗികമായി പൂര്‍ത്തീകരിച്ചിരിക്കുന്നത്. ബാക്കി ഭാഗത്തെ പ്രവൃത്തിയാണ് നിലച്ചത്.
നവീകരണ പ്രവൃത്തികള്‍ക്കു മുന്നോടിയായി റോഡ് കുത്തിപ്പൊളിച്ചത് ഇരട്ടി ദുരിതത്തിനിടയാക്കിയിരിക്കുകയാണ്. ചില ഭാഗങ്ങളില്‍ ടാറിങ് അടര്‍ത്തിമാറ്റിയതിനാല്‍ മഴ പെയ്ത് റോഡില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. മഴ ശക്തിപ്രാപിക്കുന്നതോടെ യാത്ര കൂടുതല്‍ പ്രയാസകരമാവും. നിലവിലെ ടെന്‍ഡര്‍ കാലാവധി 30ന് അവസാനിക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നു ലഭിക്കുന്ന വിവരം. ഈ കാലവധിക്കുള്ളില്‍ നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ നടപടിയുണ്ടായില്ലെങ്കില്‍ നാട്ടുകാരുടെ ദുരിതം അനന്തമായി നീളും.

RELATED STORIES

Share it
Top