നെഞ്ചുവേദന: നവാസ് ശരീഫിനെ ആശുപത്രിയിലേക്ക് മാറ്റി

ഇസ്‌ലാമാബാദ്: ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആദില ജയിലില്‍ കഴിയുന്ന പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനെ ആശുപത്രിയിലേക്ക് മാറ്റി. ഇസ്‌ലാമാബാദിലെ പാകിസ്താന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്കാണ് മാറ്റിയത്.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധന നടത്തിയ മെഡിക്കല്‍ സംഘത്തിന്റെ ശുപാര്‍ശ അനുസരിച്ച് പാകിസ്താനിലെ കാവല്‍ സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കുകയായിരുന്നു. വൃക്ക തകരാറിലായതിനു പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായി കഴിഞ്ഞയാഴ്ച റിപോര്‍ട്ടുകളുണ്ടായിരുന്നു. നവാസ് ശരീഫിന്റെ ഇസിജിയില്‍ വ്യത്യാസം കണ്ടെത്തിയതായി പഞ്ചാബ് മുഖ്യമന്ത്രി ഹസന്‍ അസ്‌കരി റിസ്‌വി അറിയിച്ചു.
അഴിമതിക്കേസില്‍ കോടതി 10 വര്‍ഷം തടവുശിക്ഷിച്ച അദ്ദേഹം കഴിഞ്ഞ 13നാണ് ലണ്ടനില്‍ നിന്നു മടങ്ങിയെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റിലായത്. നവാസ് ശരീഫ് ഉടന്‍ സുഖം പ്രാപിക്കാനായി പ്രാര്‍ഥിക്കുന്നതായി ഇംറാന്‍ ഖാന്‍ അറിയിച്ചു.

RELATED STORIES

Share it
Top