നെഞ്ചുവിരിച്ച് സാമുറായികളുടെ മടക്കം

മോസ്‌കോ: 'സാമുറായ് ബ്ലൂ' എന്നാണ് ജാപ്പനീസ് ഫുട്‌ബോള്‍ ടീമിന്റെ ഓമനപ്പേര്. യുദ്ധവീരന്‍മാരായ സാമുറായികളോട് സാമ്യപ്പെടുത്തിയാണ് ഈ പേര് ഫുട്‌ബോള്‍ ടീമിന്  നല്‍കിയിരിക്കുന്നത്. സാമുറായികളെ അനുസ്മരിപ്പിക്കുംവിധം റഷ്യന്‍ ലോകകപ്പില്‍ വലിയ പോരാട്ട വീര്യമാണ് ജപ്പാന്‍ പുറത്തെടുത്തത്. പ്രീക്വാര്‍ട്ടറിലെ മല്‍സരത്തില്‍ ബെല്‍ജിയത്തിനെതിരേ മുന്നിട്ടുനിന്ന ശേഷം അവസാന നിമിഷങ്ങളില്‍ നെഞ്ചകം തകര്‍ന്നെങ്കിലും നെഞ്ചു വിരിച്ചുതന്നെയാണ് സാമുറായിക്കൂട്ടം നാട്ടിലേക്കു മടങ്ങുന്നത്.
ഏഷ്യാ വന്‍കരയൊന്നടങ്കം പിന്നാക്കം പോയ റഷ്യന്‍ ലോകകപ്പില്‍ ഏഷ്യയുടെ ഏക പ്രതിനിധി ആയിരുന്നു ജപ്പാന്‍. കരുത്തരായ ബെല്‍ജിയത്തിനെതിരേ അവര്‍ മല്‍സരിക്കാനിറങ്ങുമ്പോള്‍ ബെല്‍ജിയത്തിനു തന്നെയായിരുന്നു കാല്‍പ്പന്തുകളി നിരൂപകരുടെ ഫുള്‍ മാര്‍ക്ക്. ആദ്യ പകുതിയില്‍ വെറും ബെല്‍ജിയം ആധിപത്യം മാത്രമായിരുന്നു ഫലം. പക്ഷേ, രണ്ടാം പകുതിയില്‍ കളി മാറി. റഷ്യയിലേക്ക് പുറപ്പെടാന്‍ തീരുമാനിച്ചപ്പോള്‍ മാത്രം ജപ്പാന്റെ പരിശീലകനായി ചേര്‍ന്ന നിഷീനോ രണ്ടാം പകുതിയില്‍ അദ്ഭുതങ്ങളാണു കാണിച്ചത്.
കളി രണ്ടാം പകുതിയില്‍ പൊടുന്നനെ ജപ്പാന്റെ വരുതിയില്‍. ആദ്യം 48ാം മിനിറ്റില്‍ വെര്‍ടോംഗന്റെ ഒരു പിഴവ് മുതലാക്കി ഹറഗുചിയുടെ സ്‌ട്രൈക്ക്. ചെല്‍സി ഗോള്‍കീപ്പര്‍ കോര്‍ട്ടുവയുടെ നീണ്ട കൈകള്‍ക്കും അതെത്തിപ്പിടിക്കാനായില്ല. ബെല്‍ജിയന്‍ ആരാധകരെയും കളിക്കാരെയും ഒക്കെ നിശബ്ദരാക്കിയ ആ ഗോളായിരുന്നു ജപ്പാന്റെ ലോകകപ്പ് ചരിത്രത്തിലെ ആദ്യത്തെ നോക്കൗട്ട് ഗോള്‍. ആ ഗോളിനൊപ്പം മല്‍സരത്തിന്റെ നിയന്ത്രണവും ജപ്പാന്‍ ഏറ്റെടുത്തു. നാലു മിനിറ്റുകള്‍ക്ക് അപ്പുറം തകാചി ഇനുയിയുടെ വക ഒരു ലോങ് റേഞ്ചര്‍. ഏഷ്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ മൊത്തം ആ സ്‌ട്രൈക്ക് ആഘോഷിച്ച് കാണും. 2-0 എന്ന സ്‌കോറിന് ബെല്‍ജിയത്തിനെതിരേ ലീഡ് ചെയ്യുന്ന ജപ്പാന്‍. പക്ഷേ, അതിനുശേഷം ബെല്‍ജിയം ടാക്ടിക്‌സ് മാറ്റി. കാലിലെ കളി മാറ്റി തടിമിടുക്കും ഉയരവും ആക്കി മാറ്റി ടാക്ടിക്‌സ്. ഇതിനായി ഫെല്ലൈനിയും രംഗത്തെത്തി. പിന്നീട് കണ്ടത് ചരിത്രം കണ്ട ബെല്‍ജിയം തിരിച്ചുവരവായിരുന്നു. ഫെല്ലൈനിയുടെ അടക്കം രണ്ട് ഹെഡറുകള്‍ കളി 2-2 എന്നാക്കി.
മികച്ചൊരു കൗണ്ടറിലൂടെ ബെല്‍ജിയം അവസാന വിസിലിന് മുമ്പുള്ള അവസാന കിക്കില്‍ വിജയഗോള്‍ കണ്ടെത്തി. ചരിത്ര തിരിച്ചുവരവിന്റെ ആഘോഷം ഒരുവശത്ത് നടക്കുമ്പോള്‍ ഏഷ്യക്കാകെ അഭിമാനം നല്‍കി ജപ്പാന്‍ മടങ്ങുകയായിരുന്നു.
1998ല്‍ ലോകകപ്പ് വേദിയിലേക്ക് ആദ്യമായി കടന്നെത്തിയ ജപ്പാന്റെ ആറാമത്തെ ലോകകപ്പാണ് റഷ്യയിലേത്. അവരുടെ ലോകകപ്പിലെ ഈ അതിശയകരമായ പ്രകടനങ്ങളുടെ കാരണം ജപ്പാനില്‍ വളര്‍ന്നുവരുന്ന ഫുട്‌ബോളിനോടുള്ള ജനപ്രീതിയാണ്. ചില ഫുട്‌ബോള്‍ നിരീക്ഷകര്‍ പറയുന്നത് ജപ്പാനില്‍ മൊബൈല്‍ ഫോണ്‍ വളരുന്ന വേഗത്തിലാണ് ഫുട്‌ബോളും വളരുന്നതെന്നാണ്. മൊബൈല്‍ കണക്ഷനുകള്‍ അതിവേഗം വര്‍ധിക്കുന്ന ജപ്പാനില്‍ അതേ വേഗതയില്‍ തന്നെ ഇപ്പോള്‍ ഫുട്‌ബോള്‍ ജ്വരവും പടര്‍ന്നുപിടിക്കുകയാണ്. സ്‌പെയിന്‍ സൂപ്പര്‍ താരം അന്ദ്രേ ഇനിയേസ്റ്റ ബാഴ്‌സലോണ വിട്ട് ജാപ്പനീസ് ലീഗിലെ ക്ലബ്ബായ വിസ്സല്‍ കോബുമായി കരാറിലേര്‍പ്പെട്ടതോടെ ജപ്പാന്‍ ഫുട്‌ബോളില്‍ ഇനിയും അദ്ഭുതം സംഭവിക്കുമെന്നുറപ്പ്.

RELATED STORIES

Share it
Top