നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഹൈടെക് പാര്‍ക്കൊരുങ്ങുന്നു

സുല്‍ത്താന്‍ ബത്തേരി: രോഗനിര്‍ണയവും ചികില്‍സയും മാത്രമല്ല, ഇനി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍. വികസനത്തില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന വനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യകേന്ദ്രത്തില്‍ കുട്ടികള്‍ക്കായി ഹൈടെക് പാര്‍ക്കൊരുങ്ങുന്നു. ആശുപത്രി വളപ്പില്‍ പ്രത്യേകം തയ്യാറാക്കിയ ഇടങ്ങളിലാണ് 4,13,034 രൂപയുടെ വിനോദോപാധികള്‍ സ്ഥാപിക്കുക.
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബില്‍ഡ് ഇന്ത്യ എന്ന സ്ഥാപനത്തിനാണ് പാര്‍ക്കില്‍ അത്യാധുനിക വിനോദോപാധികള്‍ സ്ഥാപിക്കാനുള്ള ചുമതല. മാര്‍ച്ചില്‍ ടെന്‍ഡര്‍ ഓര്‍ഡര്‍ ലഭിച്ചതു മുതല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവൃത്തികള്‍ നടന്നുവരികയാണ്. ഈ മാസം അവസാനത്തോടെ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പാര്‍ക്ക് തുറന്നുകൊടുക്കും. ഒരേസമയം ഏഴു കുട്ടികളെ ഉള്‍ക്കൊള്ളുന്ന 2,24,715 രൂപയുടെ മള്‍ട്ടി ആക്റ്റിവിറ്റി പ്ലേ സിസ്റ്റമാണ് പ്രധാന ആകര്‍ഷണം. ഒന്നര മീറ്റര്‍ നീളമുള്ള വേവ് സ്ലൈഡ് (45,410 രൂപ), മെറി ഗോ റൗണ്ട് ആനിമല്‍ (40,291 രൂപ), സീസോ (10,240 രൂപ), സ്പ്രിങ് റൈഡല്‍ ഡക്ക് (13,801 രൂപ), വിക്ടോറിയ ബെഞ്ച് (19,032 രൂപ), ബ്രിഞ്ചാല്‍ ബിന്‍ (11,241 രൂപ), ട്രങ്ക് ബിന്‍ (10,907 രൂപ), ഒരേ സമയം മൂന്നുപേര്‍ക്ക് ഇരിക്കാവുന്ന ഡീലക്‌സ് ഊഞ്ഞാല്‍ (37,397 രൂപ) എന്നിവയാണ് പാര്‍ക്കിലെ മറ്റ് ആകര്‍ഷണങ്ങള്‍.
ആദിവാസി ജനവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ അവരുടെ മക്കളെ ഉദ്ദേശിച്ചാണ് പാര്‍ക്ക് വിഭാവനം ചെയ്തതെന്നു മെഡിക്കല്‍ ഓഫിസര്‍ ഡോ. വി പി ദാഹര്‍ മുഹമ്മദ് പറഞ്ഞു.
ജില്ലയില്‍ മറ്റെവിടെയും ഇത്തരത്തിലൊരു പാര്‍ക്കില്ലെന്നും പണം മുടക്കി വിനോദ കേന്ദ്രങ്ങളില്‍ പോവാന്‍ കഴിയാത്ത ആദിവാസി കുട്ടികളുടെ മാനസികോല്ലാസത്തിന് പാര്‍ക്ക് ഏറെ ഉപകാരപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

RELATED STORIES

Share it
Top