നൂറ് ശതമാനം നികുതി പിരിവ്: മൂന്നിയൂര്‍ പഞ്ചായത്തിന് അഭിമാനനേട്ടം

തിരൂരങ്ങാടി: നികുതിയിനത്തില്‍ അടവാക്കേണ്ട മുഴുവന്‍ തുകയും കുടിശ്ശികയുള്‍പ്പെടെ പിരിവ് പൂര്‍ത്തിയാക്കി അഭിമാന നേട്ടം കൊയ്ത് മൂന്നിയൂര്‍ ഗ്രാമപ്പഞ്ചായത്ത്. 17823 ഡിമാ ന്റുകളിലായി 1,13,64391 രൂപയാണ് ആര്‍ആര്‍ ജപ്തി, പ്രോസിക്യൂഷന്‍ നടപടികളൊന്നുമില്ലാതെ നികുതി പിരിച്ചെടുത്ത് മാതൃകയായത്. 22.66 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണവും എഴുപതിനായിരത്തോളം ജനസംഖ്യയുമുള്ള മൂന്നിയൂര്‍ ഗ്രാമപ്പഞ്ചായത്ത് ആദ്യമായിട്ടാണ് ഈ നേട്ടം കൈവരിക്കുന്നത്.
2017-18 വാര്‍ഷിക പദ്ധതി ചെലവിനത്തില്‍ 85 ശതമാനം തുകയും ചെലവഴിക്കുവാനും ഇതുവരെ പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്.  2018-19 വാര്‍ഷിക പദ്ധതിക്ക് 5,52,52,000 രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരവും ഗ്രാമപ്പഞ്ചായത്തിന് ലഭിച്ചു.
പഞ്ചായത്ത് കൈവരിച്ച ഈ അപൂര്‍വ നേട്ടത്തെ പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗം സീനിയര്‍ സൂപ്രണ്ട് രാമന്‍കുട്ടി വാര്യര്‍  പഞ്ചായത്തില്‍ നേരിട്ടെത്തി അനുമോദിച്ചു.
നികുതി അടവാക്കുന്നതിന്  നല്ലവരായ നാട്ടുകാരുടെ  സഹകരമാണ് ഈ നേട്ടത്തിലെത്തിച്ചതെന്ന്  ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കുട്ടശ്ശേരി ശരീഫ, വൈസ് പ്രസിഡന്റ് എന്‍ എം. അന്‍വര്‍ സാദത്ത്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം എ അസീസ്, അസിസ്റ്റന്റ് സെക്രട്ടറി സി എ നാസില, ജൂനിയര്‍ സൂ പ്രണ്ട് എം ഷാജു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

RELATED STORIES

Share it
Top