നൂറ്, അമ്പത് രൂപ മുദ്രപത്രം കിട്ടാനില്ല; ജനം വലയുന്നു

മട്ടാഞ്ചേരി: സാധാരണക്കാര്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന നൂറ്, അമ്പത് രൂപയുടെ മുദ്രപത്രങ്ങള്‍ ജില്ലയില്‍ ലഭിക്കുന്നില്ല. ഇതോടെ സാധാരണക്കാര്‍ വിവിധ ആവശ്യങ്ങള്‍ക്ക് കൂടിയ തുകയുടെ മുദ്രപത്രം വാങ്ങേണ്ട അവസ്ഥയിലാണ്. ആധാരങ്ങളുടെ പകര്‍പ്പ്, ജനന, മരണ സര്‍ട്ടിഫിക്കറ്റ്, വാടക കരാര്‍ എന്നിവ എഴുതുന്നതിനാണ് ആളുകള്‍ ഈ തുകയുടെ മുദ്രപത്രം ഉപയോഗിക്കുന്നത്. 20, 10 രൂപയുടെ മുദ്രപത്രങ്ങള്‍ ലഭ്യമാണെങ്കിലും ഇത്തരം ആവശ്യങ്ങള്‍ക്ക് ഇത് സ്വീകരിക്കില്ലെന്നാണ് അധികൃതര്‍ പറയുന്നത്. പോക്ക് വരവിനും ബാങ്ക് വായ്പക്കും മറ്റുമാണ് ആധാരത്തിന്റെ പകര്‍പ്പ് രജിസ്റ്റര്‍ ഓഫിസില്‍ നിന്ന് എടുക്കുന്നത്. എന്നാല്‍ അമ്പത് രൂപ മുദ്രപത്രം ഇല്ലാത്തതിനാല്‍ അപേക്ഷ സ്വീകരിക്കാത്ത അവസ്ഥയാണ്. നൂറ് രൂപയുടെ മുദ്രപത്രവും ഇല്ലാതായാതോടെ അഞ്ഞൂറ് രൂപയുടെ മുദ്രപത്രത്തെയാണ് ആളുകള്‍ ആശ്രയിക്കുന്നത്. ഇത് കടുത്ത സാമ്പത്തിക നഷ്ടത്തിനാണ് ഇട വരുത്തുന്നത്. അമ്പത് രൂപക്ക് തുല്യമായി ഇരുപത്, പത്ത് രൂപയുടെ മുദ്രപത്രവുമായി ചെല്ലാമെന്ന് കരുതിയാല്‍ ഇത് അധികൃതര്‍ സ്വീകരിക്കുകയുമില്ല. നൂറ് കണക്കിനാളുകളാണ് ആഴ്ചകളായി ആധാരത്തിന്റെ പകര്‍പ്പിനായി ഇപ്പോള്‍ രജിസ്റ്റര്‍ ഓഫിസ് കയറിയിറങ്ങുന്നത്. ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ക്കും അമ്പത് രൂപ മുദ്രപത്രമാണ് വേണ്ടത്. കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുന്നതിനാണ് രക്ഷിതാക്കള്‍ ജനന സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കുന്നത്. മരണ സര്‍ട്ടിഫിക്കറ്റും വിവിധ ആവശ്യങ്ങള്‍ക്ക് അനിവാര്യമാണ്. ഇതിനെല്ലാം ഇപ്പോള്‍ അഞ്ഞൂറ് രൂപ മുദ്രപത്രത്തെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജനം. ജില്ലയില്‍ ഞാറക്കല്‍, മുളന്തുരുത്തി എന്നീ ട്രഷറികളില്‍ നേരത്തേയുണ്ടായിരുന്ന മുദ്രപത്രവും ഇപ്പോള്‍ ലഭിക്കാത്ത അവസ്ഥയാണ്. കേന്ദ്രത്തില്‍ നിന്ന് ഈ വിലയുടെ മുദ്രപത്രം ലഭിക്കാത്തതാണ് കാരണമെന്നാണ് പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഈയിനത്തില്‍ കേന്ദ്രത്തിന് നല്‍കേണ്ട വിഹിതം അടക്കാത്തതാണ് മുദ്രപത്രം ലഭിക്കാത്തതിന് കാരണമെന്നാണ് പറയുന്നത്. റവന്യൂ സ്റ്റാമ്പും ലഭിക്കാത്ത സാഹചര്യമാണ്. സര്‍ക്കാരിന്റെ വിവിധ സാമ്പത്തിക ഇടപാടുകള്‍ക്ക് റവന്യൂ സ്റ്റാമ്പ് ആവശ്യമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായം ലഭിക്കുന്നതിനും റവന്യൂ സ്റ്റാമ്പ് അനിവാര്യമാണ്. ഇതും ലഭിക്കാതായതോടെ രോഗികളായവരും ദുരിതത്തിലായിരിക്കുകയാണ്.

RELATED STORIES

Share it
Top