നൂറോളം കേന്ദ്രങ്ങളില്‍ പരിശോധന;35 ലക്ഷം രൂപ കണ്ടെടുത്തു

കൊല്ലം: ബ്ലേഡ് മാഫിയയ്‌ക്കെതിരേ 'ഓപറേഷന്‍ ഷൈലോക്ക്-രണ്ട്'എന്ന പേരില്‍ കൊല്ലം സിറ്റി പരിധിയില്‍ നൂറോളം കേന്ദ്രങ്ങളില്‍ പരിശോധന. ഇന്നലെ രാവിലെ ആറ് മുതല്‍ അതീവ രഹസ്യമായി നടത്തിയ റെയ്ഡിലും പരിശോധനയിലും അനധികൃതമായി സൂക്ഷിച്ച 35 ലക്ഷത്തിലേറെ രൂപായും മെഴ്‌സിഡസ് ബെന്‍സ് അടക്കമുള്ള ആഢംബര വാഹനങ്ങള്‍, നൂറുകണക്കിന് വാഹനങ്ങളുടെ ആര്‍സി ബുക്കുകള്‍,  ഒപ്പിട്ട് തുക എഴുതാത്ത ചെക്കുകള്‍, മുദ്രപത്രങ്ങള്‍, ആധാരങ്ങള്‍, തുടങ്ങിയവ ഉള്‍പ്പടെയുളള രേഖകള്‍ കണ്ടെടുത്തു.പതിനഞ്ചോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൃത്യമായ ആസൂത്രണത്തതോടെയാണ് ഓപറേഷന്‍ ഷൈലോക്ക് പദ്ധതി ഇന്നലെ പുലര്‍ച്ചെ ആരംഭിച്ചത്. വിവരങ്ങള്‍ ഒരു തരത്തിലും ചോരാതിരിക്കാനായി പരിശോധന നടത്തേണ്ട ഇടങ്ങളുടെ വിവരം ഇന്നലെ രാവിലെ ആറോട്് കൂടി മാത്രമാണ് ജില്ലാ പോലിസ് മേധാവിയുടെ ഓഫിസില്‍ നിന്നും അതാത് സ്റ്റേഷനുകളില്‍ മുദ്രവച്ച കവറുകളില്‍ എത്തിച്ച് കൊടുത്തത്. രഹസ്യ വിവരങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തില്‍ ജില്ലയിലെ ധനകാര്യ സ്ഥാപനങ്ങളും വ്യക്തികളും നേരത്തെ പോലിസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് നിരിക്ഷണങ്ങളുടെയും മറ്റും അടിസ്ഥാനത്തില്‍ കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍ എസ് അജിതാബേഗത്തിന്റെ നിര്‍ദ്ദേശാനുസരണം കൊല്ലം സിറ്റിയിലെ മുഴുവന്‍ പോലിസിനേയും ഏകോപിപ്പിച്ചാണ് ഇന്നലെ “ഓപ്പറേഷന്‍ ഷൈലോക്ക്-രണ്ട്’’ എന്ന പേരില്‍ പരിശോധന നടത്തിയത്. സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി എസ് ഷിഹാബുദ്ദീന്‍, കൊല്ലം എസിപി ജോര്‍ജ്ജ് കോശി, കരുനാഗപ്പള്ളി എസിപി എസ് ശിവപ്രസാദ്, ചാത്തന്നൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ നേതൃത്വത്തിലായിരുന്നു പരിശോധന. വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വരും ദിവസങ്ങിലും പരിശോധന തുടരുമെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു. ഇത് കൂടാതെ കൊല്ലം സിറ്റി പരിധിയില്‍ ഗുണ്ടാ നിയമ പ്രകാരം നടപടിയെടുക്കേണ്ട കുറ്റവാളികള്‍ക്കെതിരേയും കര്‍ശന നടപടികള്‍ തുടങ്ങിയതായും സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു.

RELATED STORIES

Share it
Top