നൂറുമേനി വിളഞ്ഞ് വള്ളിക്കോട് വേട്ടക്കുളം പാടശേഖരം

പത്തനംതിട്ട: നൂറ് മേനി വിളഞ്ഞ വള്ളിക്കോട് വേട്ടക്കുളം പാടശേഖരഞ്ഞെ കൊയ്ത്ത് നാടിന് ഉല്‍സവമായി. പട്ടാളപ്പുഴുവിന്റെ ആക്രമണവും മുഞ്ഞ ബാധയും മൂലം കഴിഞ്ഞ വര്‍ഷം ഈ പാടത്ത് വീണ കര്‍ഷകന്റെ കണ്ണീരിന് പരിഹാരമെന്ന വണ്ണം ഇത്തവണ പതിവിലും രണ്ടിരട്ടി വിളവാണ് ഇവിടെ ലഭിച്ചത്. രൂക്ഷമായ പട്ടാളപ്പുഴുവിന്റെ ആക്രമണവും മുഞ്ഞ ബാധയും കടുത്ത വേനലും കാരണം കഴിഞ്ഞ വര്‍ഷം വള്ളിക്കോട്ടെ പാടശേഖരങ്ങളിലെ  നെല്‍കൃഷി ഏതാണ്ട് പൂര്‍ണ്ണമായും കര്‍ഷകര്‍ വിളവെടുക്കാതെ ഉപേക്ഷിക്കുകയായിരുന്നു.
അപ്പര്‍കുട്ടനാട് കഴിഞ്ഞാല്‍ പത്തനംതിട്ട ജില്ലയിലെ ഏറ്റവും കൂടുതല്‍ നെല്‍കൃഷി നടക്കുന്നത് വള്ളിക്കോട് പഞ്ചായത്തിലെ, നടുവത്തൊടി, കാരുവേലി, തലച്ചേമ്പ്, വേട്ടക്കുളം, എന്നീ പാടശേഖരങ്ങളിലാണ്. കഴിഞ്ഞ വര്‍ഷം ഇവിടെ വീണ കര്‍ഷകന്റെ കണ്ണീരൊപ്പാനെന്നവണ്ണം ഇത്തവണ വള്ളിക്കോട്ടെ എല്ലാ പാടശേഖരങ്ങളും  സ്വര്‍ണ്ണവര്‍ണ്ണമണിഞ്ഞ് കര്‍ഷകര്‍ക്കും കഴ്ച്ചക്കാര്‍ക്കും ഒരുപോലെ ദൃശ്യവിരുന്നൊരുക്കിയിട്ടുണ്ട്. സമൃദ്ധമായ വിളവ് ലഭിച്ചതിനാല്‍ ഇത്തവണത്തെ വിളവെടുപ്പ് ഉല്‍സവ ശ്ചായയില്‍ ആഘോഷമാക്കുകയാണ് കര്‍ഷകരും നാട്ടുകാരും.
വേട്ടക്കുളം പാടശേഖരത്തെ വിളവെടുപ്പുല്‍സവം ജില്ലാ പഞ്ചായത്ത് അംഗം എലിസബെത്ത് അബു ഉദ്ഘാടനം ചെയ്തു. കോന്നി ബ്ലോക്കിന്റെ പരിധിയില്‍ 200 ഹെക്ടര്‍ നെല്‍കൃഷി ഉള്ളതില്‍ 150 ഹെക്ടറും വള്ളിക്കോട്ടെ പാടശേഖരങ്ങളിലാണെന്നും എലിസബത്ത് അബു പറഞ്ഞു.
വള്ളിക്കോട് പാടശേഖരങ്ങളില്‍ പന്നി ശല്ല്യം ഏറെ രൂക്ഷമാണെന്നും പന്നി ശല്ല്യത്തിന് പരിഹാരം കണ്ടാല്‍ മാത്രമേ ഇവിടെ കൃഷി പൂര്‍ണ്ണതയിലെത്തിക്കാനാകു എന്നും വള്ളിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസിമോള്‍ ജോസഫ് പറഞ്ഞു. കൊയ്ത്ത് യന്ത്രം ഉപയോഗിച്ചാണ് ഇവിടെ വിളവെടുപ്പ് നടക്കുന്നത്. വൈസ് പ്രസിഡന്റ് വൈ മണിലാല്‍, കൃഷി ഓഫീസര്‍ എസ് ബിന്ദു, അംഗം നിര്‍മ്മല സാം പാടശേഖര സമിതി പ്രസിഡന്റ് മോഹനക്കുറുപ്പ് സംസാരിച്ചു.

RELATED STORIES

Share it
Top