നൂതന സാങ്കേതികവിദ്യകളുടെ വികസനത്തിന് സമയമായി: ഡോ. കെ ശിവന്‍

കൊച്ചി: സോണാര്‍ സാങ്കേതികവിദ്യയും അന്തര്‍ജല സെന്‍സറുകളുടെ സാങ്കേതികവിദ്യയും സംബന്ധിച്ച രാജ്യാന്തര സമ്മേളനം ഐക്കോണ്‍സ് 2018ന് അങ്കമാലിയില്‍ തുടക്കം. പ്രതിരോധവകുപ്പിനു കീഴില്‍ 1958ല്‍ സ്ഥാപിതമായ ഡിആര്‍ഡിഒയുടെ സുപ്രധാന ലബോറട്ടറി വിഭാഗമായ നേവല്‍ ഫിസിക്കല്‍ ആന്റ് ഓഷ്യാനോഗ്രഫിക് ലബോറട്ടറിയാണ് സമ്മേളനത്തിന്റെ സംഘാടകര്‍.
ഡിആര്‍ഡിഒയുടെ വജ്രജൂബിലി ആഘോഷത്തിന് തുടക്കം കുറിച്ചാണു സമ്മേളനം നടക്കുന്നത്. സമ്മേളനത്തിന്റെ ഉദ്ഘാടനം ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്‍ നിര്‍വഹിച്ചു. ഐഎസ്ആര്‍ഒയുടെയും ഡിആര്‍ഡിഒയുടെയും സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ച് വൈവിധ്യമാര്‍ന്നതും ശക്തിയുക്തവുമായ നൂതന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനുള്ള സമയമായെന്ന് ഡോ. കെ ശിവന്‍ അഭിപ്രായപ്പെട്ടു.
ഐഎസ്ആര്‍ഒ റഡാറിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ നിങ്ങള്‍ സോണാറിനെപ്പറ്റി സംസാരിക്കുന്നു. പ്രവര്‍ത്തന തത്ത്വങ്ങള്‍ രണ്ടു മേഖലയിലും ഒന്നാണ്. യോജിച്ചുള്ള പ്രവര്‍ത്തനത്തിന് വിശാലമായ വേദിയാണുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡിഫന്‍സ് സെക്രട്ടറിയും ഡിആര്‍ഡിഒ ചെയര്‍മാനുമായ ഡോ. എസ് ക്രിസ്റ്റഫര്‍ അധ്യക്ഷത വഹിച്ചു. രാഷ്ട്രത്തിന്റെ പ്രതിരോധ ശാസ്ത്ര സാങ്കേതിക മേഖല അതിവേഗം പുരോഗമിക്കാന്‍ ഇന്ത്യക്കകത്തും രാജ്യാന്തരതലത്തിലും ഗവേഷണ-സാങ്കേതിക വ്യവസായമേഖലകളുമായുള്ള സഹകരണത്തിന് ഡിആര്‍ഡിഒ സദാസന്നദ്ധമാണെന്ന് ഡോ. എസ് ക്രിസ്റ്റഫര്‍ പറഞ്ഞു.
ഓര്‍ഗനൈസിങ് ചെയര്‍മാനും എന്‍പിഒഎല്‍ ഡയറക്ടറുമായ എസ് കേദാര്‍നാഥ് ഷേണായി, സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്‌സിറ്റി പ്രഫ. ആരോഗ്യസ്വാമി ജെ പോള്‍രാജ് മുഖ്യപ്രഭാഷണം നടത്തി. ഡോ. വി കെ ആത്ര, റിയര്‍ അഡ്മിറല്‍ ആന്റണി ജോര്‍ജ്, ഡോ. സമീര്‍ കമ്മത്ത്, ഡോ. ടി മുകുന്ദന്‍ സംസാരിച്ചു.

RELATED STORIES

Share it
Top