നൂതന പദ്ധതികളുമായി അഴിയൂര്‍ ഗ്രാമപ്പഞ്ചായത്ത്‌

വടകര: അഴിയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ഭൂപ്രകൃതിയില്‍ 24 ശതമാനം വരുന്ന വ്യത്യസ്ത ജലസ്രോതസ്സുകളുടേയും, 6 കുന്നുകളുള്ള കുന്നിന്‍ പ്രദേശത്തെ നീര്‍മറിയില്‍ നിന്ന് താഴ്‌വര വരെ എന്ന സമീപനം സ്വീകരിച്ച്, മുഴുവന്‍ കിണറുകളും ഓഡിറ്റ് ചെയ്ത് ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനായി ഹരിത സംഗമം സംഘടിപ്പിച്ചു. വിപുലമായ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഹരിത കേരള മിഷന്റെയും, ജനപ്രതിനിധികളുടെയും വാര്‍ഡ് വികസന സമിതി കണ്‍വീനര്‍മാരുടേയും ആഭിമുഖ്യത്തില്‍ അടുത്ത വര്‍ഷത്തേക്കുള്ള ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് വേണ്ടിയാണ് സംഗമം നടത്തിയത്. സംഗമം സിഡബ്ല്യുഡിആര്‍ഡിഎം ടെക്‌നിക്കല്‍ ഓഫീസര്‍ ശശിധരന്‍ വള്ളിക്കുടിയന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇടി അയ്യൂബ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ് വിഷയാവതരണം നടത്തി. വൈസ് പ്രസിഡണ്ട് റീന രയരോത്ത് ജല പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്ഥിരംസമിതി അധ്യക്ഷന്‍മാരായ ഉഷ ചാത്തങ്കണ്ടി, സുധ മാളിയേക്കല്‍, ജാസ്മിന കല്ലേരി, പഞ്ചായത്ത് മെമ്പര്‍മാരായ ശുഭ മുരളീധരന്‍, വഫ ഫൈസല്‍, പിപി ശ്രീധരന്‍, ഷീബ അനില്‍, ഉഷ കുന്നുമ്മല്‍, വിപി ജയന്‍, രാജന്‍ മാസ്റ്റര്‍. ഷംന, ഭരതന്‍ ചാപ്പയില്‍ സംസാരിച്ചു.  പഞ്ചായത്തിലെ ഉപ്പ് വെള്ളം കയറുന്ന പ്രദേശങ്ങളെ സംരക്ഷിക്കുവാനും, ജനങ്ങള്‍ കുടിവെള്ളത്തിനായി 70 ശതമാനം ആശ്രയിക്കുന്ന കിണറുകള്‍ ഓഡിറ്റ് ചെയ്യുവാനും, പൊതു കുളങ്ങളും, പത്ത് കിലോമീറ്റര്‍ നീളമുള്ള കടലേര പുഴയോരത്തെ ഫലപ്രദമായി ഉപയോഗിക്കുവാനും ഉതകുന്ന ജലരേഖ ഉണ്ടാക്കുവാനും സംഗമം തീരുമാനിച്ചു.

RELATED STORIES

Share it
Top