നൂതന ആയുര്‍വേദ ലേബര്‍ റൂമില്‍ സുഖപ്രസവം

തിരുവനന്തപുരം: ഗവ. ആയുര്‍വേദ കോളജിനു കീഴിലുള്ള പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ നൂതന സൗകര്യങ്ങളോടു കൂടിയ ആയുര്‍വേദ ആശുപത്രി ലേബര്‍ റൂമില്‍ ആദ്യമായി ഒരു പ്രസവം വിജയകരമായി നടന്നു. ആശുപത്രി സ്ഥാപിതമായ കാലം തൊട്ട് പരിമിതമായ സൗകര്യങ്ങളോടെ പ്രസവം നടന്നിരുന്നെങ്കിലും അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലേബര്‍ റൂമില്‍ പ്രസവം നടക്കുന്നത് ഇതാദ്യമാണ്. വട്ടപ്പാറ ചിറ്റാഴ സ്വദേശിയായ ശിവപ്രസാദ്-ഗോപിക ദമ്പതിമാര്‍ക്കാണ് ഒരാണ്‍കുഞ്ഞ് പിറന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. തുടക്കം മുതല്‍ ഗോപിക ഇവിടെയാണ് ചികില്‍സ തേടിയിരുന്നത്.
ആയുര്‍വേദ രംഗത്ത് പ്രസവ, സ്ത്രീരോഗ സംബന്ധമായ ചികില്‍സാ സാധ്യതകള്‍ക്ക് ഇത് ആക്കം കൂട്ടുമെന്ന് ആരോഗ്യ സാമൂഹികനീതി മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഒരു കോടി രൂപ മുതല്‍മുടക്കിയാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ലേബര്‍ റൂം, സാധാരണ പ്രസവത്തിനു പുറമേ അത്യാവശ്യ ഘട്ടങ്ങളില്‍ സിസേറിയന്‍ ചെയ്യാനുള്ള ഓപറേഷന്‍ തിയേറ്റര്‍ എന്നിവ ഇവിടെ സജ്ജമാക്കിയത്.
ലേബര്‍ റൂമിന്റെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിന് അനസ്തീസ്യ വിദഗ്ധന്‍, സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍, ഓപറേഷന്‍ തിയേറ്റര്‍ ടെക്‌നീഷ്യന്‍, സിഎസ്ആര്‍ ടെക്‌നീഷ്യന്‍ തുടങ്ങി 29 തസ്തികകളും അനുവദിച്ചു. ലേബര്‍ റൂമും സര്‍ജറി തിയേറ്ററും സജ്ജമായതോടെ ഈ പ്രദേശത്തെ അനേകം ഗര്‍ഭിണികള്‍ക്കും സ്ത്രീകളായ രോഗികള്‍ക്കും ഇതൊരു ആശ്രയകേന്ദ്രമായി മാറുമെന്നും മന്ത്രി വ്യക്തമാക്കി.

RELATED STORIES

Share it
Top