നുണകളുടെ അലിയാത്ത മഞ്ഞുപാളികള്‍

ചോരപുരണ്ട പോപ്ലാര്‍ തൈകള്‍ - 2


കെ എ സലിം

ഒന്നിനുപിറകെ ഒന്നായി അടുക്കി വച്ച നുണകളുടെ മഞ്ഞുപാളികള്‍ക്കുള്ളിലാണു കുനാന്‍-പോഷ്‌പോര കേസിനെ സൈന്യം കുഴിച്ചുമൂടിയത്. ഗ്രാമത്തില്‍ സായുധസംഘങ്ങളുടെ സാന്നിധ്യമുണ്ടെന്നു രഹസ്യവിവരം കിട്ടിയെന്നതായിരുന്നു ആദ്യ നുണ. കുനാനും പോഷ്‌പോരയും രണ്ടു ഗ്രാമങ്ങളാണ്. രണ്ടിനുമിടയില്‍ 100 മീറ്റര്‍ മാത്രം അകലം. 23നു കാലത്താണ് ഓപറേഷന്‍ ആസൂത്രണം ചെയ്യുന്നത്. ഫെബ്രുവരി 23ന് കാലത്ത് 4 രജപുത്താന റൈഫിള്‍സിലെ കമാന്‍ഡിങ് ഓഫിസര്‍ ആല്‍ഫ്, ഡെല്‍റ്റ കമ്പനികളോട് ഗ്രാമം വളയാനും ബ്രാവോ ചാര്‍ലി കമ്പനികളോട് വീടുകയറി പരിശോധന നടത്താനും നിര്‍ദേശിക്കുന്നു. മേജര്‍ ജത്‌റാന, മേജര്‍ ഹൊഷിയാര്‍ സിങ്, മേജര്‍ അശോക് മാത്തൂര്‍ എന്നിവരായിരുന്നു സൈന്യത്തെ നയിച്ചത്.

കേണല്‍ കെ എസ് ദലാലിനായിരുന്നു മേല്‍നോട്ടച്ചുമതല. റെജിമെന്റ് മെഡിക്കല്‍ ഓഫിസര്‍ ക്യാപ്റ്റന്‍ ശ്യാം സുന്ദറായിരുന്നു സംഘത്തിലെ മറ്റൊരാള്‍. ട്രഹ്ഗാമിലുള്ള ക്യാംപില്‍ നിന്നു കാലത്ത് ഒമ്പതിനാണു സൈന്യം പുറപ്പെടുന്നത്. നാലു കിലോമീറ്റര്‍ മാത്രം ദൂരമുള്ള കുനാന്‍-പോഷ്‌പോരയിലേക്ക് 24നു പുലര്‍ച്ചെ ഒരു മണിക്കാണു തങ്ങളെത്തുന്നതെന്നാണു സൈന്യം പറയുന്നത്. രാത്രി രേണ്ടാടെ പരിശോധന തുടങ്ങിയെന്നും പുലര്‍ച്ചെ അവസാനിപ്പിച്ചെന്നുമാണു സൈന്യത്തിന്റെ വാദം. ഇതു മറ്റൊരു നുണ. എന്നാല്‍ രാത്രി 10 മുതല്‍ സൈന്യം ഗ്രാമം വളഞ്ഞിരുന്നു. അക്രമവും ബലാല്‍സംഗവും തുടങ്ങിയത് 23നു രാത്രി 10.30 മുതലാണെന്ന് ഇരകള്‍ നല്‍കിയ മൊഴിയിലുണ്ട്. ബലാല്‍സംഗവും പീഡനവും നടക്കുമ്പോഴും സൈനകര്‍ക്കു കമാന്‍ഡിങ് ഓഫിസറില്‍ നിന്ന് വയര്‍ലെസ് വഴി നിര്‍ദേശങ്ങള്‍ കിട്ടിക്കൊണ്ടിരുന്നു.

കുനാന്‍-പോഷ്‌പോരയില്‍ അന്നു രാത്രി എന്തു നടന്നുവെന്നു ദിവസങ്ങളോളം പുറംലോകമറിഞ്ഞില്ല. ആരും ഗ്രാമത്തിലേക്കു വന്നില്ല. ആരും പുറത്തേക്കും പോയില്ല. ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്നായിരുന്നു സൈന്യത്തിന്റെ ഭീഷണി. ഭീഷണിയോര്‍മിപ്പിക്കാന്‍ സൈനിക ഉദ്യോഗസ്ഥര്‍ ഇടയ്ക്കിടെയെത്തി. ബലാല്‍സംഗം ചെയ്യപ്പെട്ടവരില്‍ രണ്ടു പേര്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളായിരുന്നു.

[caption id="attachment_426408" align="alignnone" width="716"] പീഡനത്തിനും ബലാല്‍സംഗത്തിനും ഇരയായതായി ചൂണ്ടിക്കാട്ടി 1991 ഫെബ്രുവരി 25, 26 തിയ്യതികളിലായി കുനാന്‍-പോഷ്‌പോര ഗ്രാമവാസികള്‍ പോലിസിന് നല്‍കിയ പരാതി[/caption]

രക്തസ്രാവം നിര്‍ത്താനാവാതായതോടെ ഗ്രാമത്തിലെ മെഡിക്കല്‍ ഷോപ്പ് ഉടമ ചില മരുന്നുകള്‍ നല്‍കി. ആളുകള്‍ പരസ്പരം പരിചരിച്ചു. കുപ്‌വാരയിലായിരുന്നു ഏറ്റവും അടുത്തുള്ള ആശുപത്രി. ആരെയും അവിടേക്കു പോവാന്‍ സൈന്യം സമ്മതിച്ചില്ല. 26നു ഗ്രാമത്തിലെ ചൗക്കിദാറായ ജുമ്മാ ശെയ്ഖാണ് അവിടെ നടന്ന സംഭവങ്ങള്‍ കുപ്‌വാര ഡെപ്യൂട്ടി കമ്മീഷണര്‍ എസ് എം യാസീന്‍ അന്ദറാബിയെയും സീനിയര്‍ പോലിസ് സൂപ്രണ്ടിനെയും അറിയിക്കുന്നത്.

മാര്‍ച്ച് നാലിനു റിപോര്‍ട്ട് ഫയലില്‍ സ്വീകരിച്ച ഡപ്യൂട്ടി കമ്മീഷണര്‍ തൊട്ടടുത്ത ദിവസം ഗ്രാമത്തില്‍ സന്ദര്‍ശനം നടത്തി. സ്ത്രീകളുടെ ചോരപുരണ്ട കീറിയ വസ്ത്രങ്ങളും സൈനികര്‍ വലിച്ചെറിഞ്ഞ കാലിയായ മദ്യക്കുപ്പികളും അപ്പോഴും അവിടെയുണ്ടായിരുന്നു. ജീവച്ഛവമായ ഇരകള്‍ തങ്ങള്‍ക്കെന്തു സംഭവിച്ചെന്നു തുറന്നുപറഞ്ഞു. ഗ്രാമവാസികള്‍ ക്രൂരമായ ബലാല്‍സംഗത്തിനും പീഡനത്തിനും വിധേയമായതായി ഒറ്റനോട്ടത്തില്‍ വ്യക്തമാണെന്ന് ഇതു സംബന്ധിച്ച് ഡപ്യൂട്ടി കമ്മീഷണര്‍ കൊടുത്ത റിപോര്‍ട്ടിലുണ്ട്. റിപോര്‍ട്ട് മാര്‍ച്ച് ഏഴിനു ഡിവിഷനല്‍ കമ്മീഷണര്‍ വജാഹത്ത് ഹബീബുല്ലയ്ക്ക് അയച്ചു. ഇതിന്റെ കോപ്പി മറ്റ് ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിരുന്നു. ഈ റിപോര്‍ട്ടായിരുന്നു കേസിലെ ആദ്യത്തെ എഫ്‌ഐആര്‍.

എല്ലാം നിഷേധിച്ച സൈന്യം ആഭ്യന്തര അന്വേഷണത്തിന് 19 ആര്‍ട്ടിലറി കമാന്‍ഡര്‍ ബ്രിഗേഡിയര്‍ എച്ച് കെ ശര്‍മയെ നിയോഗിച്ചു. മാര്‍ച്ച് 10നു ഗ്രാമത്തിലെത്തിയ ശര്‍മ ഗ്രാമവാസികളുമായും മറ്റും സംസാരിച്ചു. ബലാല്‍സംഗമുണ്ടായില്ലെന്നും ആരോപണങ്ങളെല്ലാം സൈന്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ളതാണെന്നുമായിരുന്നു ശര്‍മയുടെ റിപോര്‍ട്ട്. ബലാല്‍സംഗം നടന്നിരുന്നെങ്കില്‍ സ്ത്രീകള്‍ ഉടന്‍ വൈദ്യസഹായം തേടുമായിരുന്നുവെന്നും അതുണ്ടായില്ലെന്നും ശര്‍മ വാദിച്ചു. മാര്‍ച്ച് 18ന് ഡിവിഷനല്‍ കമ്മീഷണര്‍ വജാഹത്ത് ഹബീബുല്ല ലഫ്റ്റനന്റ് കേണല്‍ നഈം ഫാറൂഖി, ബിഎസ്എഫ് ഡിവിഷണല്‍ കമാന്‍ഡര്‍ ത്യാഗി എന്നിവര്‍ക്കൊപ്പം കുനാന്‍- പോഷ്‌പോരയിലെത്തി.

സ്ത്രീകളെ അക്രമിക്കാനായി മാത്രം സൈന്യത്തെ കമാന്‍ഡര്‍മാര്‍ ഗ്രാമത്തിലേക്ക്അയച്ചെന്നു വിശ്വസിക്കാനാവില്ലെന്നും സൈന്യം പറയുന്നതാണു വിശ്വാസത്തിലെടുക്കേണ്ടതെന്നുമായിരുന്നു അവരുടെ റിപോര്‍ട്ടിലെ കാതല്‍. തുടര്‍ന്ന് അന്വേഷണത്തിന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയെ നിയോഗിച്ചു. മലയാളിയായ ബി ജി വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തിയത്. ബലാല്‍സംഗം ഉണ്ടായെന്നതു കള്ളമാണെന്നും സ്ത്രീകള്‍ സ്വയം സ്തനത്തിലും ശരീരഭാഗങ്ങളിലും പരിക്കേല്‍പ്പിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തതാണെന്നുമായിരുന്നു പ്രസ് കൗണ്‍സില്‍ സംഘത്തിന്റെ വിചിത്രമായ കണ്ടെത്തല്‍.

ബലാല്‍സംഗമുണ്ടായെന്ന ബ്ലോക്ക് മെഡിക്കല്‍ ഓഫിസറുടെ റിപോര്‍ട്ട് തള്ളിയ സംഘം സ്ത്രീകളുടെ രഹസ്യഭാഗങ്ങളിലെ മുറിവുകള്‍ കംഗഡി (തണുപ്പുകാലത്ത് ശരീരം ചൂടാക്കാന്‍ കനല്‍ നിറച്ച് ശരീരത്തോട് ചേര്‍ത്ത് പിടിക്കുന്ന ചെറിയ കുട്ട) കെട്ടിപ്പിടിച്ചതു കൊണ്ടുണ്ടായതാണെന്ന പുതിയൊരു കണ്ടുപിടിത്തവും നടത്തി. എന്നാല്‍ അന്വേഷണം നടത്തിയ ജമ്മുകശ്മീര്‍ പോലിസ് തെളിവുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കിയതിന്റെ അടിസ്ഥാനത്തില്‍ ബലാല്‍സംഗവും പീഡനവും നടന്നതായി കണ്ടെത്തി. പ്രതികളെ അറസ്റ്റ് ചെയ്യുകയും തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കുകയും ചെയ്യണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ റിപോര്‍ട്ട് നല്‍കി.

ഇതിനിടെ ഇടപെട്ട ഡിജിപി പുതിയ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് അതിനായി ഐപിഎസുകാരനായ ദല്‍ബീര്‍ സിങിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 22ന് പ്രത്യേക അന്വേഷണ സംഘം വന്നു. അന്വേഷണ സംഘത്തിനു മുന്നില്‍ ഓപറേഷനില്‍ പങ്കാളികളായ 125 സൈനികരെ ഹാജരാക്കിയ സൈന്യം കുനാന്‍-പോഷ്‌പോരയില്‍ നിന്ന് പിടിച്ചെടുത്തതെന്ന് അവകാശപ്പെട്ട് ആയുധങ്ങളും പ്രദര്‍ശിപ്പിച്ചു. ആദ്യമായിരുന്നു അത്. ഇത്രയും നാള്‍ ആയുധം പിടിച്ചതായി സൈന്യം അവകാശവാദം ഉന്നയിച്ചിരുന്നില്ല. സൈന്യം ഹാജരാക്കിയ മറ്റൊന്നു ഗ്രാമവാസികളെ ഭീഷണിപ്പെടുത്തി ഒപ്പിട്ടു വാങ്ങിയ പീഡനമുണ്ടായില്ലെന്ന സര്‍ട്ടിഫിക്കറ്റായിരുന്നു.

നാളെ: പേരിനു ചില അന്വേഷണങ്ങള്‍

ചോരപുരണ്ട പോപ്ലാര്‍ തൈകള്‍ - 1

RELATED STORIES

Share it
Top