നീല്‍ ആംസ്‌ട്രോങ്

1969 ജൂലൈ 20നാണ് നാസയുടെ അപ്പോളോ 11 ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങിയത്. ആദ്യമായി പുറത്തിറങ്ങിയത് നീല്‍ ആംസ്‌ട്രോങ്. സംഭവത്തിന്റെ 50ാം വാര്‍ഷികം അടുത്തുവരുകയാണ്. ആദ്യ ചാന്ദ്രയാത്രയുടെ ഓര്‍മകള്‍ പുതുക്കുന്ന സമയം. ആദ്യ യാത്രികനായ നീല്‍ ആംസ്‌ട്രോങിന്റെ കുടുംബവും അതില്‍ പങ്കെടുക്കുന്നുണ്ട്. അദ്ദേഹത്തിനു രണ്ടു മക്കളായിരുന്നു. അന്ന് 12കാരനായ മൂത്തമകന്‍ റിക്ക്, അഞ്ചു വയസ്സുകാരനായ ഇളയവന്‍ മാര്‍ക്ക്.
ചാന്ദ്രയാത്രയില്‍ പിതാവ് ഉപയോഗിച്ചതും കൊണ്ടുവന്നതുമായ ഉപകരണങ്ങളും കത്തുകളുമൊക്കെ ലേലത്തില്‍ വില്‍ക്കാനാണ് സഹോദരങ്ങളുടെ പരിപാടി. അതൊക്കെ ഇന്നു വിപണിയില്‍ വലിയ കൗതുകമുണര്‍ത്തുന്ന വസ്തുക്കളാണ്. രസകരമായ സംഗതി ചാന്ദ്രയാത്രയ്ക്കു പോവുന്ന ബഹിരാകാശ യാത്രികര്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ ആരും അന്നു പരിരക്ഷ നല്‍കാന്‍ തയ്യാറായിരുന്നില്ല എന്നതാണ്. യാത്ര അപകടത്തിലായാല്‍ ബഹിരാകാശയാത്രികരുടെ കുടുംബങ്ങള്‍ കുഴപ്പത്തിലാവും. അതിനാല്‍ പോവും മുമ്പ് പ്രത്യേക കാര്‍ഡുകളിലും ചിത്രങ്ങളിലും അവര്‍ ഒപ്പിട്ടിരുന്നു. തിരിച്ചുവന്നില്ലെങ്കില്‍ കുടുംബങ്ങള്‍ക്ക് അതു ലേലത്തില്‍ വച്ചു ജീവിക്കാനുള്ള വഴി കണ്ടെത്താം.
നീല്‍ ആംസ്‌ട്രോങിന്റെ കുടുംബത്തിന് അന്ന് അത് ആവശ്യമായിവന്നില്ല. അരനൂറ്റാണ്ടു കഴിഞ്ഞ് അതു ലേലത്തിനു വയ്ക്കുമ്പോള്‍ ലോകചരിത്രത്തിലെ ഒരു സുപ്രധാന അധ്യായമാണു വില്‍പനയ്‌ക്കെത്തുന്നത്.

RELATED STORIES

Share it
Top